SignIn
Kerala Kaumudi Online
Wednesday, 09 September 2026 4.06 PM IST

എ.കെ.ജി സെന്റർ ആക്രമണം: പ്രതി 3 ദിവസം ക്രൈംബ്രാഞ്ച് കസ്റ്റഡിയിൽ

akg

 കുറ്റം ഏറ്റെടുക്കാൻ ഭീഷണിപ്പെടുത്തിയെന്ന് ജിതിൻ

തിരുവനന്തപുരം: എ.കെ.ജി സെന്റർ ആക്രമിച്ച കേസിലെ പ്രതി യൂത്ത് കോൺഗ്രസ് ആറ്റിപ്ര മണ്ഡലം പ്രസിഡന്റ് ജിതിനെ (31) മൂന്നുദിവസം ക്രൈെംബ്രാഞ്ചിന്റെ കസ്റ്റഡിയിൽ വിട്ട് ജുഡിഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് (3) എസ്. അഭിനിമോൾ ഉത്തരവിട്ടു. അഞ്ച് ദിവസം കസ്റ്റഡിയിൽ വേണമെന്ന ആവശ്യം കോടതി തള്ളി. ആക്രമണ സമയത്ത് പ്രതി ധരിച്ചിരുന്ന വസ്ത്രങ്ങൾ, ഷൂസ്, ബോംബുമായെത്തിയ സ്‌കൂട്ടർ എന്നിവ കണ്ടെത്തേണ്ടതുണ്ടെന്നും ബോംബിന്റെ ഉറവിടവും ഗൂഢാലോചനയിലുമടക്കം മറ്റാർക്കൊക്കെ പങ്കുണ്ടെന്നും കണ്ടെത്തണമെന്നും പ്രോസിക്യൂഷൻ കോടതിയിൽ പറഞ്ഞു.

150 സി.സി ടിവി ദൃശ്യങ്ങൾ പരിശോധിച്ചിട്ടും തുമ്പ് കിട്ടാതിരുന്ന അന്വേഷണ സംഘത്തിന് പ്രതി ധരിച്ചിരുന്ന ടീ ഷർട്ടും ഷൂസും ഏത് കമ്പനിയുടേതാണെന്ന് കണ്ടെത്താനായ കഥ ഏറെ രസകരമാണെന്ന് പ്രതിഭാഗം പറഞ്ഞു. പ്രോസിക്യൂഷന്റെ രാഷ്ട്രീയ നാടകത്തിന് കോടതി കൂട്ടുനിൽക്കരുതെന്നും പ്രതിഭാഗം ആവശ്യപ്പെട്ടു. സംഭവം നടന്ന് 82 ദിവസത്തിന് ശേഷം യൂത്ത് കോൺഗ്രസ് നേതാവാണ് പ്രതിയെന്ന്

പൊലീസ് തിരിച്ചറിഞ്ഞപ്പോൾ മൂന്നാമത്തെ മിനി​റ്റിൽ എൽ.ഡി.എഫ് കൺവീനർ ഇ.പി. ജയരാജൻ പ്രതി കോൺഗ്രസുകാരനാണെന്ന് പ്രസ്താവന നടത്തിയിരുന്നതായി പ്രതിഭാഗം കോടതിയെ ധരിപ്പിച്ചു. പ്രതിയുടെ ജാമ്യ ഹർജി കോടതി 26 ന് പരിഗണിക്കും. പ്രോസിക്യൂഷന് വേണ്ടി സീനിയർ എ.പി.പി ഉമ നൗഷാദും പ്രതിക്കുവേണ്ടി മൃദുൽ ജോൺ മാത്യുവും ഹാജരായി.

കഞ്ചാവ് കേസിൽ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി

പൊലീസ് ബലം പ്രയോഗിച്ച് കു​റ്റം സമ്മതിപ്പിച്ചതാണെന്ന് ഇന്നലെ ജനറലാശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചപ്പോൾ ജിതിൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. കഞ്ചാവുകേസിൽ കുടുക്കുമെന്നായിരുന്നു ഭീഷണി. താൻ കു​റ്റം ചെയ്തിട്ടില്ല. തന്റെ കൂടെയുള്ളവരെ പലരെയും കേസിൽ പെടുത്തുമെന്നും പൊലീസ് ഭീഷണിപ്പെടുത്തി. കെ.പി.സി.സി ഓഫീസ്, രാഹുൽ ഗാന്ധിയുടെ വയനാട്ടിലെ ഓഫീസ് എന്നിവ ആക്രമിച്ചതിന്റെ പ്രതികാരമായാണ് എ.കെ.ജി സെന്റർ ആക്രമിച്ചതെന്ന് ജിതിൻ സമ്മതിച്ചതായി ക്രൈംബ്രാഞ്ചിന്റെ റിമാൻഡ് റിപ്പോർട്ടിലുണ്ടായിരുന്നു. കസ്റ്റഡിയിൽ ലഭിച്ച ജിതിനെ ക്രൈംബ്രാഞ്ച് വിശദമായി ചോദ്യം ചെയ്യും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: AKG
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA