SignIn
Kerala Kaumudi Online
Tuesday, 29 November 2022 8.15 PM IST

ഹർത്താലുകളെ ഉരുക്കുമുഷ്ടികൊണ്ട് ആര് നേരിടും ?

photo

പോപ്പുലർ ഫ്രണ്ട് ഹർത്താലിനെതിരെ കഴിഞ്ഞ ദിവസം ഹൈക്കോടതി സ്വമേധയാ കേസ് എടുത്തതും ഹർത്താലിനെ ഉരുക്കുമുഷ്ടികൊണ്ട് നേരിടണമെന്ന കോടതി നിർദ്ദേശവും ഏറെ ശ്രദ്ധേയമാണ്. ഒരു സാമൂഹ്യ വിപത്തിനെ നേരിടാൻ കോടതിതന്നെ സർക്കാരിനോട് ആഹ്വാനം ചെയ്യുകയാണ്. എന്നാൽ അത് എത്രത്തോളം നടപ്പാകുമെന്നതാണ് ചോദ്യം. അസ്വീകാര്യമായ കാര്യങ്ങളാണ് നടക്കുന്നതെന്നും പൊതുമുതൽ നശിപ്പിക്കുന്നത് അവസാനിപ്പിക്കാൻ കഴിയണമെന്നും കോടതി നിർദ്ദേശിച്ചു. മിന്നൽ ഹർത്താൽ പാടില്ലെന്ന് ഹൈക്കോടതി നിർദേശിച്ചിട്ടും സംസ്ഥാനത്ത് ഹർത്താലിനും അക്രമങ്ങൾക്കും കുറവില്ലാത്ത സാഹചര്യത്തിലാണ് കോടതിയുടെ ഇത്തരമൊരു ഇടപെടൽ. ആഹ്വാനം ചെയ്തും ചെയ്യാതെയും ഈ വർഷം 17 ഹർത്താലാണ് സംസ്ഥാനത്തുണ്ടായത്. ജനജീവിതം തടസ്സപ്പെടുത്തുന്ന ഹർത്താൽ ഒഴിവാക്കുന്നതിനെക്കുറിച്ച് രാഷ്ട്രീയ പാർട്ടികളുമായി ചർച്ചയുണ്ടാകുമെന്ന് സർക്കാർ പ്രഖ്യാപിച്ചെങ്കിലും നടപടിയുണ്ടായില്ല. ഈവർഷം മാർച്ചിൽ മൂന്നു ഹർത്താലും രണ്ടു ദിവസം ദേശീയ പണിമുടക്കും നടത്തി. ആലത്തൂർ താലൂക്കിൽ യുവമോർച്ച പ്രവർത്തകൻ കുത്തേറ്റു മരിച്ചതിനെ തുടർന്നായിരുന്നു ഈ വർഷത്തെ ആദ്യ ഹർത്താൽ. കെ–റെയിൽ പ്രതിഷേധത്തിനെതിരായ പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് ചങ്ങനാശേരിയിലും മഞ്ചേരി നഗരസഭ കൗൺസിലർ കൊല്ലപ്പെട്ടതിന്റെ പേരിൽ മഞ്ചേരി നഗരസഭയിലും ഹർത്താൽ ഉണ്ടായി. പേപ്പാറ വന്യജീവി സങ്കേതങ്ങൾക്ക് ചുറ്റുമുള്ള പ്രദേശം സംരക്ഷിത മേഖലയാക്കുന്നതിനെതിരെ അമ്പൂരി ആക്ഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ അമ്പൂരി പഞ്ചായത്തിൽ ഏപ്രിലിൽ ഹർത്താൽ നടന്നു. ആലപ്പുഴ ചാരുംമൂട്ടിൽ കോൺഗ്രസ് ഓഫീസുകൾക്കു നേരെയുള്ള അക്രമത്തിൽ പ്രതിഷേധിച്ചായിരുന്നു നൂറനാട്, പാറമേൽ, ചുനക്കര, താമരക്കുളം, തഴക്കര പഞ്ചായത്തുകളിലെ ഹർത്താൽ. ജൂണിൽ ആറു ഹർത്താലുണ്ടായി. സംരക്ഷിത വനമേഖലയ്ക്കു ചുറ്റും ഒരു കിലോമീറ്റർ പരിസ്ഥിതിലോല മേഖലയായി നിലനിറുത്തണമെന്ന സുപ്രീംകോടതി ഉത്തരവിനെതിരെ പത്തനംതിട്ടയിലെ ഏഴ് പഞ്ചായത്തിൽ കോൺഗ്രസ് ഹർത്താൽ നടത്തി. പരിസ്ഥിതിലോല പ്രശ്നത്തിൽ കേന്ദ്ര ഇടപെടൽ ആവശ്യപ്പെട്ട് എൽ.ഡി.എഫ് ഇടുക്കി ജില്ലയിലും കോഴിക്കോട് ജില്ലയിലെ മലയോര മേഖലയിലും പാലക്കാട് ജില്ലയിലെ 14 വില്ലേജുകളിലും തൃശൂർ ജില്ലയിലെ 11 വില്ലേജുകളിലും ഹർത്താൽ നടത്തി. ഇതേ വിഷയത്തിൽ ഇടുക്കി, വയനാട് ജില്ലകളിൽ യു.ഡി.എഫ് ഹർത്താൽ നടത്തി. മലിനജല ശുദ്ധീകരണ പ്ലാന്റിനെതിരെ ജനകീയ സമരസമിതി കോഴിക്കോട് വെള്ളയിൽ ജൂലൈയിൽ ഹർത്താൽ ആചരിച്ചു. ആളിയാർ ഡാമിൽനിന്ന് വെള്ളം കൊണ്ടു പോകുന്നതിനെതിരെ ചിറ്റൂർ, നെന്മാറ നിയോജക മണ്ഡലങ്ങളിൽ ഓഗസ്റ്റിൽ ഹർത്താലുണ്ടായി. ലോക്കൽകമ്മിറ്റി അംഗത്തെ വെട്ടിക്കൊലപ്പെടുത്തിയതിൽ പ്രതിഷേധിച്ച് പാലക്കാട് മരുതക്കോട് പഞ്ചായത്തിൽ സി.പി.എം ഹർത്താൽ നടത്തി. മിന്നൽ ഹർത്താലുകൾക്കെതിരെ 2019 ജനുവരിയിലാണ് ഹൈക്കോടതി വിധി പ്രഖ്യാപിച്ചത്. ഹർത്താലിന് ആഹ്വാനം ചെയ്യുന്ന രാഷ്ട്രീയ പാർട്ടികളും വ്യക്തികളും ഏഴ് ദിവസം മുൻപ് നോട്ടീസ് നൽകണമെന്നായിരുന്നു ഹൈക്കോടതി ഉത്തരവ്. ഹർത്താൽ, സമരാഹ്വാനങ്ങളോട് എതിർപ്പുള്ളവർക്കു കോടതിയെ സമീപിക്കാനും നിയമസാധുത പരിശോധിക്കാനും അവസരം നൽകാനാണ് ഇതെന്നു കോടതി ചൂണ്ടിക്കാട്ടി.

പൗരന്റെ താത്‌പര്യങ്ങൾ സംരക്ഷിക്കാനുള്ള മുൻകരുതൽ സ്വീകരിക്കാൻ ഇതിലൂടെ സർക്കാരിനു സാവകാശം ലഭിക്കുമെന്നും മുൻകൂർ നോട്ടീസ് ഇല്ലാതെ ഹർത്താൽ ആഹ്വാനം നടത്തുന്നവർക്കെതിരെ കോടതിയലക്ഷ്യ നടപടിക്കു പുറമേ നാശനഷ്ടങ്ങളുടെ ബാദ്ധ്യത ചുമത്താനും കഴിയുമെന്നും കോടതി വ്യക്തമാക്കി. ജനജീവിതം സ്തംഭിപ്പിക്കുന്ന ഹർത്താലുകളും സമരങ്ങളും നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കേരള ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രി, തൃശൂരിലെ മലയാളവേദി തുടങ്ങിയവർ സമർപ്പിച്ച ഹർജികളിലാണ് ചീഫ് ജസ്റ്റിസ് ഹൃഷികേശ് റോയ്, ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടത്.

ഹർത്താലിനോട് അനുഭാവമില്ലാത്തവരുടെ മൗലികാവകാശങ്ങൾ ഹർത്താൽ മൂലം ഹനിക്കപ്പെടരുതെന്നു കോടതി നിർദേശിച്ചിരുന്നു. ഹർത്താലിൽ പങ്കെടുക്കാത്തവർക്കു സംരക്ഷണം ഉറപ്പാക്കാൻ ജില്ലാധികൃതർ മുഖേന സർക്കാർ മുൻകരുതലെടുക്കണം. ജീവിക്കാനും തൊഴിലെടുക്കാനും മറ്റുള്ളവർക്കുള്ള അവകാശങ്ങൾ മാനിക്കണം. പ്രളയത്തിൽ പാടേ തകർന്ന കേരളത്തിന്റെ സാമ്പത്തിക സ്ഥിതിയിൽ ഹർത്താൽ വിനോദസഞ്ചാര മേഖലയ്ക്കുണ്ടാക്കുന്ന നഷ്ടം കൂടി താങ്ങാൻ വയ്യെന്നു ഹൈക്കോടതി പറഞ്ഞു.

ഹർത്താൽ അക്രമങ്ങളുടെ പശ്ചാത്തലത്തിൽ വിവിധ രാജ്യങ്ങൾ കേരളത്തിലെത്തുന്ന അവരുടെ പൗരന്മാർക്കു മുന്നറിയിപ്പു നൽകിയത് അവഗണിക്കാനാവില്ല. ഹർത്താലിനെതിരായ ജനവികാരം ആരും കാണുന്നില്ലേ എന്നും വാദത്തിനിടെ കോടതി പരാമർശം നടത്തി. സർക്കാർ നടപടികൾ കടലാസിൽ മാത്രം പോരാ. ഹൈക്കോടതി ഫുൾബെഞ്ചിന്റെയും സുപ്രീം കോടതിയുടെയുമൊക്കെ വിധിന്യായങ്ങളുണ്ടായിട്ടും കോടതിയുടെ മൂക്കിനു താഴെ അക്രമങ്ങൾ അരങ്ങേറുന്നത് അനുവദിക്കാനാകില്ലെന്നും വ്യാപാരികൾ മാത്രമല്ല, അന്നന്നത്തെ ആഹാരത്തിനു പണിയെടുക്കുന്നവരൊക്കെ നിസ്സഹായരാണെന്നും കോടതി പറഞ്ഞു. ബന്ദിന് ആഹ്വാനം ചെയ്യുന്നത് ഭരണഘടനാ വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് ഹൈക്കോടതി ഫുൾ ബെഞ്ച് പ്രഖ്യാപിച്ചത് 1997ലാണ്. ബന്ദ് പൗരന്റെ മൗലികമായ അവകാശങ്ങൾ തടയുന്നതായി ജസ്റ്റിസുമാരായ കെ.ജി.ബാലകൃഷ്ണൻ, പി.കെ.ബാലസുബ്രഹ്മണ്യം, ജെ.ബി. കോശി എന്നിവരടങ്ങളിയ ഫുൾ ബെഞ്ച് പറഞ്ഞു. ബന്ദ് എന്നാൽ എല്ലാ പ്രവർത്തനങ്ങളും നിറുത്തിവയ്ക്കുക എന്നാണ് ഉദ്ദേശിക്കുന്നതെന്നും ബന്ദ് ദിവസം വാഹനവുമായി പുറത്തിറങ്ങുന്നവർ അക്രമിക്കപ്പെടുന്നതു സാധാരണമാണെന്നും കോടതി ഉത്തരവിൽ ചൂണ്ടിക്കാട്ടി.

ബന്ദ് അനുകൂലികൾ ചെയ്യുന്ന പ്രവൃത്തികൾക്ക് ഉത്തരവാദികളല്ലെന്നു പറഞ്ഞ് നേതാക്കൾക്കു രക്ഷപ്പെടാനാകില്ല. ബന്ദ് സംബന്ധിച്ചു തീരുമാനമെടുക്കാൻ ഹൈക്കോടതിക്ക് അധികാരമില്ലെന്ന സി.പി.എം, സി.പി.ഐ പാർട്ടികളുടെ വാദം കോടതി തള്ളി. ബന്ദ് പ്രഖ്യാപനം മൗലികാവകാശമാണെന്ന നിലപാടാണ് ഇരുപാർട്ടികളും സ്വീകരിച്ചത്. ഹൈക്കോടതി വിധിക്കെതിരെ സി.പി.എം സമർപ്പിച്ച ഹർജി സുപ്രീംകോടതി ഫയലിൽ സ്വീകരിച്ചില്ല. ബന്ദ് ആഹ്വാനം ചെയ്യാനോ നടപ്പിലാക്കാനോ ആർക്കും അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: HARTAL
KERALA KAUMUDI EPAPER
TRENDING IN OPINION
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.