SignIn
Kerala Kaumudi Online
Thursday, 19 February 2026 4.56 AM IST

അശോകന് തലസ്ഥാനം വിടചൊല്ലി

Increase Font Size Decrease Font Size Print Page

സിനിമയെ സ് നേഹിച്ച സംവിധായകൻ അശോകൻ

mm

വർക്കല എസ്.എൻ കോളേജിൽ പ്രീഡിഗ്രിക്കു പഠിക്കുമ്പോഴാണ് വർക്കലകാരൻ അശോക് കുമാറും ഇടവക്കാരൻ താഹയും സുഹൃത്തുക്കളാവുന്നത്. ഇരുവരെയും കൂട്ടുകാരാക്കിയത് സിനിമയായിരുന്നു. ക്ളാസ് കട്ട് ചെയ്ത് വർക്കലയിലെ തിയേറ്ററുകളിൽ രണ്ടുപേരും സിനിമ കണ്ടു. അക്കാലത്തെ ഹിറ്റ്‌മേക്കർ സംവിധായകൻ ശശികുമാറിനെ ഗുരുവായി അശോക് കുമാർ കണ്ടു. കോളേജ് പഠനശേഷം അശോക് കുമാറും താഹയും വഴിപിരിഞ്ഞു. ശശികുമാറിന്റെ ശിഷ്യനായി അശോക് കുമാർ മാറി. നസീറും മമ്മൂട്ടിയും മോഹൻലാലും തകർത്തഭിനയിച്ച ശശികുമാർ സിനിമകളുടെ കാലമായിരുന്നു അപ്പോൾ. ആട്ടക്കലാശം, എന്റെ കാണാക്കുയിൽ, സ്വന്തമെവിടെ ബന്ധമെവിടെ ഉൾപ്പടെ ശശികുമാർ ചിത്രങ്ങളിൽ അശോക് കുമാർ സഹായിയായി. നൂറിലധികം ചിത്രങ്ങളിലാണ് അശോക് കുമാർ സഹസംവിധായകനായി പ്രവർത്തിച്ചത്. 1989ൽ ജയറാമും, സുരേഷ് ഗോപിയും രഞ്ജിനിയും അഭിനയിച്ച വർണം എന്ന സൈക്കോളജിക്കൽ ചിത്രത്തിലൂടെ അശോക് കുമാർ അശോകൻ എന്ന പേരിൽ സ്വതന്ത്ര സംവിധായകനായി. ചിത്രത്തിന്റെ രചനയും അശോകൻ തന്നെ. താഹയുമായി ചേർന്നാണ് രണ്ടാമത്തെ ചിത്രമായ സാന്ദ്രം. സിദ്ധിഖ് ലാൽമാരെ പോലെ ഇരട്ട സംവിധായകരുടെ ജനനം കൂടിയായിരുന്നു അത്. സാന്ദ്രത്തിൽ സുരേഷ് ഗോപിയും പാർവതിയും പ്രധാന വേഷം അവതരിപ്പിച്ചു. രചനയും അശോകനും താഹയും ചേർന്ന്. 1991ൽ മൂക്കില്ലാ രാജ്യത്ത് എന്ന കോമഡി ചിത്രം ചരിത്രവിജയം തന്നെ നേടി. മുകേഷും തിലകനും ജഗതി ശ്രീകുമാറും സിദ്ദിഖും തകർത്തഭിനയിച്ച മൂക്കില്ലാ രാജ്യത്ത് ഇപ്പോൾ ചാനലുകളിൽ വരുമ്പോൾ അശോകൻ - താഹ കൂട്ടുകെട്ടിനെയും പ്രേക്ഷകർ ഓർക്കാറുണ്ട്.

മൂക്കില്ലാ രാജ്യത്തിനുശേഷം അശോകനും താഹയും വഴിപിരിഞ്ഞു. തിലകനും, സുരേഷ് ഗോപിയും ശ്രീനിവാസനും പ്രധാന വേഷങ്ങളിൽ എത്തിയ ആചാര്യൻ ആയിരുന്നു അശോകൻ ചിത്രം. വാരഫലം എന്ന ഹിറ്റ് ചിത്രത്തിലേക്ക് താഹ. വിവാഹശേഷം സിംഗപ്പൂരിൽ ബന്ധുക്കൾക്കൊപ്പം പ്രവർത്തനകേന്ദ്രം മാറ്റിയ അശോകൻ അവിടെ സ്ഥിരതാമസമാക്കി. ബിസിനസിൽ ശ്രദ്ധകേന്ദ്രീകരിച്ചു. കാണാപ്പുറങ്ങൾ എന്ന ടെലിഫിലിം സംവിധാനം ചെയ്തു. മികച്ച ടെലിഫിലിമിനുള്ള സംസ്ഥാന സർക്കാർ അവാർഡ് ലഭിക്കുകയും ചെയ്തു. ഐ.ടി വ്യവസായ സംരംഭകനായി പ്രവർത്തിക്കുമ്പോഴും അശോകൻ സിനിമയെ അഗാധമായി സ്നേഹിച്ചു.

ഭാരത് ഭവനിൽ മന്ത്രി വി.എൻ.വാസവൻ, സി.പി.എം പി.ബി അംഗം എം.എ.ബേബി,ജോൺ ബ്രിട്ടാസ് എം.പി,ചലച്ചിത്ര പ്രവർത്തകരായ ജി.സുരേഷ്കുമാർ,മധുപാൽ,ടി.കെ.രാജീവ്കുമാർ, മീഡിയ അക്കാഡമി ചെയർമാൻ ആർ.എസ്.ബാബു,വി.കെ.പ്രശാന്ത് എം.എൽ.എ തുടങ്ങി വൻ ജനാവലി അശോകന് അന്ത്യാഞ്ജലി അർപ്പിച്ചു.

TAGS: MM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY