ന്യൂഡൽഹി: ഉയർന്ന പണപ്പെരുപ്പം, ആഗോള സെൻട്രൽ ബാങ്ക് നയങ്ങൾ, സാമ്പത്തിക വിപണിയിലെ പ്രതിസന്ധികൾ എന്നിവയുടെ ഫലമായി പലിശ നിരക്ക് ഉയർത്തി റിസർവ് ബാങ്ക്. 50 ബേസിസ് പോയിന്റിന്റെ വർദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഇതോടെ റിപ്പോ നിരക്ക് 5.90 ശതമാനമായി ഉയർന്നു.
0.5 ശതമാനം ഉയർത്തിയാണ് 5.90 ശതമാനമായി റിപ്പോ നിരക്ക് മോണിറ്ററി പോളിസി കമ്മിറ്റി ( എം പി സി) വർദ്ധിപ്പിച്ചത്. ഈ സാമ്പത്തിക വർഷത്തിലെ നാലാമത്തെ നിരക്ക് വർദ്ധനയാണിത്. രാജ്യത്ത് പണപ്പെരുപ്പം തുടർച്ചയായ എട്ടാം മാസവും ആർ ബി ഐയുടെ പരിധി കടന്ന് തുടരുകയാണ്. അതിനാൽതന്നെ പലിശ നിരക്ക് ഉയരുമെന്ന് സാമ്പത്തിക വിദഗ്ദ്ധർ പ്രവചിച്ചിരുന്നു. റിപ്പോ നിരക്ക് ഉയർന്നതോടെ രാജ്യത്തെ വിവിധ വായ്‌പാ, നിക്ഷേപ പലിശകൾ ബാങ്കുകൾ ഉയർത്താനും സാദ്ധ്യതയേറെയാണ്.
സ്റ്റാൻഡിംഗ് ഡെപ്പോസിറ്റ് സൗകര്യം (എസ് ഡി എഫ്) 5.6 ശതമാനമായും എം എസ് എഫ്, ബാങ്ക് നിരക്ക് 6.15 ശതമാനമായും ഉയർത്തി. നടപ്പ് സാമ്പത്തിക വർഷത്തിൽ റിപ്പോ നിരക്ക് 190 ബിപിഎസ് ആണ് ആർ ബി ഐ ഇതുവരെ ഉയർത്തിയത്. ജൂണിലെ എം പി സി യോഗത്തിന് ശേഷം 50 ബിപിഎസ് വർദ്ധിപ്പിച്ച് റിപ്പോ 4.9 ശതമാനത്തിൽ നിന്ന് 5.4 ശതമാനമാക്കി.
ആർ ബി ഐയുടെ ഉപഭോക്തൃ വില സൂചിക (സി പി ഐ) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ പ്രവചനം നടപ്പ് സാമ്പത്തിക വർഷത്തിൽ 6.7 ശതമാനമായി നിലനിർത്തിയിരിക്കുകയാണ്. ജൂലായ് മുതൽ സെപ്തംബർ വരെ 7.1 ശതമാനവും ഒക്ടോബർ മുതൽ ഡിസംബർ വരെ 6.4 ശതമാനവും ജനുവരി മുതൽ മാർച്ച് വരെ 5.8 ശതമാനവുമാണ് സി പി ഐ പണപ്പെരുപ്പം അനുമാനിച്ചിരിക്കുന്നത്.
കൊവിഡും യുക്രൈൻ അധിനിവേശവും ഉയർത്തിയ പ്രതിസന്ധികൾക്ക് പിന്നാലെ വിവിധ കേന്ദ്ര ബാങ്കുകൾ പലിശനിലക്ക് ഉയർത്തിയത് രാജ്യത്തിന് വെല്ലുവിളിയായതായി ആർ ബി ഐ ഗവർണർ ശക്തികാന്ത ദാസ് വായ്‌പാ അവലോകനത്തിന് പിന്നാലെ വ്യക്തമാക്കി. യു എസ് ഡോളർ ഉയരത്തിലെത്തിയിരിക്കുന്നു. ഉയരുന്ന ഭക്ഷ്യവിലയും ആഗോള സമ്പത്ത് വ്യവസ്ഥയുടെ തകർച്ചയും വളരുന്ന സമ്പത്ത് വ്യവസ്ഥകൾക്ക് മുന്നിൽ വെല്ലുവിളിയാണെന്നും ശക്തികാന്ത ദാസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |