SignIn
Kerala Kaumudi Online
Tuesday, 13 October 2026 5.16 AM IST

മുഖ്യമന്ത്രിയും സംഘവും ഇന്ന് യൂറോപ്പിലേക്ക്

pinarayi-vijayan

തിരുവനന്തപുരം: രണ്ടാഴ്ചത്തെ യൂറോപ്യൻ പര്യടനത്തിനായി മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ഉൾപ്പെട്ട സംഘം ഇന്ന് രാത്രിയോടെ യാത്ര തിരിക്കും. സി.പി.ഐ സംസ്ഥാനസമ്മേളനത്തോടനുബന്ധിച്ചുള്ള കേന്ദ്ര-സംസ്ഥാന ബന്ധങ്ങൾ സംബന്ധിച്ച സെമിനാറിൽ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനൊപ്പം മുഖ്യമന്ത്രി ഇന്ന് വൈകിട്ട് നാലിന് പങ്കെടുക്കുന്നുണ്ട്. അതിന് ശേഷമാണ് മുഖ്യമന്ത്രിയും പൊതുവിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയും ഉൾപ്പെടെയുള്ള സംഘം യാത്ര പുറപ്പെടുക.

ഡൽഹി വഴി ഫിൻലൻഡിലേക്കാണ് ആദ്യം പോകുക. മന്ത്രി ശിവൻകുട്ടിക്ക് പുറമേ ചീഫ് സെക്രട്ടറി വി.പി. ജോയ്, പൊതുവിദ്യാഭ്യാസ പ്രിൻസിപ്പൽ സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ് എന്നിവരുമുണ്ട്.

സംസ്ഥാനത്തിന്റെ വിദ്യാഭ്യാസ, വ്യവസായ മേഖലകളുടെ പുരോഗതി ലക്ഷ്യമിട്ടുള്ള സന്ദർശനത്തിൽ നാല് യൂറോപ്യൻ രാജ്യങ്ങളാണ് ഉൾപ്പെട്ടിട്ടുള്ളതെന്നാണ് ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചത്.

പ്രശസ്തമായ ഫിന്നിഷ് വിദ്യാഭ്യാസ മാതൃകയെക്കുറിച്ച് പഠിക്കാനാണ് ഫിൻലൻഡ് സന്ദർശനം. മുമ്പ് കേരളം സന്ദർശിച്ച ഫിൻലൻഡ് വിദ്യാഭ്യാസമന്ത്രി ലീ ആൻഡേഴ്സന്റെ ക്ഷണപ്രകാരമാണ് സന്ദർശനം. പ്രമുഖ ബഹുരാഷ്ട്ര കമ്പനികൾ, ഐ.ടി കമ്പനികൾ എന്നിവയും സന്ദർശിക്കും. ടൂറിസം, ആയുർവേദ മേഖലകളിലും കൂടിക്കാഴ്ചയുണ്ടാകും.

നോർവെ സന്ദർശനത്തിന്റെ പ്രധാനലക്ഷ്യം മാരിടൈം മേഖലയിലെ സഹകരണം മെച്ചപ്പെടുത്തലാണ്. നോർവീജിയൻ ജിയോ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് സന്ദർശിച്ച് ഉരുൾപൊട്ടൽ ഉൾപ്പെടെയുള്ള പ്രകൃതിക്ഷോഭ പ്രതിരോധ സാങ്കേതികവിദ്യകൾ പരിശോധിക്കും. നോർവെയിൽ വച്ച് മന്ത്രിമാരായ പി. രാജീവും വി. അബ്ദുറഹ്മാനും സംഘത്തിൽ ചേരും. പിന്നീട് ഇംഗ്ലണ്ടിലെ വെയ്ൽസിലേക്ക്. അവിടെ ആരോഗ്യമേഖലയെക്കുറിച്ച് പഠിക്കും. ലണ്ടനിൽ മന്ത്രി വീണാ ജോർജും ഒപ്പം ചേരും. മന്ത്രി പി. രാജീവുമുണ്ടാകും. ലോക കേരളസഭയുടെ പ്രാദേശികയോഗവും ലണ്ടനിൽ സംഘടിപ്പിക്കും. 150 പ്രവാസികൾ പങ്കെടുക്കും.

കേരളത്തിൽ ഗ്രാഫീൻ പാർക്കുമായി ബന്ധപ്പെട്ട് യു.കെയിലെ വിവിധ സർവകലാശാലകളും സന്ദർശിക്കും. പ്രാദേശിക വ്യവസായികളുമായി നിക്ഷേപ സൗഹൃദസംഗമം സംഘടിപ്പിക്കാനും ഉദ്ദേശ്യമുണ്ട്. ടൂറിസം, ആയുർവേദ മേഖലകൾക്ക് ഊന്നൽ നൽകിയുള്ള ചർച്ചകൾ ഇവിടെയുണ്ടാകും.

പര്യടനം പൂർത്തിയാക്കി ഈ മാസം 14ന് തിരിച്ചെത്തുമെന്നാണ് അറിയിച്ചിരുന്നതെങ്കിലും 12ന് മടങ്ങിയെത്തുമെന്നാണ് കഴിഞ്ഞ മന്ത്രിസഭായോഗത്തിൽ മുഖ്യമന്ത്രി പറഞ്ഞത്. 13ന് മന്ത്രിസഭായോഗം ഓൺലൈനായി ചേരും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GENERAL
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA