SignIn
Kerala Kaumudi Online
Tuesday, 22 September 2026 6.52 PM IST

18 വർഷം ചികിത്സിച്ച ഡോക്‌ടറിന് പെട്ടെന്നുണ്ടായ സംശയമാണ് ടെസ്‌റ്റ് ചെയ്യാൻ വഴിവച്ചത്, ഫലമറിഞ്ഞ കോടിയേരിയുടെ ആദ്യ പ്രതികരണം ഇതായിരുന്നു

kodiyeri-balakrishnan

തിരുവനന്തപുരം: ''ജീവിതം ഒരു പോരാട്ടമാണ്. ജീവിതം ഒരു സമരമാണ്. ആ സമരത്തിന്റെ,​ പോരാട്ടത്തിന്റെ ഭാഗമായി പലതിനേയും അതിജീവിക്കേണ്ടതായി വരും. അത് പല രൂപത്തിലായിരിക്കുമെന്നു മാത്രം. ആത്മവിശ്വാസത്തോടെ മുന്നോട്ടു പോവുകയാണ് ഏതൊരു പ്രശ്നത്തേയും തരണം ചെയ്യാനുള്ള വഴിയെന്ന് ഞാൻ വിശ്വസിക്കുന്നു...'' കോടിയേരി ബാലകൃഷ്ണൻ ഒരു അഭിമുഖത്തിൽ ഇങ്ങനെ പറയുമ്പോൾ അദ്ദേഹം കാൻസറിന് തുടർച്ചയായ ചികിത്സയിലായിരുന്നു.

പാൻക്രിയാസ് കാൻസർ ഗുരുതരമായാൽ 60 കഴിഞ്ഞവരാണെങ്കിൽ ശേഷിക്കുന്ന ആയുസ് നാല് മാസം. കൊടിയേരിയുടെ പോരാട്ടവീര്യത്തിൽ മരണം വഴിമാറി നടന്നു. കോടിയേരി പ്രമേഹത്തിനു ചികിത്സ തുടങ്ങിയിട്ട് 18 വർഷത്തിലേറെയായി. ഡോ. ജ്യോതിദേവ് കേശവദേവാണ് ചികിത്സിച്ചത്. 2019 ഒക്ടോബറിൽ ഡോ. ജ്യോതിദേവ് ചോദിച്ചു,​ കാൻസർ ടെസ്റ്റ് കൂടി നടത്തട്ടെ. പ്രമേഹ ബാധിതർക്ക് കാൻസർ സാദ്ധ്യത മൂന്നു മടങ്ങായതിനാൽ രക്തം പരിശോധിക്കുമ്പോൾ കാൻസർ ടെസ്റ്റും നടത്താറുണ്ട്. ഫലം ഞെട്ടിക്കുന്നതായിരുന്നു. പാൻക്രിയാസിൽ ഗുരുതരമായ കാൻസർ. ഒന്നു കൂടി പരിശോധിക്കാനായി അടുത്ത ദിവസം ഡോക്ടർ അദ്ദേഹത്തിന്റെ വീട്ടിൽ എത്തുമ്പോൾ കോടിയേരി കണ്ണൂരിലേക്ക് പോകാനുള്ള ഒരുക്കത്തിലായിരുന്നു. രക്തം നൽകി അദ്ദേഹം കണ്ണൂരിലേക്ക് തിരിച്ചു. ആ പരിശോധനയിലും രോഗം വ്യക്തമായെന്നും താൻ തന്നെ അദ്ദേഹത്തെ ഫോണിൽ വിളിച്ച് അറിയിച്ചെന്നും ഡോ. ജ്യോതിദേവ് പറഞ്ഞു.

''അസുഖം വന്നാൽ എന്തു ചെയ്യും ഡോക്ടറേ,​ നമ്മുക്ക് ചികിത്സിക്കാം.'' അതായിരുന്നു മറുപടി. കണ്ണൂരിൽ സി.ടി. സ്‌കാനിംഗിൽ രോഗം ഉറപ്പിച്ചു. പിറ്റേന്ന് കണ്ണൂരിൽ സി. എച്ച് കണാരൻ അനുസമ്രണത്തിൽ കോടിയേരി ഒന്നര മണിക്കൂർ പ്രസംഗിച്ചു. തിരുവനന്തപുരത്ത് എത്തിയപ്പോൾ കുടുംബ സമേതം എന്നെ കാണാൻ വന്നു ഏറ്റവും നല്ല ചികിത്സ നൽകണമെന്നായിരുന്നു അദ്ദേഹത്തിന്റെ ഭാര്യ വിനോദിനി പറഞ്ഞത്. കോടിയേരിക്ക് എപ്പോഴും ധൈര്യമായി നിന്നതും ഭാര്യയായിരുന്നു- ഡോ.ജ്യോതിദേവ് പറഞ്ഞു. വിദഗ്ദ്ധ ചികിത്സയ്‌ക്ക് അമേരിക്കയിലേ ഹൂസ്റ്റണിലേക്ക് ഡോ.ജ്യോതിദേവും ഒപ്പം പോയിരുന്നു.

പാൻക്രിയാസ് കാൻസർ ചികിത്സയിൽ ലോകത്തെ ഏറ്റവും മികച്ച ഡോക്ടർമാരിലൊരാളായ മാത്യു കഴ്സിന്റേ നേതൃത്വത്തിൽ ശസ്ത്രക്രിയ ചെയ്ത് കാൻസർ വന്ന ഭാഗം നീക്കി. അമേരിക്കയിൽ നിന്ന് കൊച്ചിയിൽ മടങ്ങിയെത്തിയ ഡോ. അജി മാത്യുവും തിരുവനന്തപുരം ജി.ജി ആശുപത്രിയിലെ ഡോ.ബോബൻ തോമസുമാണ് തുടർ ചികിത്സ നടത്തിയത്. കോടിയേരി മിക്കപ്പോഴും തിരുവനന്തപുരത്ത് ആയിരുന്നതിനാൽ ‌ഡോ.ബോബൻ തോമസാണ് ചെന്നൈയിൽ എത്തിക്കുന്നതുവരെ ചികിത്സിച്ചത്.

അവസാന നാളുകളിലൊഴികെ പാർട്ടി പരിപാടികളിലെല്ലാം കോടിയേരി പങ്കെടുത്തു. വാർത്താസമ്മേളനങ്ങൾ നടത്തി പാർട്ടി തീരുമാനങ്ങൾ പതിവ് ചിരിയോടെ വിവരിച്ചു. ആ ഇച്ഛാശക്തിയെ ആദരിക്കുന്നുവെന്ന് ഡോ.ബോബൻ തോമസ് പറഞ്ഞു. ''ഡൽഹിയിൽ പൊളിറ്റ് ബ്യൂറോ യോഗത്തിൽ പങ്കെടുത്തത് ഇൻജക്‌ഷൻ എടുക്കുന്നതിനിടെയാണ്. കേരള ഹൗസിലെ ഒരു മുറി സജ്ജമാക്കി സുഹൃത്ത് ഡോ.വർഗീസിന്റെ മേൽനോട്ടത്തിൽ ഇൻജക്‌ഷൻ നൽകിയ ശേഷമാണ് അദ്ദേഹം യോഗത്തിനു പോയത്. യോഗത്തിനു ശേഷം തിരിച്ചെത്തി അടുത്ത ഇൻജക്‌ഷനെടുത്തു.'' ഡോക്ടർ പറഞ്ഞു. ഒരിക്കൽ ബോബൻ തോമസ് പറഞ്ഞു- രോഗാവസ്ഥ ഇത്തിരി കൂടുതലാണ് ശ്രദ്ധിക്കണം. ''അതൊന്നും സാരമില്ല, നമ്മുക്ക് ശരിയാക്കാം'' എന്നായിരുന്നു മറുപടി.

കീമോ തെറാപ്പിക്ക് ശേഷം അന്നോ അടുത്ത ദിവസമോ പൊതുപരിപാടിക്ക് കോടിയേരി എത്തും. കൊവിഡ് ബാധിച്ചപ്പോൾ അതിനേയും അതിജീവിച്ചു. കഴിഞ്ഞ ഡിസംബറിൽ ഡോ. ബോബൻ തോമസ് എഴുതിയ അർബുദം അറിഞ്ഞതിനുമപ്പുറം എന്ന പുസ്തകം പ്രകാശനം ചെയ്തുകൊണ്ട് കോടിയേരി ഇങ്ങനെ പറഞ്ഞു ''‍ഞാൻ ഒരു കാൻസർ രോഗിയാണ്. ഇക്കാര്യം പറയുന്നതിന് എനിക്ക് മടിയില്ല. രോഗം വന്നാൽ ചികിത്സിക്കുകയാണ് വേണ്ടത്.'' ഏതാനും നാൾ മുമ്പ് ഡോ. ബോബൻ തോമസ് ചെന്നൈയിലെ അപ്പോളോ ആശുപത്രിയിലെത്തി കോടിയേരിയെ കണ്ടു. മടങ്ങാൻ നേരം കോടിയേരി പറഞ്ഞു ''നമുക്കിനി തിരുവനന്തപുരത്ത് വരുമ്പോൾ കാണാം...''

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: KODIYERI BALAKRISHNAN, PANCREAS CANCER, KODIYERI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA