SignIn
Kerala Kaumudi Online
Friday, 11 September 2026 11.33 AM IST

ബ്രസീലിൽ ആർക്കും ഭൂരിപക്ഷമില്ല: പ്രസിഡന്റ് തിരഞ്ഞെടുപ്പ് രണ്ടാം റൗണ്ടിലേക്ക്

brazil

റിയോ ഡി ജനീറോ: ഭൂരിപക്ഷമായ 50 ശതമാനത്തിലേറെ വോട്ട് നേടാൻ സ്ഥാനാർത്ഥികൾക്ക് കഴിയാത്തതിനാൽ ബ്രസീലിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പ് രണ്ടാം റൗണ്ടിലേക്ക്. 30നാണ് രണ്ടാം റൗണ്ട് തിരഞ്ഞെടുപ്പ്. ഞായറാഴ്‌ച നടന്ന ആദ്യ റൗണ്ടിന്റെ ഫലം ഇന്നലെ പുലർച്ചെയാണ് പുറത്തുവന്നത്. 99.9 ശതമാനം ഇലക്ട്രോണിക് വോട്ടിംഗിൽ 48.4 ശതമാനം (5,72,57,473 വോട്ട്) സ്വന്തമാക്കിയ ഇടത് നേതാവും മുൻ പ്രസിഡന്റുമായ ലൂയീസ് ഇനാഷ്യോ ലൂല ഡ സിൽവ ഒന്നാം സ്ഥാനത്തെത്തി.

എന്നാൽ സർവേ ഫലങ്ങളെ വിഫലമാക്കി നിലവിലെ പ്രസിഡന്റും തീവ്ര വലതുപക്ഷ നേതാവുമായ ജെയ്‌ർ ബൊൽസൊനാരോ 43.2 ശതമാനത്തോടെ ( 5,10,71,106 വോട്ട്) രണ്ടാം സ്ഥാനത്തെത്തി.

ആദ്യ റൗണ്ടിൽ തന്നെ ലൂല 50 ശതമാനത്തിലേറെ വോട്ട് നേടി വിജയിക്കുമെന്നായിരുന്നു സർവേ ഫലങ്ങൾ. ലൂലയ്ക്ക് ബൊൽസൊനാരോയേക്കാൾ 10 മുതൽ 15 ശതമാനം വരെ കൂടുതൽ വോട്ട് ലഭിക്കുമെന്നും ചില കേന്ദ്രങ്ങൾ പ്രവചിച്ചിരുന്നു.

എന്നാൽ ഇതിനെയെല്ലാം പിന്തള്ളിയാണ് ബൊൽസൊനാരോയുടെ മുന്നേറ്റം. താൻ തന്നെ വിജയിക്കുമെന്നായിരുന്നു പോളിംഗിന്റെ അവസാന നിമിഷം വരെ 67കാരനായ ബൊൽസൊനാരോ പറഞ്ഞിരുന്നത്.

ബൊൽസൊനാരോ പരാജയപ്പെട്ടാൽ അദ്ദേഹത്തിന്റെ അനുകൂലികളുടെ നേതൃത്വത്തിൽ രാജ്യവ്യാപക അക്രമങ്ങൾക്ക് സാദ്ധ്യത കല്പിച്ചിരുന്നു. ബ്രസീലിയൻ തിരഞ്ഞെടുപ്പ് സമ്പ്രദായത്തെ സ്ഥിരമായി വിമർശിക്കുന്ന ബൊൽസൊനാരോ അതിന്റെ ഫലങ്ങൾ അംഗീകരിക്കില്ലെന്ന് ഭീഷണി മുഴക്കിയിരുന്നു.

അതേ സമയം,​ രണ്ടാം റൗണ്ടിൽ താൻ വിജയിക്കുമെന്ന് ലൂല ആത്മവിശ്വാസം പ്രകടിപ്പിച്ചു. രാജ്യത്തെ ജനസാന്ദ്രതയേറിയ തെക്ക് - കിഴക്കൻ സംസ്ഥാനങ്ങളിൽ ബൊൽസൊനാരോയാണ് മുന്നിൽ. 15.6 കോടി വരുന്ന ബ്രസീലിയൻ വോട്ടർമാരിൽ ഏകദേശം 12.3 കോടി പേരാണ് വോട്ട് രേഖപ്പെടുത്തിയത്.

ആകെ പതിനൊന്ന് സ്ഥാനാർത്ഥികൾ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും എല്ലാവരും ഏറെ പിന്നിലായിരുന്നു. മൂന്നാം സ്ഥാനത്തെത്തിയ ബ്രസീലിയൻ ഡെമോക്രാറ്റിക് മൂവ്‌മെന്റ് സ്ഥാനാർത്ഥി സിമോൺ ടെബറ്റിന് ലഭിച്ചത് 4.2 ശതമാനം വോട്ടാണ്. രണ്ടാം റൗണ്ടിനായി ലൂല, ബൊൽസൊനാരോ പക്ഷങ്ങളുടെ പ്രചാരണം ഇന്നലെ തുടങ്ങി.

അതേ സമയം, 81 അംഗ ഫെഡറൽ സെനറ്റിന്റെ 27 സീറ്റുകളിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 15 സീറ്റ് ബൊൽസൊനാരോയുടെ വലതുപക്ഷ സഖ്യത്തിന് ലഭിച്ചു. ലൂല സഖ്യത്തിന് 5 സീറ്റ് ലഭിച്ചു. 513 അംഗ ചേംബർ ഒഫ് ഡെപ്യൂട്ടീസിൽ ബൊൽസൊനാരോ സഖ്യത്തിന് 221ഉം ലൂല സഖ്യത്തിന് 137ഉം സീറ്റുകൾ വീതം ലഭിച്ചു.

 ആമസോണിൽ കുടുങ്ങി ബൊൽസൊനാരോ

പൊതുമേഖലാ കമ്പനികളുടെ സ്വകാര്യവത്കരണം, ഊർജ വിലക്കയറ്റം കുറയ്ക്കാൻ സുസ്ഥിര ഊർജത്തിന്റെ ഉത്പാദനം വർദ്ധിപ്പിക്കൽ, പാവപ്പെട്ട കുടുംബങ്ങൾക്ക് പ്രതിമാസം 110 ഡോളർ വീതം നൽകുന്ന ഓക്സിലിയോ ബ്രസീൽ പദ്ധതി തുടരും തുടങ്ങിയ വാദഗ്ദ്ധാനങ്ങളാണ് ലിബറൽ പാർട്ടി നേതാവായ ബൊൽസൊനാരോ പ്രചാരണ ആയുധമാക്കിയത്. എന്നാൽ ആമസോൺ വനനശീകരണം കുത്തനെ ഉയർന്നതും 686,000 ലേറെ പേർ കൊവിഡ് ബാധിച്ച് മരിച്ചതുമുൾപ്പെടെ ബൊൽസൊനാരോ ഭരണകൂടത്തിനെതിരെ നിരവധി വിമർശനങ്ങൾ നിലവിലുണ്ട്.

 ദാരിദ്ര്യം തുടച്ച് നീക്കുമെന്ന് ലൂല

2003 - 2010 കാലയളവിൽ പ്രസിഡന്റായിരിക്കെ ദാരിദ്ര്യ നിർമ്മാർജനത്തിന് ആവിഷ്കരിച്ച ' ബൊൾസ ഫമിലിയ" പദ്ധതി കൈവരിച്ച നേട്ടങ്ങൾ ഉയർത്തിക്കാട്ടിയായിരുന്നു വർക്കേഴ്സ് പാർട്ടി സ്ഥാനാർത്ഥിയായ ലൂലയുടെ പ്രചാരണം. നികുതി വ്യവസ്ഥയിലെ പരിഷ്കണം, പട്ടിണി ഇല്ലാതാക്കൽ, ആമസോൺ വനനശീകരണം തടയൽ എന്നിവയാണ് 76കാരനായ ലൂലയുടെ പ്രധാന വാഗ്ദ്ധാനങ്ങൾ. അതേ സമയം, അഴിമതി കേസുമായി ബന്ധപ്പെട്ട് രണ്ട് വർഷത്തോളം ജയിലിൽ കഴിഞ്ഞ ലൂലയ്ക്ക് മേലുള്ള കേസുകൾ കഴിഞ്ഞ വർഷം സുപ്രീംകോടതി റദ്ദാക്കിയിരുന്നു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360