SignIn
Kerala Kaumudi Online
Monday, 28 September 2026 9.46 PM IST

കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിൽ ചൂടുപിടിച്ച് കേരളം , ചെന്നിത്തല ഖാർഗെയ്ക്കൊപ്പം പ്രചാരണത്തിന്

tharoor

തിരുവനന്തപുരം: ശശി തരൂർ എം.പിയുടെ സ്ഥാനാർത്ഥിത്വം സജീവചർച്ചയായതോടെ കോൺഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പിന് കേരളത്തിൽ ചൂടേറി. ഇടവേളയ്ക്ക് ശേഷം സ്വന്തം മണ്ഡലമായ തിരുവനന്തപുരത്ത് തങ്ങി വോട്ടഭ്യർത്ഥിക്കുന്നതിനിടെ മുതിർന്ന നേതാക്കൾ അദ്ദേഹത്തിന്റെ സ്ഥാനാർത്ഥിത്വത്തിനെതിരെ നിലപാട് കടുപ്പിച്ചത് ചർച്ചയായി. നേതാക്കൾ പക്ഷം പിടിക്കുന്നുവെന്ന് തരൂർ കുറ്റപ്പെടുത്തി. രമേശ് ചെന്നിത്തല ഖാർഗെയ്ക്കൊപ്പം വിവിധ സംസ്ഥാനങ്ങളിൽ പ്രചാരണത്തിനിറങ്ങുമെന്നറിയിച്ചു. ഗുജറാത്തിലെ അഹമ്മദാബാദിലുള്ള ചെന്നിത്തല ഇന്ന് ഖാർഗെയ്ക്കൊപ്പം അവിടെ പ്രചാരണത്തിനിറങ്ങും. ഗുജറാത്തിൽ തിരഞ്ഞെടുപ്പ് ചുമതലയും ചെന്നിത്തലയ്ക്കുണ്ട്.

കഴിഞ്ഞ ദിവസം കെ.പി.സി.സി ആസ്ഥാനത്തെത്തിയ ശശി തരൂരിനെ സ്വീകരിക്കാൻ നേതാക്കളാരുമുണ്ടായില്ല. അദ്ധ്യക്ഷ തിരഞ്ഞെടുപ്പിനുള്ള തിരിച്ചറിയൽ കാ‌ർഡ് കൈപ്പറ്റാനാണ് തരൂർ അവിടെയെത്തിയതെന്നാണ് വിശദീകരണം. സംഘടനാചുമതലയുള്ള കെ.പി.സി.സി ജനറൽസെക്രട്ടറി ടി.യു. രാധാകൃഷ്ണനിൽ നിന്നാണ് തിരിച്ചറിയൽ കാർഡ് കൈപ്പറ്റിയത്.

വോട്ട് വ്യക്തിപരമാണെന്നും കെ.പി.സി.സി പക്ഷം പിടിക്കില്ലെന്നും പ്രസിഡന്റ് കെ. സുധാകരൻ വ്യക്തമാക്കിയെങ്കിലും ഖാർഗെയുടെ അനുഭവസമ്പത്താണ് കോൺഗ്രസിന് ഊർജ്ജമാകുകയെന്ന് കഴിഞ്ഞ ദിവസം പറഞ്ഞത് അദ്ദേഹത്തിനുള്ള പിന്തുണയുടെ തെളിവായി.

നെഹ്റുകുടുംബത്തിന് സ്വന്തമായി സ്ഥാനാർത്ഥിയില്ലെന്നാണ് സോണിയയും രാഹുലും പ്രിയങ്കയും ആവർത്തിക്കുന്നതെങ്കിലും ഖാർഗെയാണ് ഔദ്യോഗിക സ്ഥാനാർത്ഥിയെന്ന മട്ടിലുള്ള പ്രചാരണമാണ് നടക്കുന്നത്. കെ. മുരളീധരൻ എം.പിയും ഇന്നലെ ഖാർഗെയ്ക്ക് പരസ്യപിന്തുണ അറിയിച്ചു. പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ, മുതിർന്ന നേതാവ് ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരും ഖാർഗെയ്ക്കുള്ള പിന്തുണ നേരത്തേ പ്രഖ്യാപിച്ചിരുന്നു.

ചെന്നിത്തല ഒരു പടി കൂടി കടന്നാണിപ്പോൾ ഖാർഗെയ്ക്കൊപ്പം നാല് സംസ്ഥാനങ്ങളിൽ പ്രചരണത്തിനിറങ്ങുമെന്ന് അറിയിച്ചത്. ഇന്നും നാളെയും ഗുജറാത്തിൽ അഹമ്മദാബാദിലും എട്ടിന് മുംബയിലും 9ന് ഹൈദരബാദിലും പത്തിന് വിജയവാഡയിലും അദ്ദേഹം ഖാർഗെയ്ക്കൊപ്പം സഞ്ചരിക്കും. തരൂർ തന്റെ അടുത്ത സുഹൃത്താണെങ്കിലും അദ്ധ്യക്ഷ സ്ഥാനത്തെത്താനുള്ള യോഗ്യതയില്ലെന്നാണ് ചെന്നിത്തലയുടെ പക്ഷം.

കേരളത്തിൽ ഖാർഗെയുടെ വരവ് നിശ്ചയിച്ചിട്ടില്ല. 17നായിരിക്കും അദ്ധ്യക്ഷ തിരഞ്ഞെടുപ്പെന്നാണറിയുന്നത്. എല്ലാ സംസ്ഥാനങ്ങളിലും ചുരുങ്ങിയ ദിവസങ്ങളിലെത്താനാകില്ലെന്നിരിക്കെ കേരളത്തിൽ ഖാർഗെ വരുമോയെന്നുറപ്പില്ല.

യുവനേതാക്കളായ ഹൈബി ഈഡനും കെ.എസ്. ശബരിനാഥനും മാത്യു കുഴൽനാടനും ശശി തരൂരിന് പരസ്യപിന്തുണ അറിയിച്ചിട്ടുണ്ട്. എം.കെ. രാഘവൻ എം.പി, തമ്പാനൂർ രവി തുടങ്ങി ചില മുതിർന്ന നേതാക്കളുടെ പിന്തുണയും ഉറപ്പാക്കിയിട്ടുണ്ട്. ഖാർഗെയുടെ നാമനിർദ്ദേശപത്രികയിൽ മുതിർന്ന നേതാവ് എ.കെ. ആന്റണിയടക്കമുള്ള പ്രമുഖരാണ് ഒപ്പുവച്ചതെന്നിരിക്കെ ഹൈക്കമാൻഡിന്റെ ഇംഗിതത്തോടെയുള്ള സ്ഥാനാർത്ഥി അദ്ദേഹം തന്നെയാണെന്നുറപ്പാണ്. ഇതറിഞ്ഞിട്ടും മത്സരരംഗത്തുറച്ച് നിൽക്കുന്ന തരൂരിന് വിമതപരിവേഷമുറപ്പാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: CONGRESS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA