SignIn
Kerala Kaumudi Online
Thursday, 19 September 2024 2.20 AM IST

സർക്കാർ സർവീസിൽ സംവരണ വിഭാഗങ്ങൾക്ക് തസ്തികനഷ്ടം എന്തുകൊണ്ട് ?

Increase Font Size Decrease Font Size Print Page

ss

സംസ്ഥാനത്ത് സർക്കാർ സർവീസിലേക്കുള്ള നിയമനങ്ങളിൽ സംവരണ വിഭാഗങ്ങൾക്ക് തസ്തികനഷ്ടം ഉണ്ടാകുന്നു എന്ന് വ്യാപകമായി ആക്ഷേപമുണ്ടാവുകയും അത് മാദ്ധ്യമശ്രദ്ധ ആകർഷിക്കുകയും ചെയ്തിട്ടുണ്ട്. കേരള പബ്ളിക് സർവീസ് കമ്മിഷൻ നടത്തുന്ന നിയമനങ്ങളിൽ റൊട്ടേഷൻ സമ്പ്രദായം നടപ്പാക്കുന്നത് മൂലമാണ് സംവരണ വിഭാഗങ്ങൾക്ക് തസ്തികനഷ്ടം ഉണ്ടാകുന്നത് എന്ന പരാതി ഹൈക്കോടതിയുടേയും സുപ്രീകോടതിയുടേയും പരിഗണനയിൽ വരികയുണ്ടായി. റൊട്ടേഷൻ സമ്പ്രദായം പി.എസ്.സി. നടപ്പാക്കി വരുന്നത് കേരള സ്റ്റേറ്റ് ആന്റ് സബോർഡിനേറ്റ് സർവീസ് റൂൾ 1958, പാർട്ട് II -ലെ 14 മുതൽ 17 വരെയുള്ള റൂളുകൾ പ്രകാരമാണ്. ഈ റൂൾ അനുസരിച്ച് ഓരോ 20 പോസ്റ്റും ഓരോ പ്രത്യേക യൂണിറ്റായി കണക്കാക്കി 50 ശതമാനം ഓപ്പൺ കോംപറ്റീഷനിലും (OC) 50 ശതമാനം റിസർവേഷനിലും നിയമനം നടത്തുന്നു. ആദ്യത്തെ 10 റാങ്കിൽപ്പെട്ടവർക്ക്, അവർ ഏത് സംവരണ വിഭാഗത്തിൽ പെട്ടവരാണെന്ന പരിഗണനയില്ലാതെ റാങ്കിന്റെ അടിസ്ഥാനത്തിൽ മാത്രം നിയമനം നൽകുന്നു. റിസർവേഷൻ കാറ്റഗറിയിലേക്ക് റിസർവേഷൻ മാനദണ്ഡം അനുസരിച്ച് ഒന്നിടവിട്ട സ്ഥാനങ്ങളിലാണ് നിയമനം നടത്തുന്നത്. ഈ പ്രക്രിയ ഓരോ 20-ന്റെ യൂണിറ്റിലും ആവർത്തിക്കുന്നു. ഒരു റിക്രൂട്ട്‌മെന്റിൽ എത്ര വേക്കൻസികൾ ഉണ്ടായാലും 20-ന്റെ യൂണിറ്റുകൾ അനുസരിച്ച് മാത്രമേ നിയമനം നടത്താൻ കഴിയൂ.

ഈ പ്രക്രിയ തുടരുമ്പോൾ ആദ്യത്തെ 20-ന്റെ യൂണിറ്റിൽ റിസർവേഷൻ കാറ്റഗറിയിൽ സെലക്ട് ചെയ്യപ്പെട്ട ഒരു റാങ്ക് ഹോൾഡർക്ക് രണ്ടാമത്തെ 20-ന്റെ യൂണിറ്റിൽ മെറിറ്റിൽ (OC) അർഹതയുണ്ടായാലും അത് പരിഗണിക്കാൻ കഴിയില്ല. ഈ സാഹചര്യത്തിൽ പ്രസ്തുത റിസർവേഷൻ പോസ്റ്റ് ബന്ധപ്പെട്ട സംവരണ വിഭാഗത്തിന് നഷ്ടപ്പെടുകയും ആ സ്ഥാനത്ത് മറ്റൊരു OC -കാറ്റഗറിയിൽപ്പെട്ട റാങ്ക് ഹോൾഡർക്ക് നിയമനം ലഭിക്കുകയും ചെയ്യുന്നു. നിലവിലുള്ള റൂളിന്റെ അടിസ്ഥാനത്തിൽ 20-ന്റെ യൂണിറ്റുകളിൽ നിയമനം നടത്തുന്നതിനാൽ 2000 ഒഴിവുകൾ ഒന്നിച്ച് റിപ്പോർട്ട് ചെയ്താലും 1000 റാങ്കിൽപ്പെട്ട ബഹുഭൂരിപക്ഷം റിസർവേഷൻ കാറ്റഗറി വിഭാഗക്കാർക്കും OC പരിഗണന ലഭിക്കാതെ റിസർവേഷനിൽ മാത്രം പരിഗണന ലഭിക്കുന്നു. അതുമൂലം അത്രയും പോസ്റ്റുകൾ ബന്ധപ്പെട്ട റിസർവേഷൻ വിഭാഗത്തിന് നഷ്ടപ്പെടുന്നു.

ഈ അസാധാരണ സാഹചര്യം ബഹു. ഹൈക്കോടതിയുടെ സിംഗിൾ ബെഞ്ചിന്റെയും ഡിവിഷൻ ബെഞ്ചിന്റെയും പരിഗണനയിൽ വരികയും ഹൈക്കോടതിയുടെ തീരുമാനത്തിന് എതിരെ അപ്പീൽ ബഹു.സുപ്രീം കോടതി C.A.No.1991/2009 (നായർ സർവീസ് സൊസൈറ്റി Vs ഡോ.ബീർമസ്താൻ & അദേഴ്സ്) എന്ന കേസിൽ പരിഗണിക്കുകയും ചെയ്തു. 20-ൽ കൂടുതൽ വേക്കൻസികൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണെങ്കിൽ അത് ഒറ്റയൂണിറ്റായി പരിഗണിക്കേണ്ടതാണെന്നും 20-ന്റെ യൂണിറ്റുകളായി കണക്കാക്കി നിയമനം നടത്തേണ്ടതില്ലെന്നുമുള്ള സിംഗിൾ ബെഞ്ചിന്റെ തീരുമാനം ഡിവിഷൻ ബെഞ്ച് അംഗീകരിച്ചു. പി.എസ്.സി. നടപ്പാക്കിവരുന്ന 20 പോയിന്റിന്റെ റോസ്റ്റർ എന്ന സംവിധാനം റിസർവേഷൻ വിഭാഗക്കാർക്ക് അനുവദിക്കപ്പെട്ട ശതമാനത്തിൽ കുറവ് ഉണ്ടാക്കുകയും അത് മെരിറ്റ് ക്വാട്ടയ്‌ക്ക് അർഹമായതിലും കൂടുതൽ തസ്തികകൾ, റിസർവേഷൻ വിഭാഗത്തിന്റെ ചെലവിൽ ലഭ്യമാകുകയും ചെയ്യുന്നു എന്ന് ഹൈക്കോടതി വിധിച്ചു. 20-ൽ കുറവായ വേക്കൻസികൾ റിപ്പോർട്ട് ചെയ്യപ്പെടുകയാണെങ്കിൽ മാത്രമേ റൂൾ 14 (a) പ്രയോഗിക്കാൻ പാടുള്ളൂ എന്നും വ്യക്തമാക്കി. ഹൈക്കോടതിയുടെ ഈ തീരുമാനം റൂൾ 14 (a) -യിലെ വ്യക്തമായ വ്യവസ്ഥകൾക്ക് വിരുദ്ധമാണെന്നും, അപ്രകാരമുള്ള വ്യാഖ്യാനം തെറ്റാണെന്നും സുപ്രീംകോടതി അപ്പീലിൽ വിധിച്ചു. 20-ൽ കുറവായ വേക്കൻസിയിൽ മാത്രമേ ഈ റൂൾ ബാധകമാകൂ എന്ന വ്യാഖ്യാനം ശരിയല്ലെന്നും, ഈ വ്യാഖ്യാന പ്രകാരം റൂൾ 14 (a),(c) എന്നിവ ഭേദഗതി ചെയ്യപ്പെട്ടെന്നും, അത് ഹൈക്കോടതിയുടെ അധികാരപരിധിയിൽ വരുന്നില്ലെന്നും, കോടതിയല്ല നിയമസഭയാണ് നിയമം ഭേദഗതി ചെയ്യേണ്ടതെന്നും അഭിപ്രായപ്പെട്ടു.

ഹൈക്കോടതിയുടേയും സുപ്രീംകോടതിയുടേയും ജഡ്ജമെന്റുകളിൽ നിന്നും വ്യക്തമാകുന്നത്, റൂൾ 14 (a),(c) എന്നിവ പ്രകാരം 20 വേക്കൻസിയുടെ യൂണിറ്റായി മാത്രം നിയമനം നടത്തുന്നതുമൂലം റിസർവേഷൻ വിഭാഗത്തിന് തസ്തികനഷ്ടം ഉണ്ടാകുകയും അത്രയും തസ്തികകൾ മെരിറ്റ് (OC) വിഭാഗത്തിന് അനർഹമായി ലഭ്യമാകുകയും ചെയ്യുന്നു എന്നും, 20-ൽ കൂടുതൽ വേക്കൻസികൾ ഒറ്റയൂണിറ്റായി കണക്കാക്കി നിയമനം നടത്താൻ റൂൾ 14 (a),(c) എന്നിവ ഭേദഗതി ചെയ്യേണ്ടതാണെന്നും അത് കോടതിയല്ല നിയമസഭയാണ് നിർവഹിക്കേണ്ടതെന്നുമാണ്.
1958-ൽ രൂപീകൃതമായ കേരള സ്റ്റേറ്റ് ആന്റ് സബോർഡിനേറ്റ് സർവീസ് റൂൾ 64 വർഷമായി നടപ്പാക്കിവരുന്നതു മൂലം ആയിരക്കണക്കിന് തസ്തികകൾ, ഗസറ്റഡ് തസ്തികകളും ഡെപ്യൂട്ടി കളക്ടർ പോലുള്ള ഐ.എ.എസിന്റെ ഫീഡർ തസ്തികകളും ഉൾപ്പടെ സംവരണ വിഭാഗങ്ങൾക്ക് നഷ്ടമായിട്ടുണ്ട്. സുപ്രീംകോടതി മാർച്ച് 2009-ൽ റൂൾ ഭേദഗതി ചെയ്യേണ്ടതിന്റെ ആവശ്യകത ചൂണ്ടിക്കാട്ടിയിട്ടും മാറിമാറിവന്ന സർക്കാരുകൾ ആ ദിശയിലേക്ക് ഒരു നടപടിയും സ്വീകരിക്കാതിരുന്നത് സംഘടിതരായ സവർണ വിഭാഗത്തിന്റെ വോട്ടിനുവേണ്ടിയുള്ള പ്രീണനനയം മൂലമാണെന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. ജനസംഖ്യയുടെ എൺപത് ശതമാനം വരുന്ന പിന്നാക്ക ഹിന്ദു, മുസ്ലിം, ക്രിസ്ത്യൻ, പട്ടികജാതി, പട്ടികവർഗ വിഭാഗക്കാരുടെ അവകാശങ്ങൾ യാചിച്ചല്ല, ചോദിച്ച് വാങ്ങേണ്ടതാണ്. വ്യക്തികളുടെ ഉന്നമനമല്ല പിന്നാക്ക വിഭാഗത്തിന് നൂറ്റാണ്ടുകളായി അപ്രാപ്യമായിരുന്ന ഭരണത്തിലെ പങ്കാളിത്തമാണ് സംവരണം കൊണ്ട് ഉദ്ദേശിക്കുന്നത്. നിലവിൽ മുന്നാക്ക വിഭാഗത്തിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്ക് 10 ശതമാനം സംവരണം നടപ്പാക്കിയിട്ടുള്ളതിനാൽ ഈ അനീതിമൂലം 99.9 ശതമാനം ജനങ്ങൾക്കും നഷ്ടം സംഭവിക്കുന്നു. സംവരണ വിഭാഗക്കാർക്ക് നീതിപൂർവമായി നിയമനം ലഭിക്കുന്നതിനായി റൂളിൽ അടിയന്തരമായി ഭേദഗതി വരുത്താനുള്ള ഇച്ഛാശക്തി സർക്കാർ കാണിക്കേണ്ടതാണ്. ഭരണകക്ഷികളും പ്രതിപക്ഷകക്ഷികളും അവരുടെ അഭിപ്രായം പൊതുജനമദ്ധ്യേ തുറന്നു പറയുമെന്ന് കരുതുന്നു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: RESERVATION AND VACANCY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.