■എഴുത്ത് പരീക്ഷ കഴിഞ്ഞു; ഇനി അഭിമുഖം
തിരുവനന്തപുരം: നവംബർ ഒന്നിന് തുടങ്ങുന്ന ഡിജിറ്റൽ റീസർവേ ജോലികൾക്ക് താത്കാലികാടിസ്ഥാനത്തിൽ നിയമിക്കേണ്ട സർവേയർമാരുടെ എഴുത്തുപരീക്ഷ എല്ലാ ജില്ലകളിലും പൂർത്തിയായി. ഇവരുടെ അഭിമുഖം ഉടൻ നടക്കും.1500 സർവേയർമാരെയാണ് നിയമിക്കുക.
എല്ലാ ജില്ലകളിലുമായി 3590 പേരാണ് പരീക്ഷ എഴുതിയത്. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ പേർ -678. ഓരോ ജില്ലയിലും കളക്ടറുടെയും സർവേ ഡയറക്ടറുടെയും നേതൃത്വത്തിലുള്ള സംഘം അഭിമുഖം നടത്തും. നാല് വർഷമാണ് നിയമന കാലാവധി. ഇതേ തസ്തികയ്ക്ക് നിലവിലുള്ള ശമ്പളം ലഭിക്കും. സർവേ നടക്കുന്ന മേഖലകളിൽ താമസത്തിന് ക്യാമ്പ് ഹൗസും ഉണ്ടാവും.
താത്കാലിക ഹെൽപ്പർമാരുടെ എഴുത്തു പരീക്ഷയും ഉടൻ നടക്കും. 3200 ഹെൽപ്പർമാരെയാണ് വേണ്ടത്. എംപ്ളോയ്മെന്റ് എക്സേഞ്ചുകളിൽ നിന്നുള്ള പട്ടികയുടെ അടിസ്ഥാനത്തിലാവും പരീക്ഷയ്ക്ക് വിളിക്കുക. തിരുവനന്തപുരം ജില്ലയിലാണ് ഹെൽപ്പർമാരുടെ കൂടുതൽ ഒഴിവുകൾ-440. ഇടുക്കി(341), കോഴിക്കോട്(289), കൊല്ലം(253) ജില്ലകളാണ് തൊട്ടു പിന്നിൽ. നാല് വർഷമാവും ഇവരുടെയും സേവനകാലാവധി.
1666 വില്ലേജുകളിൽ 1550 എണ്ണത്തിലാണ് ഡിജിറ്റൽ സർവേ നടക്കുക. എല്ലാ ജില്ലകളിലുമായി തിരഞ്ഞെടുത്ത 200 വില്ലേജുകളിലാവും ആദ്യം സർവേ. ഈ മാസം 12 മുതൽ 25വരെ ഗ്രാമസഭകളുടെ മാതൃകയിൽ വാർഡ് തലത്തിൽ സർവേ സഭകൾ നടത്തും. ഇന്ന് മുതൽ 20 വരെ ആദ്യഘട്ട സർവേ നടക്കുന്ന വില്ലേജുകളിലെ തദ്ദേശ സ്ഥാപന പ്രതിനിധികളുമായി റവന്യു, തദ്ദേശ മന്ത്രിമാരുടെ സാന്നിദ്ധ്യത്തിൽ ചർച്ച നടക്കും.
807 കോടി
ആകെ പദ്ധതി ചെലവ്
339 കോടി
റീ ബിൽഡ് കേരള നൽകിയത്
1550
ഡിജിറ്റൽ സർവേ നടക്കുന്ന വില്ലേജുകൾ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |