തിരുവനന്തപുരം:ബഹിരാകാശ വിക്ഷേപണത്തിൽ ഇന്ത്യയുടെ പടക്കുതിരയായ പി.എസ്.എൽ.വി. റോക്കറ്റ് നിലവിലുള്ള വിക്ഷേപണ ഒാർഡറുകൾ പൂർത്തിയാക്കിയശേഷം അരങ്ങൊഴിയും. മൂന്ന് പതിറ്റാണ്ട് പൂർത്തിയാക്കിയ പി.എസ്.എൽ.വി.യെ പിൻവലിക്കുകയാണെന്ന് ഐ.എസ്.ആർ.ഒ. ചെയർമാൻ ഡോ.എസ്. സോമനാഥാണ് വെളിപ്പെടുത്തിയത്. പകരം പുതിയ കാലത്തിന് യോജിച്ച കരുത്തൻ റോക്കറ്റ് അണിയറയിൽ ഒരുങ്ങുന്നു. പേരിട്ടിട്ടില്ലാത്ത പുതിയ റോക്കറ്റ് എൻ.ജെ.എൽ.വി. എന്നാണ് തൽക്കാലം അറിയപ്പെടുക. പി.എസ്.എൽ.വി.എന്ന് പിൻവലിക്കുമെന്നും പുതിയ റോക്കറ്റ് എന്ന് പുറത്തിറക്കുമെന്നും ഇപ്പോൾ പറയാനാവില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
1980കളിൽ ഇന്ത്യയ്ക്ക് ഒരു വിക്ഷേപണ റോക്കറ്റായിരുന്നു ആവശ്യം.അതുകൊണ്ടാണ് പി.എസ്.എൽ.വി ഉണ്ടായത്. ഇന്ന് ആവശ്യങ്ങൾ മാറി. പല വിക്ഷേപണങ്ങൾക്ക് ആവർത്തിച്ച് ഉപയോഗിക്കാവുന്ന കൂടുതൽ കരുത്തുള്ള റോക്കറ്റാണിപ്പോൾ വേണ്ടത്.
പുതിയ റോക്കറ്റ്
പത്ത് ടൺ ഭാരം വഹിക്കും
ഖര, ദ്രവ ഇന്ധനങ്ങൾക്ക് പകരം സെമി ക്രയോജനിക് ഇന്ധനം.
പുതിയ നിർമ്മാണ സാമഗ്രികളാവും ഉപയോഗിക്കുക.
ആധുനിക സോഫ്റ്റ്‌വെയറും ഉണ്ടാവും
#പി.എസ്.എൽ.വി.
ഐ.എസ്.ആർ.ഒ.യുടെ മൂന്നാംതലമുറ റോക്കറ്റാണ് പോളാർ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിൾ എന്ന പി.എസ്.എൽ.വി.
ഇന്ത്യയുടെ വിശ്വസ്ത ഉപഗ്രഹ വിക്ഷേപണ റോക്കറ്റ്.
1980 നവംബറിൽ തിരുവനന്തപുരത്തെ ഐ.എസ്.ആർ.ഒ. കേന്ദ്രങ്ങളായ എൽ.പി.എസ്.സി.യും ഇനേർഷ്യൽ സിസ്റ്റം യൂണിറ്റും ചേർന്ന് വികസിപ്പിച്ചു.
ഇന്ത്യയിൽ വികസിപ്പിച്ച ദ്രവ ഇന്ധനം ഉപയോഗിക്കുന്ന ആദ്യ റോക്കറ്റാണ്.
1993 സെപ്തംബർ 20ന് വിക്ഷേപണം തുടങ്ങി
ഇൗ വർഷം ജൂൺ വരെ 36 രാജ്യങ്ങൾക്കായി 345 ഉപഗ്രഹങ്ങൾ വിക്ഷേപിച്ചു
55 വിക്ഷേപണങ്ങളിൽ 52 എണ്ണവും വിജയം
.രണ്ടെണ്ണം പരാജയപ്പെട്ടു. ഒരെണ്ണം ഭാഗികമായി വിജയിച്ചില്ല.
2008ൽ ചന്ദ്രയാൻ ഒന്നും 2013ൽ ചൊവ്വയിലേക്ക് മംഗൾയാൻ
9 ഗതിനിർണ്ണയ ഉപഗ്രഹ ശൃംഖലയായ നാവിക്
ലോകത്താദ്യമായി 104 ഉപഗ്രങ്ങൾ ഒറ്റവിക്ഷേപണത്തിൽ പൂർത്തിയാക്കി
ഒന്നും മൂന്നും സ്റ്റേജുകളിൽ ഖരഇന്ധനവും രണ്ടും നാലും സ്റ്റേജുകളിൽ ദ്രവഇന്ധനവും ഉപയോഗിക്കുന്നു.
. ഉയരം 44മീറ്റർ. വ്യാസം 2.8മീറ്റർ.ഭാരം 320ടൺ, വാഹകശേഷി 1750കിലോഗ്രാം.
#പി.എസ്.എൽ.വി.ഇനി?
പി.എസ്.എൽ.വി. റോക്കറ്റ് ഐ.എസ്.ആർ.ഒ. നിർമ്മിക്കില്ലെങ്കിലും സ്വകാര്യ സംരംഭകർക്ക് നിർമ്മിക്കാം. സാങ്കേതിക വിദ്യ അവർക്ക് കൈമാറും.എത്രകാലം വേണമെങ്കിലും അവർക്ക് വിക്ഷേപണത്തിന് ഉപയോഗിക്കാം. നിലവിൽ എൽ.ആൻഡ് ടി.യും എച്ച്. എ.എല്ലും ചേർന്നുള്ള കൺസോർഷ്യം കമ്പനിക്ക് 825കോടിരൂപയ്ക്ക് നിർമ്മാണ കരാർ നൽകിയിട്ടുണ്ട്. ഇതിന്റെ നിയന്ത്രണം പുതിയ സ്ഥാപനമായ ന്യൂസ്പെയ്സ് ഇന്ത്യ ലിമിറ്റഡിനായിരിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |