SignIn
Kerala Kaumudi Online
Friday, 26 April 2024 5.37 PM IST

അപകടങ്ങൾ തുടർക്കഥയാകുമ്പോൾ

photo

വടക്കഞ്ചേരിയിൽ വിലപ്പെട്ട ഒൻപത് ജീവൻ പൊലിയാൻ ഇടയാക്കിയ വാഹനാപകടത്തിന്റെ പശ്ചാത്തലത്തിൽ ചില കാര്യങ്ങൾ ഓർമ്മപ്പെടുത്തുകയാണ്. ഇത്തരം അപകടങ്ങളിലേക്ക് നയിക്കാവുന്ന ഒരുപാട് അശ്രദ്ധകൾ ബസുടമകളുടെയോ ഡ്രൈവർമാരുടെയോ ഭാഗത്തുനിന്ന് ഉണ്ടാകുന്നുണ്ട്. അന്യസംസ്ഥാനങ്ങളിൽ നിന്നടക്കം ദിവസേന രണ്ടായിരത്തോളം ബസുകൾ കേരളത്തിൽ വന്നുപോകുന്നു. ഇവയുടെ സേവനങ്ങൾ പൊതുജനങ്ങൾക്ക് ആവശ്യവുമാണ്, പക്ഷേ മോട്ടോർ വാഹന നിയമങ്ങൾ പാലിക്കാൻ ഇവർ ബാധ്യസ്ഥരാണ് എന്ന വസ്തുത മറക്കരുത്.

2013 -14 കാലയളവിൽ ഈ ലേഖകൻ ആഡംബര ടൂറിസ്റ്റ് ബസുകളുടെ നിയമലംഘനങ്ങൾ തടയാൻ ചില കർശന നടപടികൾ നടപ്പാക്കിയിരുന്നു. അതിന്റെ ഭാഗമായി ഏകദേശം പതിനയ്യായിരത്തോളം ബസുകളിൽ സ്പീഡ് ഗവർണർ ( വേഗപ്പൂട്ട് ) സ്ഥാപിച്ചു. അവയുടെ പ്രവർത്തനം കാര്യക്ഷമമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൃത്യമായ പരിശോധനകളും നടത്തി. സ്പീഡ് ഗവർണർ ഘടിപ്പിച്ചിട്ടുള്ള ബസിന്റെ വേഗത 60 കി. മീറ്ററിൽ അധികം ഉയർത്താൻ സാധിക്കില്ല.

ബസുകളിലെ മയക്കുമരുന്നു കടത്തും ഇതോടൊപ്പം ചേർത്തു വായിക്കേണ്ടതാണ്. അക്കാലത്ത് തിരുവനന്തപുരത്ത് അരിസ്റ്റോ ജംഗ്ഷന് സമീപം ബസും യാത്രക്കാരേയും പരിശോധിക്കുന്ന പതിവുണ്ടായിരുന്നു. അന്തർസംസ്ഥാന യാത്രനടത്തുന്ന ബസുകൾ കേന്ദ്രീകരിച്ച് മയക്കുമരുന്ന് മാഫിയക്കാർ വൻതോതിൽ മയക്കുമരുന്ന് കടത്തുന്ന വിവരം മുൻകൂട്ടി അറിഞ്ഞ് കൃത്യസമയത്തെ ഇടപെടലിലൂടെ അത് തടയാൻ സാധിച്ചിട്ടുണ്ട്. ചില മയക്കുമരുന്നുകൾ പ്രത്യേക റൂട്ടുകൾ കേന്ദ്രീകരിച്ച് വരുന്നവയാണ്. ഉദാഹരണത്തിന് spasmo proxyvon മൈസൂർ നിന്ന് മുത്തങ്ങ വഴിയാണ് കേരളത്തിലേക്ക് വരുന്നത്. ഈ ലേഖകൻ എക്‌സൈസ് കമ്മിഷണർ ആയിരിക്കുമ്പോൾ ഇത്തരത്തിലുള്ള ഒരു ലക്ഷം ഗുളികകളെങ്കിലും പിടികൂടിയിട്ടുണ്ട്. അതുപോലെതന്നെ Amphetamine, codeine എന്നീ ലഹരി ഗുളികകൾ പോണ്ടിച്ചേരി-മാഹി വഴിയാണ് എത്തിക്കുന്നത്. മധ്യകേരളമാണ് പ്രധാനമായും ഇവയുടെ വിപണന കേന്ദ്രം. അവയും പിടികൂടാൻ സാധിച്ചിട്ടുണ്ട്.

ബസുകളിൽ യാത്രക്കാരുടെ ലഗേജ് അല്ലാത്തവ കൊണ്ടുപോകുന്നത് നിയമവിരുദ്ധമാണ്. നികുതി വെട്ടിക്കുക എന്ന ഉദ്ദേശത്തോടെ ചില സാധനങ്ങൾ (സ്‌പെയർ പാർട്സുകൾ, ഭക്ഷ്യധാന്യങ്ങൾ തുടങ്ങിയവ) ബസുകളിൽ കടത്തുന്നത് ശ്രദ്ധയിൽപ്പെട്ട സാഹചര്യത്തിൽ പാലക്കാട് ആർ.ടി.ഒ കൂടി ഉൾപ്പെട്ട ടീമിന്റെ സഹായത്തോടെ ഒന്നരക്കോടി രൂപ പിഴ ഈടാക്കിയ സംഭവം ഉണ്ടായിട്ടുണ്ട്. ഇത് ഒരു ജില്ലയിലെ മാത്രം കാര്യമാണെന്ന് ഓർക്കണം.

വർഷങ്ങൾ മുന്നോട്ടു പോയെങ്കിലും സാഹചര്യത്തിന് മാറ്രമുണ്ടായിട്ടില്ല.

സഞ്ചരിക്കുന്ന നിശാക്ലബ്ബോ സഞ്ചരിക്കുന്ന ഡി.ജെ പാർട്ടിയോ ഒക്കെയാണ് പല ടൂറിസ്റ്റ് ബസുകളും. നിയമം അനുസരിച്ച് ഓടുന്ന ബസിൽ കേൾപ്പിക്കാവുന്ന പാട്ടിന്റെ ഉയർന്ന ശബ്ദപരിധി 80 ഡെസിബൽ ആണ്. എന്നാലിപ്പോൾ റോഡിന് ഇരുവശവും ഉള്ള താമസക്കാർക്ക് പോലും കേൾക്കാവുന്ന തരത്തിൽ പാട്ടുകൾവച്ചാണ് ബസുകൾ ഓടുന്നത്.

ബസിനുള്ളിൽ ഫ്രിഡ്ജ് ഘടിപ്പിച്ച് മദ്യം ഉൾപ്പെടെയുള്ള ലഹരി വസ്തുക്കൾ സൂക്ഷിക്കുകയും യാത്രാവേളകളിൽ ഇതുപയോഗിക്കുകയും ചെയ്യുന്നത് സർവസാധാരണയായിരിക്കുന്നു. നിയമപ്രകാരം ഒരു വാഹനം നിർമ്മിക്കുമ്പോൾ ഉള്ളതിൽ കൂടുതൽ തീവ്രതയുള്ള ലൈറ്റുകൾ പിന്നീട് ഘടിപ്പിക്കാൻ പാടില്ല. എന്നാൽ എതിരെവരുന്ന വാഹനത്തിന്റെ ഡ്രൈവറുടെ കണ്ണഞ്ചിപ്പിക്കുന്ന തരത്തിൽ വാഹനത്തിന്റെ പലഭാഗങ്ങളിലും ലൈറ്റുകൾ ഘടിപ്പിക്കുന്ന പ്രവണത ഇന്ന് സാധാരണമാണ്. രാത്രികാല അപകടങ്ങൾക്ക് ഒരു പ്രധാന കാരണമാണിത്.

പതിനായിരത്തോളം ബസുകൾ പരിശോധിക്കാനും നിയമം കർശനമായി നടപ്പാക്കാനും ആവശ്യമായ നിയമ ഭേദഗതികൾക്കായി ഒരു പ്രൊപ്പോസൽ സമർപ്പിച്ചതിന്റെ തുടർച്ചയായി 400 തസ്തികകൾ സൃഷ്ടിച്ച് ജീവനക്കാരെ നിയമിക്കാൻ അന്നത്തെ ട്രാൻസ്‌പോർട്ട് വകുപ്പ് മന്ത്രി അനുമതി നൽകിയിരുന്നു. നിയമം പാലിക്കുന്നവരുടെ അഭാവമാണ് പലപ്പോഴും അപകടങ്ങൾ ക്ഷണിച്ചു വരുത്തുന്നത്. പിഴ ചുമത്തപ്പെടുമോ എന്ന ഭയം കൊണ്ടല്ല, മറിച്ച് നിയമം അനുസരിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തം ആണെന്ന ബോദ്ധ്യമുണ്ടാകണം. നിർഭാഗ്യവശാൽ നമുക്ക് അത്തരമൊരു സാമൂഹികബോധം ഇനിയും ഉണ്ടായിട്ടില്ല. അതിന്റെ ഫലമാണ് അകാലത്തിൽ പൊലിഞ്ഞു പോകുന്ന ഓരോ ജീവനും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ROAD SAFETY
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.