കണ്ണൂർ: ഗവർണർ-സർക്കാർ പോര് മുറുകവെ ഷോകോസ് നോട്ടീസ് തന്നതിൽ പ്രതികരണവുമായി കണ്ണൂർ യൂണിവേഴ്‌സിറ്റി വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ. ഗവർണർ തന്നോടല്ല തനിക്ക് ജോലിതന്ന ആളോടാണ് കാരണം ചോദിക്കേണ്ടതെന്ന് ഡോ. ഗോപിനാഥ് പ്രതികരിച്ചു. വൈസ് ചാൻസിലർ നിയമനത്തിനായി തന്റെ പേര് നിർദേശിക്കപ്പെട്ട സമയത്ത് പോലും താൻ കേരളത്തിൽ ഉണ്ടായിരുന്നില്ലെന്ന് ഗോപിനാഥ് രവീന്ദ്രൻ പറഞ്ഞു. കേരളത്തിലെ എല്ലാ വിസിമാർക്കെതിരെയും ഇത്തരം നടപടി സ്വീകരിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധിയിൽ ആഴ്‌ത്തിയതിന് പിന്നിൽ ഗവണർക്ക് മറ്റൊന്തോ രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്നും കണ്ണൂർ വിസി ആരോപിച്ചു.
ഡോ. ഗോപിനാഥ് രവീന്ദ്രന്റെ വാക്കുകൾ-
'ഗവർണർ എനക്ക് ഷോകോസ് നോട്ടീസ് തന്നത് എന്തിനാണെന്ന് മനസിലാകുന്നില്ല. എന്നെ എന്തിനാണ് നിയമിച്ചതെന്ന മറുപടി ഞാൻ എങ്ങനെയാണ് നൽകുക. എന്നെ നിയമിച്ച ആൾക്കാരാണ് ഷോകോസ് തരേണ്ടത്. ഞാനല്ലല്ലോ എന്നെതന്നെ നിയമിച്ചത്. എനക്ക് ജോലി തന്ന ആളോടാണ് ഇതൊക്കെ ചോദിക്കേണ്ടത്. എന്റെ പേര് വിസി നിയമനത്തിൽ പോയപ്പോൾ ഞാൻ കേരളത്തിൽ തന്നെ ഉണ്ടായിരുന്നില്ല.
മൂന്നാം തീയതിവരെ വെസ് ചാൻസലറായി ഞാനിവിടെയുണ്ടാകും. വിസിമാരുടെ നിയമനത്തെ കുറിച്ച് യുജിസി പറയുന്നുണ്ട്. പക്ഷേ, എങ്ങനെയാണ് ഒരാളെ പിരിച്ചുവിടേണ്ടതെന്ന് യുജിസി പറയുന്നില്ല. അത് ഓരോ സംസ്ഥാനത്തെയും യൂണിവേഴ്‌സിറ്റികളുടെ ആക്‌ടിലാണുള്ളത്. ആ ആക്‌ട് പ്രകാരം നമ്മൾ നൽകുന്ന മറുപടിയെ കുറിച്ച് അന്വേഷിക്കുന്നതിന് ഹൈക്കോടതിയിൽ നിന്നോ സുപ്രീം കോടതിയിൽ നിന്നോ വിരമിച്ച രണ്ട് ജഡ്‌ജിമാർ അംഗങ്ങളായ കമ്മിറ്റിയാണ് ചാൻസലർക്ക് റിപ്പോർട്ട് കൊടുക്കേണ്ടത്. ആ റിപ്പോർട്ട് അനുസരിച്ചാണ് ചാൻസലർ നടപടി എടുക്കേണ്ടത്.
കേരളത്തിലെ എല്ലാ വിസിമാർക്കെതിരെയും ഇത്തരം നടപടി സ്വീകരിച്ചുകൊണ്ട് ഉന്നത വിദ്യാഭ്യാസ രംഗത്തെ പ്രതിസന്ധിയിൽ ആഴ്‌ത്തിയതിന് പിന്നിൽ മറ്റെന്തോ രാഷ്‌ട്രീയ ലക്ഷ്യമുണ്ടെന്നു തന്നെയാണ് താൻ കരുതുന്നതെന്നും ഡോ. ഗോപിനാഥ് രവീന്ദ്രൻ പ്രതികരിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |