
കൊച്ചി: ഉദ്ഘാടനം കഴിഞ്ഞ എറണാകുളം- ബംഗളൂരു വന്ദേഭാരതിൽ സ്കൂൾ വിദ്യാർത്ഥികൾ ആർഎസ്എസ് ഗണഗീതം പാടിയത് വിമർശനങ്ങൾക്കും വാക്പോരിനുമാണ് വഴിയൊരുക്കുന്നത്. സംഭവത്തിൽ വിദ്യാഭ്യാസ മന്ത്രി പൊതു വിദ്യാഭ്യാസ ഡയറക്ടറോട് റിപ്പോർട്ട് നൽകാൻ നിർദേശിച്ചിരിക്കുകയാണ്. കുട്ടികളെ ഒരു പ്രത്യേക വിഭാഗത്തിന്റെ വർഗീയ അജണ്ടയ്ക്ക് വിനിയോഗിക്കുന്നത് ഭരണഘടനാ തത്വങ്ങളുടെ ലംഘനമാണെന്ന് ചൂണ്ടികാട്ടിയാണ് വിദ്യാഭ്യാസ മന്ത്രി നിർദേശം നൽകിയത്. പ്രതിപക്ഷനേതാവ് വിഡി സതീശനും വിഷയത്തിൽ പ്രതികരണവുമായി എത്തി. ഔദ്യോഗിക പരിപാടിയിൽ രാഷ്ട്രീയം കലർത്തരുതെന്ന് സതീശൻ ആവശ്യപ്പെട്ടു.
ഇപ്പോഴിതാ സംഭവവുമായി ബന്ധപ്പെട്ട് തൃശ്ശൂർ എംപിയും കേന്ദ്രമന്ത്രിയുമായ സുരേഷ്ഗോപിയുടെ പ്രതികരണമാണ് ചർച്ചയാകുന്നത്. വന്ദേഭാരത് ട്രെയിനിൽ ഗണഗീതം ചൊല്ലിയത് കുട്ടികളുടെ ആഘോഷങ്ങളുടെ ഭാഗമായിട്ടാണെന്നാണ് സുരേഷ്ഗോപി പറഞ്ഞത്. സംഗീതം ആസ്വദിക്കാനുള്ളതാണെന്നും തീവ്രവാദ ഗാനമൊന്നുമല്ലല്ലോ ചൊല്ലിയതെന്നും സുരേഷ്ഗോപി ചോദിച്ചു.
'ഗണഗീതം പാടിച്ചുവെന്നുള്ളത് ആരോപണം. കല്ലുകടിയാണത്. പാടിപ്പിച്ചു എന്ന് പറയുന്നതിന്റെ ദുരുദ്ദേശം ലോകത്തിന് മുഴുവൻ മനസിലാവും. അതവരുടെ കൈയിൽ വച്ചാൽ മതി. കുട്ടികളുടെ ആഘോഷങ്ങളുടെ ഭാഗമായിരുന്നു അത്. സംഗീതത്തിന് ഭാഷയില്ല, ജാതിയില്ല, മതമില്ല, ഒരു പുണ്ണാക്കുമില്ല. സംഗീതം ആസ്വദിക്കാൻ പറ്റണം. അങ്ങനെയുള്ള സംഗീതത്തിന് നിങ്ങൾ അവാർഡ് പോലും കൊടുക്കുന്നില്ലേ. ഞങ്ങൾ അവരെ പാടാൻ അനുവദിച്ചു, ആരും അവരെ തടഞ്ഞില്ല. അത് ആരുടെയും ഔദാര്യമല്ല.
പിന്നെ അത് തീവ്രവാദികളുടെ പാട്ടൊന്നുമല്ലല്ലൊ. സംഗീതമാണ്. ആസ്വദിക്കാൻ കഴിയുന്നില്ലെങ്കിൽ കാത് തിരിക്കൂ ഹൃദയം തിരിക്കൂ എന്ത് വേണമെങ്കിലും തിരിച്ചോളൂ. ആ കുഞ്ഞുങ്ങളുടെ മനസിലേക്ക് അവരാണ് വിഷം കുത്തി വയ്ക്കുന്നത്. അവരാണ് മറ്റു ചിന്തകൾ കുത്തി കയറ്റുന്നത്. അത് നിർത്തൂ. പകരം അത് ഉന്നയിച്ചവരില്ലേ, എന്റെ കൂടെ ധൈര്യം ഉണ്ടെങ്കിൽ രണ്ട് കോളനികളിൽ വരൂ, വളരെ പ്രക്ഷുബ്ധമായിട്ട് പറയുന്ന കാര്യമാണ്. വർഗീസ് കണ്ടം കുളത്തിൽ അടക്കം മോഡേൺ കോളനിയിലും, പാടുക്കാടും എന്റെ കൂടെ വരൂ. എന്താണ് നിങ്ങൾ 60 വർഷമായിട്ട് എസ്‌സിക്കാരോടും കുമ്പാരികളോടും ചെയ്തു കൊണ്ടിരിക്കുന്ന വഞ്ചന.അതൊക്കെയാണ് ചൂണ്ടികാണിക്കേണ്ടത്.അല്ലാതെ ഗണഗീതമല്ല'. സുരേഷ് ഗോപി കൂട്ടിച്ചേർത്തു.
അതേസമയം ദേശഭക്തിഗാനം എന്ന നിലയിൽ മാത്രമാണ് കുട്ടികൾ ഗണഗീതം ചൊല്ലിയതെന്നും ആസൂത്രിതമല്ലെന്നും സ്കൂൾ പ്രിൻസിപ്പൾ കെപി ഡിന്റോ പറഞ്ഞു. പാട്ടു പാടാൻ റെയിൽവേ ആവശ്യപ്പെട്ടിട്ടില്ല പങ്കെടുക്കാൻ എത്തിയവരാണ് പാടാൻ ആവശ്യപ്പെട്ടത്. വിവാദങ്ങളെ തുടർന്ന് കുട്ടികൾ ഭയത്തിലാണെന്നും പ്രിൻസിപ്പൽ വ്യക്തമാക്കി.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |