വർഷങ്ങൾക്ക് മുൻപ് ഞാൻ കേരളത്തിൽവന്ന കാലത്ത് കണ്ട ഒരു സിനിമയുണ്ട്. കെ.ജെ. ജോർജ് സംവിധാനംചെയ്ത പഞ്ചവടിപ്പാലം. ആ സിനിമയിൽ പഞ്ചായത്ത് പ്രസിഡന്റായ ഭർത്താവിന്റെ അധികാരം നഷ്ടപ്പെടാതിരിക്കാൻ പ്രസിഡന്റിന്റെ ഭാര്യ ഒരു സിദ്ധന്റെ സഹായം തേടുന്നുണ്ട്. അധികാരം നിലനിറുത്താൻ സഹായിക്കാമെന്നേറ്റ സിദ്ധൻ ഈ സ്ത്രീയെ കയറിപ്പിടിക്കുകയും അവർ അവിടെനിന്ന് വല്ല വിധേനയും രക്ഷപെട്ടു പോകുകയും ചെയ്യുന്നതായാണ് ചിത്രത്തിൽ കാണിക്കുന്നത്. ഇതൊരു സിനിമയിലെ സീൻ മാത്രമാണ്. എന്നാൽ ഇത് ജീവിതത്തിൽ ആണെങ്കിലോ?
കുറച്ചു ദിവസങ്ങൾക്കു മുൻപ് പത്തനംതിട്ട ഇലന്തൂരിലുണ്ടായ നരബലി സമൂഹത്തിൽ പരക്കെ ഞെട്ടലുണ്ടാക്കിയിട്ടുണ്ട്. ഇത്തരം സംഭവം ഇന്ത്യയിൽ ആദ്യത്തെയോ അവസാനത്തെയോ അല്ല. ഇത്തരം ചെറുതും വലുതുമായ നിരവധി സംഭവങ്ങൾ ഇതിന് മുൻപും രാജ്യത്തിന്റെ പലഭാഗങ്ങളിൽ ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും നൂറുശതമാനം സാക്ഷരർ എന്നഭിമാനിക്കുന്ന ഒരു ജനത അധിവസിക്കുന്ന ഒരു സമൂഹത്തിലാണ് നരബലി നടന്നതെന്ന കാര്യം അന്ധവിശ്വാസവും വിദ്യാഭ്യാസവും തമ്മിൽ വലിയ ബന്ധമൊന്നുമില്ലെന്ന യഥാർത്ഥ്യത്തിലേക്കാണ് വിരൽ ചൂണ്ടുന്നത്. കുറച്ചു വർഷങ്ങൾക്ക് മുൻപ് തിരുവനന്തപുരം ജില്ലയിൽ വിദ്യാസമ്പന്നനായ ഒരു ചെറുപ്പക്കാരൻ തന്റെ വൃദ്ധയും അന്ധയുമായ മുത്തശ്ശി ഉൾപ്പെടെയുള്ള കുടുംബാംഗങ്ങളെ കൊലപ്പെടുത്തി ആത്മാവ് ഇരട്ടിശക്തിയിൽ തിരിച്ചെത്തുന്നത് കാത്തിരുന്ന സംഭവം ഞാനോർക്കുന്നു.
അതുപോലെ തന്നെ ആന്ധ്രാപ്രദേശിൽ നന്നായി പഠിച്ചുകൊണ്ടിരുന്ന പെൺമക്കളെ ദേവപ്രീതിക്കായി കൊലപ്പെടുത്തി അവർ പുനർജ്ജനിക്കുന്നത് കാത്തിരുന്ന മാതാപിതാക്കളും വിദ്യാഭ്യാസമുള്ളവർ തന്നെയായിരുന്നു. യു.പി, ബീഹാർ പോലുള്ള സാക്ഷരത കുറവുള്ള സംസ്ഥാനങ്ങളിൽ ഒരുപക്ഷേ അന്ധവിശ്വാസങ്ങൾക്കെതിരെയുള്ള ബോധവൽക്കരണത്തിന്റെ അഭാവം ഉണ്ടായിരിക്കാം. എന്നാൽ പ്രബുദ്ധ ജനത എന്നഭിമാനിക്കുന്ന കേരളത്തിന് ഇത് തീർത്തും അപമാനമാണ്.
വിശ്വാസം എന്നത് ഓരോ മനുഷ്യന്റേയും വ്യക്തിപരമായ കാര്യമാണ്. അതിൽ തെറ്റ് പറയാനില്ല. എന്നാൽ പ്രാകൃത പ്രവൃത്തികളെ വിശ്വാസത്തിന്റെ കഴുത്തിൽ തൂക്കി മാനസിക വൈകൃതവും രതി വൈകൃതവും ഉള്ള ക്രിമിനലുകൾ നിയമത്തിന്റെ കൈയിൽപ്പെടാതെ സമൂഹത്തിൽ വിലസി നടക്കാൻ അനുവദിച്ചുകൂടാ.
ഇന്ത്യയിൽ പലേടത്തും ഇത്തരം വാർത്തകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
എന്റെ അഭിപ്രായത്തിൽ ഇത്തരത്തിൽ ആഭിചാരം, മന്ത്രവാദം, കൂടോത്രം തുടങ്ങിയ പ്രവൃത്തികൾ നടത്തി ദുരാത്മാക്കളെ ഒഴിപ്പിക്കാം, കുടുംബത്തിൽ ഐശ്വര്യം കൊണ്ടുവരാം എന്നൊക്കെ പറഞ്ഞു കബളിപ്പിച്ച് പണം തട്ടിക്കുന്ന സിദ്ധൻമാരിൽ പലരും സ്വഭാവവൈകൃതങ്ങൾ ഉള്ളവരാണ്. ഇവരുടെ ആഭിചാര പൂജയുടെ പ്രധാന ഉദ്ദേശ്യം തന്നെ സ്ത്രീകളെ/പെൺകുട്ടികളെ ലൈംഗികമായി ഉപയോഗിക്കുക എന്നതാണ്. (ഹരിയാനയിലെ റാം റഹിം സിംഗ്, രാം പാൽ, ഉത്തർപ്രദേശിൽ ശിവമൂർത്തി ദ്വിവേദി, അതുപോലെ രാജസ്ഥാനിൽ കുഞ്ഞുങ്ങളെ ലൈംഗികമായി ഉപയോഗിക്കുന്ന ആശാറാം ബാപ്പു തുടങ്ങിയവരുടെ കേസുകളിൽ എല്ലാം തന്നെ ഇത്തരത്തിൽ ലൈംഗിക അതിക്രമം കണ്ടിട്ടുണ്ട്. ഇവർ ഇപ്പോൾ ജയിലിൽശിക്ഷ അനുഭവിച്ചുകൊണ്ടിരിക്കുന്നു)
ഇവരെ നിയമത്തിനു മുന്നിൽ കൊണ്ടുവന്ന് പരമാവധിശിക്ഷ കഴിയുമെങ്കിൽ വധശിക്ഷ തന്നെ നടപ്പിലാക്കണം. (നമ്മുടെ രാജ്യത്ത് വധശിക്ഷ നടപ്പിലാക്കുക എന്നത് അത്ര എളുപ്പമല്ലെന്ന വസ്തുത വിസ്മരിക്കുന്നില്ല) എങ്കിലും ഇത്തരം നീചമായ കൃത്യങ്ങൾ ചെയ്യുന്ന കുറ്രവാളികൾ വീണ്ടും പൊതുസമൂഹത്തിൽ ഇറങ്ങി ജീവിക്കുന്നത് എത്രത്തോളം ഭീഷണിയാണെന്ന് ചിന്തിച്ചെങ്കിലും കടുത്തശിക്ഷ ഉറപ്പാക്കണം. ആഭിചാരത്തിനെതിരെ നിയമനിർമ്മാണം നടപ്പിൽവരുത്തിയ കർണാടകയിൽ പോലും പരമാവധി ഏഴ് വർഷമാണ് ശിക്ഷാകാലാവധി.
ആഭിചാരത്തിനെതിരെ നിയമനിർമ്മാണം വേണമെന്ന ആവശ്യം ശക്തമാകുമ്പോഴും ഇത് എത്രത്തോളം പ്രയോഗികമാകും എന്നറിയില്ല. ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായി ഇവിടെ നടത്തിവരുന്ന ഗരുഡക്കാവടി പോലെയുള്ള സ്വയംപീഡനം (ശരീരമാശകലം ശൂലം തറച്ച് കമ്പിയിൽ കൊളുത്തി കെട്ടിത്തൂക്കി വാഹനത്തിൽ നഗരപ്രദക്ഷിണം നടത്തുന്നത് ) ജെല്ലിക്കെട്ട് തുടങ്ങിയ ജന്തുപീഡനം ഒക്കെത്തന്നെ നിയമം മൂലം നിരോധിക്കേണ്ടതാണ്. ജെല്ലിക്കെട്ട് പോലുള്ള വിഷയത്തിൽ സുപ്രീം കോടതിയുടെ ഇടപെടൽ ഉണ്ടായിട്ടുതന്നെ പ്രായോഗികനടപടികൾ സാദ്ധ്യമായിരുന്നില്ല. ശൂലംകുത്തലിന് എതിരെ നിയമം ഉണ്ടായാലും ജെല്ലിക്കെട്ട് വിഷയം പോലെ പ്രാദേശികവാദം ഉയർത്തി പലരും മുന്നോട്ട് വന്നേക്കും. ഇതിന് കാരണം മനുഷ്യൻ അവൻ അതുവരെ പാലിച്ചുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ശരിയോ തെറ്റോ എന്നതിനപ്പുറം വിശ്വാസം,ആചാരം, വൈകാരികത എല്ലാംകൂടി കെട്ടുപിണഞ്ഞ് ആ അവസ്ഥയിൽ നിന്ന് പുറത്തുകടക്കാൻ മാനസികമായി തയ്യാറല്ല എന്നതാണ്. ഈ വൈകാരികതയിൽ നിന്ന് പുറത്തുകടന്ന് ബൗദ്ധികമായി ചിന്തിച്ച് തുടങ്ങുന്നിടത്താണ് ഒരു സമൂഹം പരിഷ്‌കൃതമാകുന്നത്. തീർച്ചയായും നമ്മൾ അത്തരത്തിൽ പരിഷ്‌കൃതരാകേണ്ടിയിരിക്കുന്നു. ഒപ്പം നമ്മുടെ നിയമങ്ങളും കൂടുതൽ പരിഷ്‌കരിക്കേണ്ടിയിരിക്കുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |