തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖസമരവുമായി ബന്ധപ്പെട്ട് തീരശോഷണം പഠിക്കാനായി ജനകീയ പഠനസമിതിയെ നിയോഗിച്ചതായി സമരസമിതി. മൂന്ന് മാസത്തിനകം പഠനറിപ്പോർട്ട് സമർപ്പിക്കുമെന്ന് സമരസമിതി വാർത്താ സമ്മേളനത്തിലൂടെ അറിയിച്ചു. കേരളാ യൂണിവേഴ്സിറ്റി ഓഫ് ഷിഷറീസ് ആൻഡ് ഓഷ്യൻ സ്റ്റഡീസ് മുൻ ഡീൻ ഡോ. കെ.വി.തോമസിന്റെ അധ്യക്ഷതയിലാണ് തീരശോഷണ പഠനം നടത്തുക. വിഴിഞ്ഞം സമരത്തിന് പിന്തുണ നൽകുന്ന ചില സംഘടനകൾക്ക് വിദേശ ഫണ്ട് ലഭിച്ചുവെന്ന ആരോപണം സമരസമിതി നിഷേധിച്ചു. ഇത് സംബന്ധിച്ചുണ്ടാകുന്ന ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്ന് ലത്തീൻ അതിരൂപത വ്യക്തമാക്കി സമരത്തിനിടയിൽ മാദ്ധ്യമ പ്രവർത്തകരെ കയ്യേറ്റം ചെയ്ത സംഭവത്തിൽ സമരസസമിതി ഖേദം പ്രകടിപ്പിക്കുകയുമുണ്ടായി.
അതേ സമയം വിഴിഞ്ഞം സമരത്തിൽ സർക്കാർ നടത്തുന്ന സമവായ നീക്കങ്ങളെ പ്രതിസന്ധിയിലാക്കിക്കൊണ്ട് സമര സമിതി പുതിയ ആവശ്യങ്ങൾ ഉന്നയിച്ചിരുന്നു. ഫിഷറീസ് മന്ത്രി അബ്ദു റഹിമാൻ നടത്തിയ അനൗദ്യോഗിക ചർച്ചയിലാണ് വീട് നഷ്ടപ്പെട്ട് ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന മത്സ്യത്തൊഴിലാളി കുടുംബങ്ങൾക്ക് ദേശീയപാതാ വികസനത്തിന് സമാനമായ നഷ്‌ടപരിഹാരം നൽകണമെന്നും മൂന്ന് സെന്റ് ഭൂമി വീതം പതിച്ച് നൽകണമെന്നും ലത്തീൻ അതിരൂപത വികാരി ജനറലും സമരസമിതി ജനറൽ കൺവീനറുമായ യൂജിൻ പെരേര ആവശ്യപ്പെട്ടത്.
ഇത് നടക്കുന്ന കാര്യമല്ലെന്ന് മറുപടി നൽകിയ മന്ത്രി ആവശ്യങ്ങൾ എഴുതി നൽകാനും നിർദ്ദേശിച്ചു. ഇത് മുഖ്യമന്ത്രിക്ക് സമർപ്പിക്കാമെന്നും മന്ത്രി അറിയിച്ചു.
മൃഗസംരക്ഷണവകുപ്പിൽ നിന്നും ഏറ്റെടുത്ത മുട്ടത്തറയിലെ എട്ട് ഏക്കർ ഭൂമിയിൽ ഫ്ലാറ്റ് നിർമാണം തുടങ്ങാനിരിക്കെയാണ് സമരസമിതിയുടെ പുതിയ ആവശ്യം. മന്ത്രിസഭാ ഉപസമിതി നടത്തിയ അഞ്ച് ചർച്ചകളും പരാജയപ്പെട്ടതോടെയാണ് സർക്കാർ അനൗദ്യോഗിക ചർച്ച നടത്തിയത്. ഇതിലും സമവായ സാദ്ധ്യത അടഞ്ഞതോടെ ഹൈക്കോടതി നിർദ്ദേശ പ്രകാരം തുടർനടപടി സ്വീകരിക്കാമെന്ന നിലപാടിലാണ് സർക്കാർ എന്നാണ് സൂചന.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |