ഭാവിയിൽ തനിക്കൊരിക്കലും അമ്മയാകാൻ സാധിച്ചേക്കില്ലെന്ന് അമേരിക്കൻ ഗായികയും നടിയുമായ സെലീന ഗോമസ്. റോളിംഗ് സ്റ്റോണിന് നൽകിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഭാവിയിൽ അമ്മയാകണമെന്ന് ആഗ്രഹമുണ്ടെങ്കിലും ബൈപ്പോളാർ ഡിസീസിന് ചികിത്സയിലായിരിക്കുന്നതിനാൽ ഇതിന് സാധിച്ചേക്കില്ലെന്ന് സെലീന ഗോമസ് പറഞ്ഞു.
ബൈപ്പോളാർ ഡിസോർഡർ സ്ഥിരീകരിച്ചതായി 2020ലാണ് താരം സമൂഹമാദ്ധ്യമത്തിലൂടെ വെളിപ്പെടുത്തിയത്. ഗർഭിണിയാകാൻ തയ്യാറെടുക്കുന്ന ഒരു സുഹൃത്തിനെ അടുത്തിടെ സന്ദർശിച്ചുവെന്നും തിരികെ പോകുമ്പോൾ തനിക്കതിന് സാധിക്കുന്നില്ലല്ലോ എന്നോർത്ത് കരഞ്ഞുവെന്നും സെലീന അഭിമുഖത്തിനിടെ പറഞ്ഞു. ബൈപ്പോളാർ ഡിസീസിന് രണ്ട് തരം ചികിത്സകളാണ് നിലവിൽ സെലീനയ്ക്കുള്ളത്. എന്നിരുന്നാലും ഭാവിയിൽ കുട്ടികൾ വേണമെന്ന് തോന്നിയാൽ മറ്റ് മാർഗങ്ങൾ അടക്കം ചിന്തിക്കുമെന്നും മുപ്പതുകാരിയായ ഗായിക പറഞ്ഞു. 2014ൽ സെലീനയ്ക്ക് ഓട്ടോ ഇമ്മ്യൂൺ ഡിസീസ് ആയ ലുപസ് സ്ഥിരീകരിച്ചിരുന്നു. പിന്നാലെ വൃക്ക മാറ്റിവയ്ക്കലിനും താരം വിധേയയായിരുന്നു.
സെലീന ഗോമസിന്റെ ഡോക്യുമെന്ററിയായ ' സെലീന ഗോമസ്: മൈ മൈൻഡ് ആന്റ് മീ' അടുത്തിടെയാണ് പുറത്തിറങ്ങിയത്. താരത്തിന്റെ ജീവിതത്തിന്റെ ഉയർച്ച താഴ്ചകളും പ്രതിസന്ധികളും മറ്റും വിഷയമാക്കിയുള്ള ഡോക്യുമെന്ററി ഏറെ ശ്രദ്ധനേടുകയാണ്. അടുത്തിടെ മുപ്പതാം ജന്മദിനത്തിന് സെലീന ഗോമസ് വിവാഹഫോട്ടോഷൂട്ട് നടത്തിയതും ഏറെ വാർത്തയായിരുന്നു. 25ാം വയസിൽ വിവാഹിതയാകാൻ ഏറെ ആഗ്രഹിച്ചിരുന്നെന്നും എന്നാലത് സാധിക്കാത്തതിനാൽ സ്വന്തമായി ഒരു വിവാഹപാർട്ടി നടത്തുകയായിരുന്നെന്നും സെലീന പറഞ്ഞു. സെലീനയുടെ അടുത്ത സുഹൃത്തുക്കളും പ്രശസ്ത ഗായകരുമായ മിലി സിറസ്, ഒലിവിയ റോഡ്രിഗോ, ബില്ലി ഐലിഷ്, കാര ഡെലിവിൻഗ്‌നെ എന്നിവർ പാർട്ടിയിൽ പങ്കെടുത്തിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |