ഇന്ന് ആൺ- പെൺ വ്യത്യാസമോ പ്രായവ്യത്യാസമോയില്ലാതെ മിക്കവരെയും അലട്ടുന്ന പ്രശ്നമാണ് മുടികൊഴിച്ചിൽ. ഇരുപത്തിയഞ്ച് മുതൽ നൂറ് മുടിനാരുകൾ വരെ സാധാരണയായി എല്ലാവർക്കും കൊഴിയാറുണ്ട്. എന്നാൽ ഇതിൽ കൂടുതൽ ആകുമ്പോഴാണ് പ്രശ്നം ഗൗരവമായി എടുക്കേണ്ടത്. പലവിധ കാര്യങ്ങൾ മുടികൊഴിച്ചിലിന് കാരണമാകാറുണ്ട്. ജീവിതശൈലി, ആഹാരം, സമ്മർദ്ദങ്ങൾ, ഹോർമോൺ വ്യതിയാനങ്ങൾ തുടങ്ങിവ മുടികൊഴിച്ചിലിന് കാരണമാകാം. എന്നാൽ ഒരു സമീകൃത ആഹാരത്തിന് ഇതിന് പരിഹാരമുണ്ടാക്കാൻ സാധിക്കും. ഈ ഭക്ഷപദാർത്ഥങ്ങൾ നിങ്ങളുടെ ആഹാരക്രമത്തിൽ ഉൾപ്പെടുത്തിനോക്കൂ, മാറ്റം തിരിച്ചറിയാനാകും.
രാജ്‌മ (ബ്ളാക്ക് ബീൻസ്/ കറുത്ത പയർ)
ആരോഗ്യപരമായ മുടിവളർച്ചയ്ക്ക് ആവശ്യമായ പോഷകങ്ങളായ നാരുകൾ, പ്രോട്ടീൻ, ഫോളേറ്റ് എന്നിവ ധാരാളമായി അടങ്ങിയ രാജ്‌മ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് മുടികൊഴിച്ചിലിന് വളരെ മികച്ച പരിഹാരമാണ്. നല്ല കട്ടിയുള്ള മുടി വേണമെന്ന് ആഗ്രഹമുള്ളവരും രാജ്‌മ കഴിക്കുന്നത് പതിവാക്കിയാൽ മതി.
മധുര കിഴങ്ങ്
ബീറ്റാ കരോട്ടിൻ ഉയർന്ന അളവിൽ അടങ്ങിയിരിക്കുന്ന മധുരക്കിഴങ്ങ് വിറ്റാമിൻ എ ആഗിരണം ചെയ്യുന്നതിന് സഹായിക്കുന്നു. മുടി കട്ടിയുള്ളതാകുന്നതിന് വിറ്റാമിൻ എ വളരെ പ്രധാനമാണ്. മുടിയുടെ ആരോഗ്യസംരക്ഷണത്തിനും ഈർപ്പം നിലനിർത്തുന്നതിനും വിറ്റാമിൻ എ അനിവാര്യമാണ്. മധുരക്കിഴങ്ങ് കഴിക്കുന്നതിലൂടെ നമ്മുടെ ശരീരത്തിൽ വിറ്റാമിൻ എ എത്തുകയും ഇതിലൂടെ മുടി ആരോഗ്യമുള്ളതും കട്ടിയുള്ളതുമാക്കാൻ സഹായിക്കുകയും ചെയ്യുന്നു.
പാൽ ഉത്‌പന്നങ്ങൾ
പാൽ ഉത്‌പന്നങ്ങളായ പാൽ, ബട്ടർ, വെണ്ണ, യോഗർട്ട് തുടങ്ങിയവ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുന്നത് ഏറെ ഗുണം ചെയ്യും. മുടികൊഴിച്ചിൽ തടയുന്നത് മാത്രമല്ല മുടി കട്ടിയുള്ളതാക്കാനും സഹായിക്കും.
ഓട്‌സ്
ശരീരഭാരം കുറയ്ക്കാനും കൊളസ്‌ട്രോൾ, ഡയബറ്റീസ് തുടങ്ങിയവ നിയന്ത്രണത്തിലാക്കാനും സഹായിക്കുന്ന ഓട്‌സിന് മുടികൊഴിച്ചിലിനും പരിഹാരമേകാൻ സഹായിക്കും. ഫൈബർ ധാരാളം അടങ്ങിയിട്ടുള്ള ഓട്‌സ് ഇരുമ്പ്, സിങ്ക്, ഒമേഗ-6 ഫാറ്റി ആസിഡ് എന്നിവയാലും ,സമ്പന്നമാണ്. ആഴ്ചയിൽ ഇടയ്ക്കിടെ പ്രഭാതഭക്ഷണം ഓട്‌സ് ആക്കുന്നത് മുടിയ്ക്ക് നല്ല ആരോഗ്യം ലഭിക്കാൻ സഹായിക്കും.
ചീര
മുടികൊഴിച്ചിൽ തടയണമെന്ന് ആഗ്രഹിക്കുന്നവർ ആഴ്ചയിൽ രണ്ടുതവണയെങ്കിലും ചീര ഭക്ഷണത്തിൽ ഉൾപ്പെടുത്തണം. മുടിയുടെ ആരോഗ്യത്തിന് ആവശ്യമായ വിറ്റാമിൻ എ, വിറ്റാമിൻ സി, ഫോളേറ്റ്, ഇരുമ്പ് എന്നിവ ചീരയിൽ ധാരാളമായി അടങ്ങിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |