SignIn
Kerala Kaumudi Online
Wednesday, 07 January 2026 12.42 PM IST

ലഹരി മാഫിയ പിടിമുറുക്കുമ്പോൾ

Increase Font Size Decrease Font Size Print Page

photo

ലഹരി സംഘത്തിന്റെ ആക്രമണത്തിൽ തലശേരിയിൽ ബന്ധുക്കളായ രണ്ടുപേർ കുത്തേറ്റു മരിച്ച സംഭവം ഭീകരമായി വർദ്ധിക്കുന്ന ലഹരി മാഫിയകളുടെ കൂസലില്ലായ്മയ്ക്കു തെളിവാണ്. കൊല്ലപ്പെട്ട ഖാലിദ് എന്നയാളിന്റെ പുത്രനെ തലേദിവസം ആക്രമിച്ചു പരിക്കേല്പിച്ചിരുന്നു. കഞ്ചാവു വില്പനയെ ചോദ്യം ചെയ്തതിന്റെ പേരിലായിരുന്നു ഇത്. ആശുപത്രിയിലായ യുവാവിനൊപ്പം നിന്ന പിതാവായ ഖാലിദിനെയും സഹോദരീഭർത്താവിനെയും ലഹരിവില്പന സംഘം അനുനയരൂപത്തിൽ വിളിച്ചിറക്കുകയായിരുന്നു. വർത്തമാനം സംഘർഷത്തിലും തുടർന്ന് കൊലയിലും കലാശിച്ചു.

സംസ്ഥാനത്തെവിടെയും ഇന്ന് കഞ്ചാവും മയക്കുമരുന്നും സുലഭമാണ്. ലഹരിവസ്തുക്കളുടെ കടത്തിലും വില്പനയിലും ഏർപ്പെട്ട സംഘങ്ങൾ എവിടെയും സ്വൈരവിഹാരം നടത്തുകയാണ്. ലഹരിക്കച്ചവടം തടയാൻ പൊലീസും എക്സൈസും ആവുംവിധം ശ്രമിച്ചിട്ടും അവരുടെയൊക്കെ കണ്ണുവെട്ടിച്ച് വില്പന പൊടിപൊടിക്കുന്നു . മാരകമായ മയക്കുമരുന്നുകടത്തിലും വില്പനയിലും ഏർപ്പെട്ട 4423 പേരാണ് കഴിഞ്ഞ മുപ്പതു ദിവസത്തിനുള്ളിൽ പിടിക്കപ്പെട്ടത്. 4169 കേസുകളും രജിസ്റ്റർ ചെയ്തിട്ടുണ്ട്. പിടികൂടുന്ന കേസുകൾ യഥാർത്ഥത്തിലുള്ളതിന്റെ ഒരുശതമാനം പോലും വരില്ലെന്ന് സാക്ഷ്യപ്പെടുത്തുന്നതും നിയമപാലകർ തന്നെ. ലഹരി ഉത്പന്നങ്ങളുടെ സ്ഥിരം ഉപയോക്താക്കളിൽ പ്രായപൂർത്തിയാകാത്ത കുട്ടികളും ഉൾപ്പെടുന്നു. വിദ്യാലയ പരിസരത്തുള്ള കടകളിൽ ലഹരി വില്പന കണ്ടെത്തിയാൽ കട പൂട്ടിക്കാൻ വകുപ്പുണ്ട്. എന്നാൽ എവിടെയെങ്കിലും അത്തരത്തിലൊരു നടപടി സ്വീകരിച്ചതായി കേട്ടിട്ടില്ല. സ്‌കൂൾ കുട്ടികൾക്കിടയിൽപ്പോലും ലഹരി ഉപയോഗം കൂടിവരുന്നതായാണ് റിപ്പോർട്ടുകൾ. സർക്കാർ കർമ്മപദ്ധതിയും കർക്കശ നടപടികളുമൊക്കെ എടുത്തിട്ടും ലഹരിക്കച്ചവടക്കാരെ പൂട്ടാൻ കഴിയുന്നില്ലെന്നത് ഗൗരവപൂർവം കാണേണ്ടതാണ്.

കഞ്ചാവിന്റെയും മറ്റു സകല ലഹരി ഉത്‌പന്നങ്ങളുടെയും വില്പനയും ഉപയോഗവും നിയന്ത്രണാതീതമായി തുടരുമ്പോഴാണ് സംസ്ഥാന സർക്കാർ നാലുശതമാനം വില്പന നികുതി വർദ്ധിപ്പിച്ച് വിദേശമദ്യങ്ങൾക്കെല്ലാം വില കൂട്ടിയിരിക്കുന്നത്. ഇതോടെ മദ്യത്തിന് വില്പന നികുതി 251 ശതമാനമായി ഉയർന്നിരിക്കുകയാണ്. മദ്യം അവശ്യവസ്തു അല്ലാത്തതിനാലും ഒരുവിധ സൗജന്യങ്ങളും നൽകേണ്ടാത്തതുകൊണ്ടും അതിന് എത്ര വിലകൂട്ടിയാലും പ്രശ്നമില്ലെന്നതാണ് സർക്കാരിന്റെ ചിന്താഗതി. എന്നാൽ സമൂഹത്തെയും കുടുംബങ്ങളെയും ഇത് എങ്ങനെയെല്ലാം ബാധിക്കുന്നു എന്ന് ചിന്തിക്കുന്നില്ല. എ.കെ. ആന്റണി ചാരായ നിരോധനം ഏർപ്പെടുത്തിയത് പാവപ്പെട്ട തൊഴിലാളികൾ കൂലിയായി കിട്ടുന്ന പണമത്രയും ചാരായഷാപ്പിൽ തുലയ്ക്കരുതെന്നു കരുതിയാണ്. സംസ്ഥാനത്ത് ലഹരിപദാർത്ഥങ്ങളുടെ കടത്തും വില്പനയും യഥാർത്ഥത്തിൽ അധികരിക്കാൻ തുടങ്ങിയത് പ്രത്യാഘാതം വിലയിരുത്താതെ ഒറ്റയടിക്കു ചാരായം നിരോധിച്ചപ്പോഴാണ്. മദ്യപാനം ശീലമാക്കിയവർ കുറഞ്ഞ വിലയ്ക്കു മദ്യം കിട്ടാതായപ്പോൾ ആദ്യമൊക്കെ അതിനെക്കാൾ വിലകുറഞ്ഞ ലഹരിവസ്തുക്കൾ തേടിപ്പോയി. പിന്നീട് ഉമ്മൻചാണ്ടി സർക്കാർ ബാറുകൾ ഒറ്റയടിക്ക് പൂട്ടിയതോടെ ലഹരിവില്പന സാർവത്രികവുമായി. പൂട്ടിയ ബാറുകളെല്ലാം പിന്നീട് തുറന്നെങ്കിലും സമാന്തരമായി ലഹരിവസ്തുക്കളും മയക്കുമരുന്നുകളും അരങ്ങുവാഴുന്ന കാഴ്ചയാണ് ഇപ്പോൾ.

TAGS: NARCOTICS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY