എറണാകുളം ജില്ലയിലെ നൂറ്റാണ്ടുകൾ പഴക്കമുള്ളതും ചരിത്ര പ്രാധാന്യവുമുള്ള കക്കാട് ശ്രീപുരുഷമംഗലം ശ്രീകൃഷ്ണ ക്ഷേത്രം ഭാരതത്തിലെ തന്നെ അത്യപൂർവ ക്ഷേത്രങ്ങളിലൊന്നാണ്. വിരാടരൂപത്തിലാണ് ഭഗവാൻ ഇവിടെ ദർശനം നൽകുന്നത്. വർഷത്തിൽ 18 ദിവസം ഭഗവാൻ വിശ്വരൂപത്തിലാണ് ദർശനം നൽകുന്നത്. ഈ വർഷം ഡിസംബർ 16 മുതൽ 2023 ജനുവരി രണ്ട് വരെയാണ് വിശ്വരൂപ ദർശനം ലഭിക്കുക.
ഈ ദിവസങ്ങളിൽ മദ്ധ്യമപാണ്ഡവനായ അർജുനൻ രാത്രിയിൽ ശ്രീകൃഷ്ണ വിഗ്രഹത്തിൽ പൂജ ചെയ്യുമെന്നാണ് വിശ്വാസം. കുരുക്ഷേത്ര യുദ്ധം നടന്ന 18 ദിവസം ധനു ഒന്നിനാണ് ആരംഭിക്കുന്നത്. ഈ ദിവസം ഭഗവാന്റെ വിശ്വരൂപം ദർശിക്കാൻ സാധിക്കുന്ന ഭക്തന് ജീവിതത്തിലെ പ്രതിസന്ധികളെ തരണം ചെയ്യാനുള്ള മനക്കരുത്ത് ലഭിക്കുമെന്നാണ് വിശ്വാസം. ജീവിതത്തിലെ ഏത് ദുഖവും തരണം ചെയ്യാനും ഈ ദിവസങ്ങളിൽ ഭഗവാനെ പ്രാർത്ഥിക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിശ്വാസം. ലോകത്തിന്റെ പല ഭാഗത്തുനിന്നും നിരവധി ഭക്തരാണ് ഇവിടെ വിശ്വരൂപ ദർശനത്തിനായി എത്തുന്നത്.
കുരുക്ഷേത്ര യുദ്ധ ദിനങ്ങളിൽ ഭഗവാൻ ശ്രീകൃഷ്ണൻ കഴിച്ചിരുന്ന പഞ്ചദ്രവ്യങ്ങളടങ്ങിയ നിവേദ്യമാണ് ഭക്തർക്ക് പ്രസാദമായി നൽകുന്നത്. ഇത് കഴിക്കുന്നതിലൂടെ വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന രോഗപ്രതിരോധം സാദ്ധ്യമാകുമെന്നാണ് വിശ്വാസം. ധനാഭിവൃദ്ധിക്കായുള്ള ആദികൂർമ പൂജയും ഇവിടുത്തെ പ്രത്യേകതയാണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |