സമൂഹമാദ്ധ്യമങ്ങൾ തന്നെ 'കൊന്നതിൽ' പ്രതികരിച്ച് പ്രശസ്ത സീരിയൽ നടൻ മധു മോഹൻ അത്ര പെട്ടെന്ന് ഞാൻ മരിക്കില്ലെന്ന് മലയാള സീരിയൽ രംഗത്തെ ആദ്യ സൂപ്പർ സ്റ്റാർ എന്ന വിശേഷണത്തിന് അർഹനായ മധു മോഹൻ. ഇന്നലെ രാവിലെയാണ് മധുമോഹന്റെ മരണവാർത്ത സമൂഹ മാദ്ധ്യമങ്ങളിൽ പ്രചരിച്ചത്.'' ഞാൻ സുഖമായി ജീവിച്ചിരിക്കുന്നു. ഇനി മരിച്ചാൽ മരണവാർത്ത ആരും നൽകില്ല. കുറെ ആളുകളെകൂടി ദ്രോഹിക്കാനുണ്ട്."'പുരട്ചി തലെവർ എം.ജി.ആറിന്റെ ചെന്നൈ എം.ജി.ആർ. ഗാർഡനിലെ വീട്ടിലിരുന്ന് പൊട്ടിച്ചിരിയോടെ മധുമോഹൻ കേരള കൗമുദിയോട് പറഞ്ഞു. ഒരുകാലത്ത് ദൂരദർശനിലെ സീരിയലുകളിലൂടെ മലയാളികളുടെ പ്രിയനായകനായി മാറിയ താരമായിരുന്നു മധുമോഹൻ. മാനസി, സ്നേഹസീമ തുടങ്ങി സൂപ്പർ ഹിറ്റ് സീരീയിലുകളുടെ നായകനും സംവിധായകനുമായി തിളങ്ങിയ മധുമോഹന് സ്ത്രീ പ്രേക്ഷകരായിരുന്നു ആരാധകർ. ദൂരദർശന്റെ പ്രതാപ കാലമായിരുന്നു അത്.
സീരിയലിലെ സൂപ്പർ സ്റ്റാർ, സീരിയൽ മമ്മൂട്ടി തുടങ്ങിയ പേരുകളിൽ മധു മോഹൻ അറിയപ്പെട്ടു. മധുമോഹൻ രചനയും സംവിധാനവും നിർവഹിച്ച കുടുംബവിശേഷം സീരിയലിൽ സിനിമ താരങ്ങളാണ് കൂടുതലായി അഭിനയിച്ചത്.
''ഞാൻ മരിച്ചോ, ഇല്ലയോ എന്നറിയാൻ എന്നെ തന്നെയാണ് വിളിക്കുന്നത്. പബ്ളിസിറ്റിക്കുവേണ്ടി പടച്ചുവിടുന്ന വാർത്തകൾക്കുപിന്നാലെ പോവാൻ എനിക്ക് താത്പര്യമില്ല.അതിനാൽ പരാതിയുമില്ല. ചെയ്തത് തെറ്റാണ്. അന്വേഷിച്ചിട്ട് വാർത്ത കൊടുക്കുകയാണ് വേണ്ടത്. സീ ടിവിയിലും വിജയ് ടിവിയിലും രണ്ട് സീരിയൽ ചെയ്യുന്നു. മലയാളം സീരിയിൽ രംഗത്തേക്ക് വീണ്ടും വരുന്നുണ്ട്. ജീവിച്ചിരിക്കുമ്പോൾ മരണവാർത്ത കേട്ടാൽ ദീർഘായുസ് കൂടുമത്രേ.""ചിരിയോടെ മധുമോഹൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |