തിരുവനന്തപുരം : സംസ്ഥാന സർക്കാരിന്റെ 2020ലെ മാദ്ധ്യമ പുരസ്‌കാരങ്ങളിൽ മികച്ച കാർട്ടൂണിനും ഫോട്ടോഗ്രഫിക്കുമുള്ള പുരസ്‌കാരം കേരളകൗമുദിക്ക്. 'കൊറോണം' എന്ന കാർട്ടൂണിന് കേരള കൗമുദി കാർട്ടൂണിസ്റ്റ് ടി.കെ. സുജിത്ത് അർഹനായി. മികച്ച ഫോട്ടോഗ്രഫിക്കുള്ള പുരസ്‌കാരത്തിനാണ് കേരളകൗമുദി കൊച്ചി യൂണിറ്റിലെ ചീഫ് ന്യൂസ് ഫോട്ടോഗ്രാഫർ എൻ.ആർ. സുധർമ്മദാസ് അർഹനായത്. 'അമ്മമനം' എന്ന അടിക്കുറിപ്പോടെയുള്ള ഫോട്ടോയ്ക്കാണ് അവാർഡ്.
തൃശൂർ തിരുമിറ്റക്കോട് പരേതനായ ടി ആർ കുമാരന്റേയും പി ആർ തങ്കമണിയുടേയും മകനായ സുജിത്തിന് പതിനൊന്നാം തവണയാണ് സംസ്ഥാനമാദ്ധ്യമ അവാർഡ് ലഭിക്കുന്നത്. മീഡിയ അക്കാദമി ഫെല്ലോഷിപ്പ് ,മായാകാമത്ത് ദേശീയ അവാർഡ് എന്നിവ കൂടാതെ തിരുവനന്തപുരം പ്രസ് ക്ലബ് അവാർഡ് എട്ടുതവണയും കേരള ലളിതകലാ അക്കാദമി അവാർഡ് മൂന്നുതവണയും അടക്കം നിരവധി പുരസ്‌കാരങ്ങൾ നേടിയിട്ടുണ്ട്. അഭിഭാഷകയായ എം.നമിതയാണ് ഭാര്യ, എംജി കോളേജിലെ സോഷ്യോളജി വിദ്യാർഥി അമൽ ,കോട്ടൺ ഹിൽ സ്‌കൂളിലെ ഏഴാം ക്ലാസ് വിദ്യാർത്ഥി ഉമ എന്നിവരാണ് മക്കൾ
കേരള പത്രപ്രവർത്തക യൂണിയൻ സംസ്ഥാന വിക്ടർ ജോർജ് അവാർഡ്, എൻ.വി. പ്രഭു സ്മാരക മാദ്ധ്യമ അവാർഡ്, നാഷണൽ ചൈൽഡ് ഡെവലപ്‌മെന്റ് കൗൺസിൽ മാദ്ധ്യമ അവാർഡ്, സംസ്ഥാന പരിസ്ഥിതി അവാർഡ്, ഉത്രാടം തിരുനാൾ മാർത്താണ്ഡവർമ്മ പുരസ്‌കാരം, ആലപ്പുഴ ബീച്ച് ഫെസ്റ്റ് ടൂറിസം ഫേട്ടോഗ്രഫി അവാർഡ് (2011,2012), പത്രാധിപർ സ്മാരക മാദ്ധ്യമ അവാർഡ്, പബ്ളിക് റിലേഷൻസ് കൗൺസിൽ ഒഫ് ഇന്ത്യ മാദ്ധ്യമ അവാർഡ്(2014,2015), സംസ്ഥാന സ്‌കൂൾ കലോത്സവ അവാർഡ്, കുടുംബശ്രീ സംസ്ഥാന ഫേട്ടോഗ്രഫി അവാർഡ് (2018,2019), സി.കെ. ജയകൃഷ്ണൻ ന്യൂസ് ഫേട്ടോഗ്രഫി അവാർഡ്, ലീലമേനോൻ മാധ്യമ പുരസ്‌കാരം, കെ.എൻ. ഗോപിനാഥ് മാദഞ്ഞധ്യമ പുരസ്‌കാരം, ഫേട്ടോ വൈഡ് ന്യൂസ് ഫേട്ടോഗ്രഫി അവാർഡ്, ഗാന്ധി ഭവൻ ന്യൂസ് ഫേട്ടോഗ്രഫി അവാർഡ് ഉൾപ്പെടെ നിരവധി പുരസ്‌കാരങ്ങൾ സുധർമ്മദാസ് നേടിയിട്ടുണ്ട്. ചേർത്തല പാണാവള്ളി നീലംകുളങ്ങര രവീന്ദ്രൻ ശാന്തി രാധ ദമ്പതികളുടെ മകനാണ് സുധർമ്മദാസ് . ഭാര്യ സന്ധ്യ (സർവീസ് സഹകരണ ബാങ്ക് പൂച്ചാക്കൽ) മകൾ നിവേദിത മണപ്പുറം രാജഗിരി സ്‌കൂൾ നാലാംക്ലാസ് വിദ്യാർത്ഥിനിയാണ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |