തൃശൂർ : കിസാൻ സഭ ദേശീയ സമ്മേളനത്തിന്റെ ഭാഗമായുള്ള കൊടിമര, പതാക, ദീപശിഖ ജാഥകൾക്ക് ആവേശോജ്ജ്വല സ്വീകരണം. ആയിരക്കണക്കിന് പ്രവർത്തകരുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ജാഥകളെ നഗരത്തിലേക്ക് വരവേറ്റു. ഇന്നലെ ജില്ലാ അതിർത്തികളായ കടവല്ലൂർ, വാണിയമ്പാറ, പൊങ്ങം എന്നിവിടങ്ങളിൽ നിന്നാണ് ജാഥകളെ സി.പി.എം നേതാക്കളുടെയും കർഷക തൊഴിലാളികളുടെയും സംഘാടക സമിതിയുടെയും നേതൃത്വത്തിൽ സ്വീകരിച്ചത്. കൊടിമരജാഥകൾക്കും ദീപശിഖാ പ്രയാണത്തിനും വൻ വരവേൽപ്പാണ് നൽകിയത്. പുന്നപ്ര വയലാർ സ്മൃതി മണ്ഡപത്തിൽ നിന്നും കർഷകസംഘം സംസ്ഥാന പ്രസിഡന്റ് എം.വിജയകുമാർ നയിക്കുന്ന പതാകജാഥയ്ക്ക് പൊങ്ങത്തും കയ്യൂരിൽ നിന്ന് സംസ്ഥാന സെക്രട്ടറി വത്സൻ പനോളി നയിക്കുന്ന കൊടിമര ജാഥയ്ക്ക് കടവല്ലൂരിലും സ്വീകരണം നൽകി.
കീഴ്‌വെൺമണിയിൽ നിന്ന് അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി വിജു കൃഷ്ണൻ, തെലുങ്കാനയിൽ നിന്ന് പി.കൃഷ്ണപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ആരംഭിച്ച ദീപശിഖാ പ്രയാണങ്ങളെ വാണിയമ്പാറയിലും ആഘോഷത്തോടെ വരവേറ്റു. 35ാം സംസ്ഥാന സമ്മേളനമായതിനാൽ മൂന്ന് ജാഥകളിലും 35 റെഡ് വളണ്ടിയർമാർ ചെങ്കൊടിയേന്തിയുള്ള ബുള്ളറ്റുകളിൽ അകമ്പടിയായി. ഇന്നലെ രാവിലെ ജാഥകൾ ജില്ലാ അതിർത്തികളിലെത്തി. ബൈക്കുകളുടെയും നിരവധി വാഹനങ്ങളുടെയും അകമ്പടിയോടെ ആനയിച്ച് ശക്തൻ നഗറിലെത്തി. പിന്നീട് മഹാറാലിയായി പൊതുസമ്മേളന നഗരിയായ തേക്കിൻകാട് മൈതാനിയിലേക്ക് നീങ്ങി.
കാർഷിക സ്മരണകൾ നിറഞ്ഞ മുദ്രാവാക്യങ്ങളോടെ, വിവിധ കലാരൂപങ്ങളുടെയും ട്രാക്ടറുകളുടെയും അകമ്പടിയോടെ സമ്മേളന നഗരിയിൽ ജാഥയെത്തി. സംഘാടകസമിതി ചെയർമാൻ മന്ത്രി കെ.രാധാകൃഷ്ണനാണ് പതാക ഉയർത്തിയത്. കിസാൻസഭ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറി ഇ.പി ജയരാജൻ ദീപശിഖ തെളിച്ചു.
നേതാക്കളായ അഖിലേന്ത്യാ ജനറൽ സെക്രട്ടറി ഹന്നൻമൊള്ള, ജോയിന്റ് സെക്രട്ടറി എൻ.കെ ശുക്ല, പി.കെ ബിജു, ഗോപി കോട്ടമുറിക്കൽ, സി.കെ രാജേന്ദ്രൻ, എം.പ്രകാശൻ, ബേബി ജോൺ, എ.സി മൊയ്തീൻ, ഡോ.വിജു കൃഷ്ണൻ, എം.വിജയകുമാർ, എം.പ്രകാശൻ, മുരളി പെരുനെല്ലി, പി.കെ ഡേവിസ് മാസ്റ്റർ, പി.ആർ വർഗീസ് മാസ്റ്റർ തുടങ്ങിയവർ പങ്കെടുത്തു.
ലക്ഷങ്ങൾ അണിനിരക്കുന്ന പൊതുസമ്മേളനം
സമ്മേളനത്തിന്റെ ഭാഗമായുള്ള പൊതുസമ്മേളനം 16ന് നഗരത്തിൽ നടക്കും. ഒരു ലക്ഷത്തിലധികം പേർ പങ്കെടുക്കുന്ന മഹാറാലിയും പൊതുസമ്മേളനവും നടക്കും. പൊതുസമ്മേളനം വെള്ളിയാഴ്ച തേക്കിൻകാട് മൈതാനിയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
803 പ്രതിനിധികൾ
പ്രതിനിധി സമ്മേളനം ഇന്ന് രാവിലെ പുഴയ്ക്കൽ ലുലു കൺവെൻഷൻ സെന്ററിൽ ആരംഭിക്കും. 10.30ന് കിസാൻസഭ ദേശീയ ജനറൽ സെക്രട്ടറി ഹനൻ മൊള്ള ഉദ്ഘാടനം ചെയ്യും. 803 പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കും. സെമിനാറുകളിൽ സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട്, എ.വിജയരാഘവൻ എന്നിവർ പങ്കെടുക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |