കാൻബെറ : കരയിലും കടലിലുമായി ഒട്ടനവധി സ്പീഷീസിൽപ്പെട്ട പാമ്പുകൾ ഉണ്ട്. ഇവയിൽ വിഷമുള്ളതും വിഷമില്ലാത്തവയുമുണ്ട്. ലോകത്തെ ഏറ്റവും ഭാരമേറിയ പാമ്പ് ഗ്രീൻ അനാകോണ്ടയാണെന്ന് നമുക്കറിയാം. അതേ സമയം, ലോകത്തെ ഏറ്റവും നീളം കൂടിയ പാമ്പെന്ന റെക്കോഡ് റെറ്റിക്കുലേറ്റഡ് പൈത്തണ് ആണ്.
തെക്ക്, തെക്ക് - കിഴക്കൻ ഏഷ്യയിലാണ് ഈ സ്പീഷീസുകളെ കണ്ടുവരുന്നത്. 28 അടി വരെ ഇവ നീളം വയ്ക്കുമെന്ന് കരുതുന്നു. 1912ൽ ഇൻഡോനേഷ്യയിലെ സുലവേസിയിൽ നിന്ന് കണ്ടെത്തിയ ഒന്നിന്റെ നീളം 32 അടി 9.5 ഇഞ്ചായിരുന്നു. ! അനാകോണ്ടയും റെറ്റിക്കുലേറ്റഡ് പൈത്തണും വേണ്ടി വന്നാൽ മനുഷ്യനെ വിഴുങ്ങാൻ പോലും മടിയില്ലാത്തവരാണ്.
എന്നാൽ വിഷപ്പാമ്പുകളുടെ കൂട്ടത്തിലെ വില്ലൻമാർ ആരൊക്കെയാണെന്ന് അറിയാമോ ? 600 ഓളം വിഷപ്പാമ്പ് സ്പീഷീസുകളിൽ 200 എണ്ണത്തിന് മാത്രമാണ് മനുഷ്യനെ കൊല്ലാനോ അല്ലെങ്കിൽ ജീവന് അപകടം സൃഷ്ടിക്കാനോ ശേഷിയുള്ളവ. ലോകത്തെ ഏറ്റവും നീളം കൂടിയ വിഷപ്പാമ്പ് രാജവെമ്പാലയാണ്.
എന്നാൽ ഏറ്റവും വീര്യമേറിയ വിഷമുള്ള പാമ്പ് ഏതാണ് ?. ബ്ലാക് മാംബ, റസൽസ് വൈപ്പർ, സോ-സ്കേൽഡ് വൈപ്പർ തുടങ്ങിയവ ഈ ഗണത്തിൽപ്പെടുന്നവയാണെങ്കിലും വിഷത്തിന്റെ വീര്യത്തിൽ ഏറ്റവും അപകടകാരിയെന്ന് കരുതുന്ന പാമ്പാണ് ഇൻലാൻഡ് തായ്പാൻ.
ഓസ്‌ട്രേലിയൻ സ്വദേശിയായ ഇൻലാൻഡ് തായ്പാന്റെ ഒറ്റക്കടിയിലൂടെ പുറത്തുവരുന്ന വിഷത്തിന് ഏകദേശം നൂറ് പേരുടെ ജീവനെടുക്കാൻ സാധിക്കുമത്രെ.! മനുഷ്യന്റെ കാര്യം ഇങ്ങനെയെങ്കിൽ മറ്റ് ജീവികളുടെ കാര്യം ആലോചിച്ച് നോക്കൂ. 250,000ത്തോളം എലികളെ ഇത്രയും മാത്രം വിഷത്തിന് കൊല്ലാനാകും.
ഇത്രയ്ക്കും ഭീകരനാണെങ്കിലും ഇൻലാൻഡ് തായ്പാനുകൾ പൊതുവെ ആരുടെയും ശല്യമില്ലാതെ മനുഷ്യവാസമില്ലാത്ത വിജനമായ പ്രദേശങ്ങളിൽ ജീവിക്കാൻ ഇഷ്ടപ്പെടുന്നവയാണ്. മാത്രമല്ല പ്രകോപനങ്ങളിൽ നിന്ന് പരമാവധി ഒഴിഞ്ഞുമാറാൻ ഇക്കൂട്ടർ ശ്രമിക്കുന്നു. എന്നാൽ തങ്ങളുടെ ജീവന് ഭീഷണിയെന്ന് കണ്ടാൽ ഇവയും ആക്രമിക്കും. ഇവ മനുഷ്യരുടെ മുന്നിൽപ്പെടുന്നതും അപൂർവമാണ്.
ചതുരാകൃതിയിലുള്ള തലയാണ് ഇവയ്ക്ക്. 5 അടി മുതൽ 8 അടി വരെ നീളം കാണപ്പെടുന്നു ഇവയ്ക്ക്. പുലർച്ചെയാണ് ഇവ കൂടുതലും പുറത്തിറങ്ങുന്നത്. മണ്ണിൽ ആഴത്തിലുള്ള വിണ്ണലുകളും ജീവികളുടെ മാളങ്ങളുമൊക്കെ ഇവയക്ക് പ്രിയപ്പെട്ട ഇടങ്ങളാണ്. ഓസ്ട്രേലിയക്ക് പുറത്ത് ഇൻലാൻഡ് തായ്‌പെനുകൾ അത്ര സുപരിചിതർ അല്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |