ഗുരുവായൂർ: കുചേലദിനത്തിലെ പ്രധാന വഴിപാടായ അവിൽ നിവേദ്യം ഓൺലൈനിൽ ബുക്ക് ചെയ്യാമെന്ന ദേവസ്വം അറിയിപ്പ് പുറത്തിറങ്ങിയ നിമിഷം മുതൽ ഓൺലൈനിൽ ബുക്ക് ചെയ്യാനാകാതെ ഭക്തർ. ദേവസ്വത്തിന്റെ വെബ്സൈറ്റിലൂടെ അവിൽ ബുക്ക് ചെയ്യാൻ ശ്രമിക്കുമ്പോൾ ബുക്കിംഗ് തീർന്നതായാണ് കാണിക്കുന്നത്. ചൊവ്വാഴ്ച രാവിലെ മുതൽ ദേവസ്വം വെബ്്സൈറ്റിലൂടെ അവിൽ നിവേദ്യം അഡ്വാൻസായി ബുക്ക് ചെയ്യാമെന്ന അറിയിപ്പ് ദേവസ്വം പുറത്തിറക്കിയിരുന്നത് തിങ്കളാഴ്ച വൈകുന്നേരമാണ്. ഈ മാസം 18 വരെയുള്ള ദിവസങ്ങളിൽ നേരിട്ടും ഓൺലൈനായും അഡ്വാൻസായി അവിൽ നിവേദ്യം ബുക്ക് ചെയ്യാമെന്നും ഒരാൾക്ക് ടിക്കറ്റ് ഒന്നിന് 21 രൂപ നിരക്കിൽ പരമാവധി മൂന്ന് ടിക്കറ്റുകളാണ് (63 രൂപയുടെ) നൽകുകയെന്നുമാണ് അറിയിപ്പിൽ പറഞ്ഞിരുന്നത്. അഡ്വാൻസ് ബുക്കിംഗ് കഴിഞ്ഞ് ബാക്കി വരുന്ന ടിക്കറ്റുകൾ 20 ന് വൈകിട്ട് അഞ്ച് മുതൽ ക്ഷേത്രം ടിക്കറ്റ് കൗണ്ടറിൽ വിതരണം ചെയ്യുമെന്നും അറിയിച്ചിരുന്നു. എന്നാൽ ദേവസ്വം വെബ്സൈറ്റിൽ ഓൺലൈനായി ബുക്ക് ചെയ്യാൻ ശ്രമിക്കുന്നവരെ നിരാശപ്പെടുത്തി ബുക്കിംഗ് തീർന്നതായാണ് കാണിക്കുന്നത്. ഇതുമൂലം ദൂരെദിക്കിലുള്ള ഭക്തർക്ക് അവിൽ നിവേദ്യം ബുക്ക് ചെയ്യാനാകാതെ ബുദ്ധിമുട്ടിലായി. എന്നാൽ ക്ഷേത്രത്തിലെ അഡ്വാൻസ് ബുക്കിംഗ് കൗണ്ടർ വഴി അവിൽ ബുക്ക് ചെയ്യുന്നതിന് തടസമില്ല. ഈ മാസം 21നാണ് കുചേലദിനം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |