തിരുവനന്തപുരം: കാർഷിക രംഗം ആധുനികവത്കരിക്കാനും ലോകമെമ്പാടുമുള്ള കാർഷിക ഗവേഷണ ഫലങ്ങൾ കർഷകരിൽ എത്തിക്കാനും അക്ഷീണം യത്നിച്ച വ്യക്തിയായിരുന്നു മുൻ കൃഷിവകുപ്പ് ഡയറക്ടർ ആർ.ഹേലിയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.കേരളത്തെ ഭക്ഷ്യ സ്വയംപര്യാപ്തമാക്കാനുള്ള ശ്രമങ്ങളിൽ ഹേലിയുടെ സംഭാവനകൾ വിസ്‌മരിക്കാനാകാത്തതാണെന്നും അദ്ദേഹം പറഞ്ഞു.ആർ.ഹേലിയുടെ രണ്ടാം ചരമവാർഷികത്തോടനുബന്ധിച്ച് മാസ്കോട്ട് ഹോട്ടലിൽ നടന്ന ചടങ്ങിൽ അനുസ്‌മരണ സന്ദേശം നൽകുകയായിരുന്നു മുഖ്യമന്ത്രി. ഹേലിയുടെ മകളും ആലപ്പുഴ മെഡിക്കൽ കോളജിലെ പ്രൊഫസറുമായ ഡോ. പൂർണിമ ഹേലിയാണ് ചടങ്ങിൽ മുഖ്യമന്ത്രിയുടെ സന്ദേശം വായിച്ചത്.
ആർ.ഹേലി: കാർഷിക രംഗത്തിന്റെ എഴുത്തച്ഛൻ എന്ന ഗ്രന്ഥം മന്ത്രി കെ. കൃഷ്ണൻകുട്ടി പ്രകാശനം ചെയ്തു.പാൽവില നിശ്ചയിക്കാൻ രൂപരേഖയുണ്ടാക്കി കേരളത്തിലെ പശുവളർത്തൽ സംരക്ഷിക്കാൻ ഹേലി നൽകിയ സംഭാവനകൾ മറക്കാനാകില്ലെന്ന് മന്ത്രി പറഞ്ഞു. 'കൃഷിയാണ് നട്ടെല്ല്" എന്ന ശ്രീനാരായണഗുരുവിന്റെ ആശയം പ്രാവർത്തികമാക്കാൻ ഒരായുസ് മുഴുവൻ പ്രയത്നിച്ച കാർഷിക ശാസ്ത്രജ്ഞനാണ് ആർ. ഹേലിയെന്ന് ദീപപ്രകാശനം നടത്തിയ ശിവഗിരി ധർമ്മസംഘം പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ പറഞ്ഞു. കെ.പി. മോഹനൻ എം.എൽ.എ, പുസ്തകം എഡിറ്റുചെയ്ത ഡോ. വിശ്രീകുമാർ, സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദൻ,ഡോ.എ. നീലലോഹിത ദാസ് തുടങ്ങിയവർ പങ്കെടുത്തു. മുൻ എം.എൽ.എ ജമീല പ്രകാശം സ്വാഗതവും ഹേലിയുടെ മകൻ പ്രശാന്ത് ഹേലി നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |