SignIn
Kerala Kaumudi Online
Friday, 19 April 2024 2.16 PM IST

ഫ്രഞ്ച് മുത്തമോ,മൊറോക്കൻ മാജിക്കോ ?

france-morroco

ലോകകപ്പിൽ ഇന്ന് ഫ്രാൻസും മൊറോക്കോയും തമ്മിലുള്ള രണ്ടാം സെമിഫൈനൽ

രാത്രി 12.30 മുതൽ സ്പോർട്സ് 18ലും ജിയോ സിനിമയിലും ഡിഡി സ്പോർട്സിലും

ദോഹ : വീണ്ടുമൊരു കിരീടത്തിൽ ഉമ്മവയ്ക്കാൻ കൊതിച്ച് ഫ്രാൻസ്. ഈ ലോകകപ്പിലെ അത്ഭുതക്കാഴ്ചകളുടെ മൊത്തവിൽപ്പനക്കാരായി മൊറോക്കോ. ഇന്ന് അൽ ബൈത്ത് സ്റ്റേഡിയത്തിൽ ഇരു ടീമുകളും തമ്മിൽ ഫൈനൽ ബർത്തിനായി പോരിനിറങ്ങുമ്പോൾ ആവേശം കൊള്ളുക ആരാധകരാണ്.

സൂപ്പർ താരങ്ങളായ കരിം ബെൻസേമയും പോൾ പോഗ്ബയും എൻഗോളോ കാന്റെയുമടക്കമുള്ള പ്രതിഭാശാലികൾ ഇല്ലാതെ എത്തിയിട്ടുപോലും കിരീടസാദ്ധ്യതയിൽ ഏറ്റവും മുന്നിലുണ്ടായിരുന്ന ടീമാണ് ഫ്രാൻസ്. തങ്ങളിൽ പ്രതീക്ഷയർപ്പിച്ചവരുടെ വിശ്വാസം ഒട്ടും തെറ്റിക്കാത്ത പ്രകടനമാണ് ദിദിയെർ ദെഷാംപ്സിന്റെ കുട്ടികൾ ഇതുവരെ പുറത്തെടുത്തത്. മറുവശത്ത് ഈ ലോകകപ്പിലെ വമ്പന്മാരെ ഓരോരുത്തരെയായി വെട്ടിവീഴ്ത്തിയുള്ള ഒരു മാന്ത്രിക യാത്രയായിരുന്നു മൊറോക്കോയുടേത്. ലോക റാങ്കിംഗിലെ രണ്ടാം സ്ഥാനക്കാരായ ബെൽജിയവും മുൻ ചാമ്പ്യന്മാരായ സ്പെയ്നും ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ പോർച്ചുഗലും അവരുടെ കുതിപ്പിന് മുന്നിൽ തകർന്നുവീണു.

പവർഫുൾ ഫ്രാൻസ്

1.കഴിഞ്ഞ തവണ ഫ്രാൻസിനെ ലോകചാമ്പ്യൻമാരാക്കുന്നതിൽ മുഖ്യപങ്കുവഹിച്ച കിലിയൻ എംബാപ്പെ തന്നെയാണ് ഇത്തവണയും ഫ്രാൻസിന്റെ കുന്തമുന. ഈ ലോകകപ്പിൽ ഇതുവരെ 5 ഗോളുകൾ നേടി ടോപ് സ്കോറർ സ്ഥാനത്തുള്ള എംബാപ്പെയുടെ വേഗതയ്ക്കൊപ്പം എത്തുകയെന്നത് എതിർ പ്രതിരോധ നിരയ്ക്ക് വലിയ വെല്ലുവിളിയാണ്.

2. ഒളി​വർ ജിറൂദ്, അന്റോയിൻ ഗ്രീസ്മാൻ, ഒസ്‌മാനെ ഡെംബലെ എന്നീ ലോകോത്തര മുന്നേറ്റ നിരക്കാർ ഏത് പ്രതിസന്ധിയിൽ നിന്നും ടീമിനെ കരകയറ്രാൻ കെൽപ്പുള്ളവരാണ്. ഖത്തറിൽ ഇതുവരെ നാലുഗോളുകൾ നേടിക്കഴിഞ്ഞ ജിറൂദ് ബെൻസേമയുടെ അഭാവം നികത്തുന്നു.

3.മിഡ്ഫീൽഡിൽ ഓഹെലിയാൻ ഷുവാമെനിയുടെ പ്രകടനം ഈ ലോകകപ്പിൽ ഫ്രഞ്ച് കുതിപ്പിൽ നിർണായകമായി. എൻഗോളോ കാന്റെയുടെ കുറവ് പരിഹരിക്കുന്ന പ്രകടനമാണ് ഈ ഇരുപതുകാരൻ പുറത്തെടുത്തത്.

4. പ്രതിരോധമാണ് ഫ്രാൻസിന് അൽപ്പമെങ്കിലും തലവേദനയുണ്ടാക്കുന്നത്. കിംപെംബെയേപ്പോലുള്ള കരുത്തരെ പരിക്ക് മൂലം നഷ്ടപ്പെട്ട ഫ്രാൻസ് പ്രതിരോധം ലോകകപ്പിൽ ഇതുവരെ വലിയ രീതിയിൽ പരീക്ഷിക്കപ്പെട്ടിട്ടില്ല. എന്നാൽ ഇതുവരെ കളിച്ച അഞ്ചുമത്സരങ്ങളിലും ഒാരോ ഗോൾ വഴങ്ങിയിരുന്നു.

5. സൈഡ് ബഞ്ചിന് കരുത്ത് പോരായെന്ന് പലപ്പോഴും വെളിപ്പെട്ടിട്ടുണ്ട്. എംബാപ്പെയെയും ജിറൂദിനെയും മൊറോക്കോ പൂട്ടിയാൽ ദെഷാംപ്സിന് മറുതന്ത്രം മെനയുക പ്രയാസമാകും.

ഫ്രാൻസ്

കോച്ച് : ദിദിയെർ ദെഷാംപ്സ്

ക്യാപ്ടൻ: ഹ്യൂഗോ ലോറിസ്

മികച്ച പ്രകടനം : 1998ലും 2018ലും ചാമ്പ്യൻമാരായി.

സെമിയിലേക്കുള്ള വഴി

ഫ്രാൻസ്

ഗ്രൂപ്പ് ഡി ചാമ്പ്യൻമാർ

Vs ഓസ്ട്രേലിയ 4-1

Vs ഡെൻമാർക്ക് 2-1

Vs ടുണീഷ്യ 0-1

പ്രീക്വാർട്ടർ

Vs പോളണ്ട് 3-1

ക്വാർട്ടർ

Vs ഇംഗ്ളണ്ട് 2-1

സാധ്യതാ ഇലവൻ
ഫ്രാൻസ്: ലോറിസ്,കൗണ്ടേ, വരാനെ,ഉപമെക്കാനൊ, ഹെർണാണ്ടസ്(ഡിഫൻഡർമാർ), ഷുവാമെെനി,റാബിയോട്ട് (ഡിഫൻസീവ് മിഡ്ഫീൽഡർമാർ), ഗ്രീസ്മാൻ,ഡെംബലെ,എംബാപ്പ,( അറ്റാക്കിംഗ് മിഡ്ഫീൽഡർമാർ) ജിറൂദ് (സ്ട്രൈക്കർ).

ശക്തികേന്ദ്രങ്ങൾ

1. ഒളിവർ ജിറൂദ്

ഈ ലോകകപ്പിൽ ഇതുവരെ നാലുഗോളുകൾ നേടിക്കഴിഞ്ഞ സ്ട്രൈക്കർ. ബോക്സിനുള്ളിൽ ഹൈബാളുകൾ കളിക്കാനുള്ള കഴിവാണ് ജിറൂദിനെ വ്യത്യസ്തനാക്കുന്നത്. മികച്ച ഹെഡറുകളിലൂടെ ഗോൾ നേടാൻ ശ്രമിക്കുന്നു.

2.റാഫേൽ വരാനെ

ഫ്രഞ്ച് പ്രതിരോധത്തിലെ ഏറ്റവും പരിചയ സമ്പന്നൻ.സ്പാനിഷ് ക്ളബ് റയൽ മാഡ്രിഡിനൊപ്പം നിരവധി കിരീടവിജയങ്ങളിൽ പങ്കാളിയായി. നല്ല ഉയരമാണ് വരാനെയുടെ പ്ളസ് പോയിന്റ്.സെറ്റ് പീസുകളിൽ നിന്ന് ഹെഡറുകളിലൂടെ ഗോൾ നേടാനും പരിശ്രമിക്കുന്നു.

3. അഡ്രിയാൻ റാബിയോട്ട്

ഫ്രാൻസിന്റെ നിശബ്ദ പോരാളിയാണ് റാബിയോട്ട്. പ്രതിരോധനിരയ്ക്ക് തൊട്ടുമുന്നിലാണ് ഈ ഡിഫൻസീവ് മിഡ്ഫീൽഡറുടെ സ്ഥാനം. എതിരാളികളുടെ മുന്നേറ്റങ്ങൾ ബോക്സിനുള്ളിലേക്ക് കടക്കാതെ പിടിച്ചെടുക്കുകയും സ്വന്തം മുന്നേറ്റനിരയിലേക്ക് പന്തെത്തിക്കുകയുമാണ് ചുമതല.

4. ഉപമെക്കാനോ

ഫ്രഞ്ച് സെന്റർ ബാക്കാണ് ജർമ്മൻ ക്ളബ് ബയേൺ മ്യൂണിക്കിന്റെ താരമായ ദായോട്ട് ഉപമെക്കാനോ. ഫ്രാൻസ് ആദ്യമായി ലോകകപ്പ് നേടിയ വർഷമാണ് ഉപമെക്കാനോ ജനിച്ചത്.ഫൗളിലേക്ക് പോകാത്ത ടാക്ളിംഗാണ് ഈ 24കാരന്റെ മികവ്.

1962ൽ ബ്രസീലിന് ശേഷം തുടർച്ചയായി രണ്ട് ലോകകപ്പ് നേടുന്ന ആദ്യ ടീം എന്ന റെക്കാഡ് സ്വന്തമാക്കാനാണ് ഫ്രാൻസ് ലക്ഷ്യമിടുന്നത്.

ആരെയും മറിക്കുന്ന മൊറോക്കോ

1. മടിയിൽ കനമില്ലാത്തവന് വഴിയിൽ ഭയക്കേണ്ട എന്നു പറഞ്ഞപോലെ ആദ്യമായി ലോകകപ്പിന്റെ സെമി ഫൈനലിലെത്തുന്ന മൊറോക്കോയ്ക്ക് കിട്ടുന്നതെല്ലാം ബോണസാണ്. ഒരു സമ്മർദ്ദവുമില്ലാതെ കളിക്കാം.

2. കിടയറ്റ പ്രതിരോധമാണ് മൊറോക്കോയുടെ പ്ളസ് പോയിന്റ്. തങ്ങളുടെ തട്ടകം വിട്ടിറങ്ങി എതിരാളികൾക്ക് അവസരം നൽകാൻ മൊറോക്കോ ഡിഫൻഡർമാർ തയ്യാറാവാത്തതാണ് സ്പെയ്നിനിനും പോർച്ചുഗലിനും തിരിച്ചടിയായത്.

3.മൊറോക്കോ ഡിഫൻസിനെ എങ്ങനെ വീഴ്ത്തണം എന്നതിന് ഈ ലോകകപ്പിൽ ഉദാഹരണങ്ങളില്ല. കൊമ്പന്മാരായ ക്രൊയേഷ്യ,ബെൽജിയം,സ്പെയ്ൻ,പോർച്ചുഗൽ എന്നിവർ വിചാരിച്ചിട്ട് അതിന് സാധിച്ചിട്ടില്ല.

4. ഹക്കിം സിയേഷ്,ബൗഫൽ ,യെൻ നെസെയ്റി,അമ്രാബത്ത് എന്നിവർ നേതൃത്വം നൽകുന്ന മുൻനിര കിട്ടുന്ന അവസരങ്ങളിൽ ഓടിയെത്തി ആക്രമണം അഴിച്ചുവിടുന്നവരാണ്. ഉയരവും മികച്ച ശാരീരിക ക്ഷമതയുമാണ് മൊറോക്കോ താരങ്ങളുടെ പ്ളസ് പോയിന്റ്.

5. അഷ്റഫ് ഹക്കീമി, അഗുറേഡ്,മസ്റോയ് എന്നിവർ അണിനിക്കുന്ന പ്രതിരോധനിരയ്ക്ക് ഉരുക്കിന്റെ കരുത്തുണ്ട്. ഷൂട്ടൗട്ടിൽ രണ്ട് സ്പാനിഷ് കിക്കുകൾ തട്ടിക്കളഞ്ഞ ഗോളി ബനോയും മികച്ച ഫോമിൽ.ക്യാപ്ടൻ സായിസിന്റെ പരിക്കാണ് വെല്ലുവിളിയാകുന്നത്.

മൊറോക്കോ

കോച്ച് : വാലിദ് റെഗ്രാഗുയി

ക്യാപ്ടൻ : റൊമെയ്ൻ സായിസ്

മികച്ച ലോകകപ്പ് പ്രകടനം : 2022 സെമിഫൈനൽ

സെമിയിലേക്കുള്ള വഴി

ഗ്രൂപ്പ് എഫ് ജേതാവ്

Vs ക്രൊയേഷ്യ 0-0

Vs ബെൽജിയം 2-0

Vs കാനഡ 2-1

പ്രീ ക്വാർട്ടർ

Vs സ്പെയ്ൻ 0-0(3-0)ൗ

ക്വാർട്ടർ

Vs പോർച്ചുഗൽ 1-0


സാദ്ധ്യതാ ഇലവൻ

ബോനോ(ഗോളി), മസ്റായ്,സായിസ്,അഗ്യുറേഡ്,ഹക്കീമി(ഡിഫൻഡർമാർ),അമാല, അംബ്രാത്ത്, ഒൗനാഹി(മിഡ്ഫീൽഡർമാർ),സിയേഷ്,യെൻ നസ്റി,ബൗഫൽ(സ്ട്രൈക്കർമാർ).

കുന്തമുനകൾ

1. യാസീൻ ബോനോ

കഴിഞ്ഞ അഞ്ചുമത്സരങ്ങളിൽ ഒരു തവണ മാത്രമാണ് ബാനോ കാത്ത വലയിലേക്ക് പന്ത് കയറിയത്. സ്പെയ്നിന് എതിരായ ഷൂട്ടൗട്ടിൽ രണ്ട് കിക്കുകൾ തട്ടിയകറ്റിയ ബോനോ പോർച്ചുഗീസ് താരങ്ങളെയും ശരിക്ക് വെള്ളം കുടിപ്പിച്ചു.

2. അസദിൻ ഒൗനാഹി

പ്രീ ക്വാർട്ടറിൽ സ്പാനിഷ് പരിശീലകൻ ലൂയിസ് എൻറിക്വെയെ ശരിക്കും അത്ഭുതപ്പെടുത്തിയ താരമാണ് ഒൗനാഹി. മികച്ച വേഗതയും പന്തടക്കവുമാണ് ഒൗനാഹിയെ വ്യത്യസ്തനാക്കുന്നത്. സ്വന്തം ബോക്സിൽ നിന്ന് പന്തുമായി എതിൽ ഗോൾമുഖംവരെ അതിവേഗത്തിൽ പായാനുള്ള കഴിവുണ്ട്.

3. അഷ്റഫ് ഹക്കീമി

മൊറോക്കൻ പ്രതിരോധത്തിലെ ഉരുക്കുകോട്ട.ഫ്രഞ്ച് ക്ളബ് പാരീസ് എസ്.ജിയിൽ മെസിയുടെയും നെയ്മറുടെയും എംബാപ്പെയുടെയും കളിക്കൂട്ടുകാരൻ. ഇന്ന് എംബാപ്പെയെ എങ്ങനെ പൂട്ടണമെന്ന് വ്യക്തമായി അറിയുന്നത് ഹക്കീമിക്കായിരിക്കും.

4. യെൻ നസ്റി

പോർച്ചുഗലിനെതിരെ ഉയർന്നുചാടി യെൻ നെസ്റി തൊടുത്ത ഹെഡർ ഗോൾ മാത്രം മതി ഈ താരത്തിന്റെ പ്രഹരശേഷി അളക്കാൻ. ഇറ്റാലിയൻ ക്ളബ് യുവന്റസിന് വേണ്ടി കളിക്കുമ്പോൾ ക്രിസ്റ്റ്യാനാ ഉയർന്നു ചാടി നേടിയ ഗോളിന് സമാനമായിരുന്നു നസ്റിയുടെ ഗോളും.

1

ചരിത്രത്തിലാദ്യമായാണ് മൊറോക്കോ ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിലും സെമിയിലും കളിക്കുന്നത്. പ്രീക്വാർട്ടറിലെത്തിയത് 20 വർഷത്തിന് ശേഷവും. ലോകകപ്പ് സെമിയിലെത്തുന്ന ആദ്യ ആഫ്രിക്കൻ രാജ്യമാണ് മൊറോക്കോ.

4

ഗോളുകൾ മാത്രമാണ് മൊറോക്കോ ഇതുവരെ നേടിയത്. പക്ഷേ എതിരാളികളെക്കൊണ്ട് ഒരു ഗോളുപോലും തിരിച്ചടിപ്പിച്ചിട്ടില്ല. കാനഡയ്ക്കെതിരെ വഴങ്ങിയത് സെൽഫ് ഗോളായിരുന്നു. നാലുകളികളിൽ ക്ളീൻ ഷീറ്റുള്ള ഏക ടീം.

ആഫ്രിക്കൻ രക്തമൊഴുകുന്ന ഫ്രാൻസ്

'യൂറോപ്യൻ' കളിക്കാരുമായി മൊറോക്കോ

ഇന്ന് സെമിക്കിറങ്ങുന്ന ഫ്രാൻസ് യൂറോപ്യൻ രാജ്യവും മൊറോക്കോ ആഫ്രിക്കൻ രാജ്യവുമാണെങ്കിലും കൗതുകകരമായ ഒന്നുണ്ട്,ഫ്രഞ്ച് ടീമിൽ കൂടുതലും ആഫ്രിക്കൻ വംശജരാണ്. മൊറോക്കൻ ടീമിലെ മിക്കവരും യൂറോപ്പിൽ ജനിച്ചുവളർന്ന് ഇപ്പോൾ യൂറോപ്യൻ ക്ളബുകളിൽ കളിക്കുന്ന മൊറോക്കോ വംശജരും.

ഫ്രഞ്ച് ടീമിൽ കിലിയൻ എംബാപ്പെ (കാമറൂൺ - അൾജീരിയ), സ്റ്റീവ് മന്ദാന്ദ(ബെയ്‌റെ), ബെഞ്ചമിൻ മെൻഡി, കിപെംബെ (സെനഗൽ),ഒസ്മാൻ ഡെംബലെ (മാലി), എഡ്വേർഡോ കാമവിംഗ (അംഗോള), യൂൾസ് കുൻഡെ (ബെനിൻ), വില്യം സലീബ, ഒറെലിയന്‍ ഷുവാമെെനി (കാമറൂൺ) ബെൻ യെഡർ (ടൂണീഷ്യ) എൻകുൻകു (കോംഗോ) എന്നിവരൊക്കെ ആഫ്രിക്കൻ രക്തം സിരകളിലുള്ളവരാണ്. മൊറോക്കക്കാരനായ മാറ്റിയോ ഗുണ്ടേസിയും സംഘത്തിലുണ്ട്.

അഷ്റഫ് ഹക്കീമി(സ്പെയ്ൻ),സലിം അമല്ല,അരസ് സരൂരി (ബെൽജിയം),അമ്രാബത്ത്,മസ്റൂയ്, അബുഖലാൽ,ഹക്കിം സിയേഷ് (ഹോളണ്ട്),ബൗഫൽ,ഒൗനാഹി, സായിസ് (ഫ്രാൻസ്),ബോനോ (കാനഡ) എന്നിങ്ങനെ 26 അംഗ മൊറോക്കൻ ടീമിലെ 14 പേരും ജനിച്ചത് മറ്റ് രാജ്യങ്ങളിലാണ്. ഇവർ ജൂനിയർ തലത്തിൽ ആ രാജ്യങ്ങളിലായി കളിച്ചെങ്കിലും ലോകകപ്പിനായി മൊറോക്കോയിലേക്ക് എത്തുകയായിരുന്നു. ഇതിൽ പ്രധാന പങ്കുവഹിച്ചത് ഫ്രാൻസിൽ ജനിച്ച്,മൊറോക്കോയ്ക്കായി കളിച്ച പരിശീലകൻ വലീദ് റെഗ്രാഗുയിയാണ്.

4

ഫിഫ റാങ്കിംഗിൽ നാലാം സ്ഥാനക്കാരാണ് ഫ്രാൻസ്

22

മൊറോക്കോയുടെ ഫിഫ റാങ്കിംഗിലെ സ്ഥാനം.

6

തവണ ഫ്രാൻസ് ലോകകപ്പ് സെമിയിൽ കളിച്ചു. 3തവണ ഫൈനലിലെത്തി. 2 തവണ കിരീടം നേടി.

മൊറോക്കോ ആദ്യമായാണ് ലോകകപ്പ് സെമിയിലെത്തുന്നത്.

5

മത്സരങ്ങളിൽ ഇതിനുമുമ്പ് മൊറോക്കോയും ഫ്രാൻസും ഏറ്റുമുട്ടിയിട്ടുണ്ട്. അതിൽ നാലു ജയം ഫ്രാൻസിന്. മൊറോക്കോയ്ക്ക് ജയിക്കാനായിട്ടില്ല. ഒരു കളി സമനില. 2007ന് ശേഷം ഇരുടീമുകളും ഏറ്റുമുട്ടിയിട്ടില്ല.

മൊറോക്കൻ തന്ത്രം

4-3-3 എന്ന ശൈലിയിലാണ് മൊറോക്കോ ഇറങ്ങുന്നതെങ്കിലും സാഹചര്യമനുസരിച്ച് പെട്ടെന്ന് 5-4-1 എന്ന ഡിഫൻസീവ് ശൈലിയിലേക്ക് മാറാൻ അവർക്ക് കഴിയും.

2007 ലാണ് അവസാനമായി ഫ്രാൻസും മൊറോക്കോയും ഏറ്റുമുട്ടിയത്. അന്ന് സൗഹൃദ മത്സരത്തിൽ 2-2ന് സമനിലയിൽ പിരിയുകയായിരുന്നു.

ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ മൊറോക്കോയുടെ ചില പ്രവിശ്യകൾ ഫ്രാൻസിന്റെ കോളനിയായിരുന്നു.1955ലാണ് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത്.ഇപ്പോൾ ഫ്രാൻസുമായി ഏറ്റവും നല്ല വാണിജ്യ ബന്ധങ്ങൾ ഉള്ള രാജ്യമാണ് മൊറോക്കോ. ഫ്രാൻസിലേക്കാണ് കൂടുതൽ ജനങ്ങൾ കുടിയേറുന്നതും. മൊറോക്കൻ ടീമിലെ രണ്ട് പ്രമുഖ താരങ്ങൾ ജനിച്ചുവളർന്നതും ഫ്രാൻസിലാണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, SPORTS, FRANCE FRANCE MOROCCO
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.