കേരളത്തിലേക്ക് വലിയ അളവിൽ എം ഡി എം എ അടക്കമുള്ള മാരക ലഹരി കടത്തിയ സംഘത്തെ വേരുകളോടെ അകത്താക്കി തൃശൂർ പൊലീസ്. അന്വേഷണം കാരിയർമാരിൽ മാത്രം ഒതുക്കാതെ കിട്ടിയ തുമ്പുമായി മറ്റ് സംസ്ഥാനങ്ങളിലേക്കും അന്വേഷണം വ്യാപിപ്പിക്കുകയായിരുന്നു. 2022 മെയ് മാസം 13 ന് മണ്ണുത്തിയിൽ നടത്തിയ വാഹന പരിശോധനക്കിടെ ചാവക്കാട് സ്വദേശി ബുർഹാനുദ്ദീൻ എന്നയാളിൽ നിന്നും 196 ഗ്രാം പിടികൂടിയതോടെയാണ് അന്വേഷണത്തിന് തുടക്കം കുറിച്ചത്. ഇയാളെ ചോദ്യം ചെയ്തതിൽ നിന്നും സുഡാൻ സ്വദേശി മുഹമ്മദ് ബാബിക്കർ അലി, പാലസ്തീൻ സ്വദേശി ഹസൻ എന്നിവരെക്കുറിച്ചുള്ള വിവരം ലഭിച്ചു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരേയും ബാംഗ്ലൂരിൽ നിന്നും 300 ഗ്രാം എം ഡി എം എ അടക്കം പിടികൂടി. എന്നാൽ ഇവരുടെയെല്ലാം തലവൻ കെൻ എന്ന വിളിപ്പേരുള്ള നൈജീരിയക്കാരനാണെന്ന് മനസിലാക്കിയ പൊലീസ് അയാൾക്കായി വലവിരിച്ചു. കെൻ എന്ന പേരല്ലാത മറ്റൊരു വിവരവും പൊലീസിന് ഇയാളെ കുറിച്ചുണ്ടായിരുന്നില്ല. ഡൽഹിയിലെത്തി വേഷം മാറിയും വിവിധ പേരുകൾ സ്വീകരിച്ചും രഹസ്യാന്വേഷണം നടത്തിയുമാണ് ഇയാളെക്കുറിച്ചുള്ള മറ്റുവിവരങ്ങൾ ശേഖരിച്ചത്. തുടർന്ന് ന്യൂഡൽഹിയിലെ നൈജീരിയൻ കോളനിയിൽ നിന്നും ഇയാളെ സാഹസികമായി അറസ്റ്റുചെയ്തത്. ഈ അറസ്റ്റിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പൊലീസ് ഫേസ്ബുക്ക് പേജിൽ കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം
കേരളത്തിലേക്ക് എം.ഡി.എം.എ കടത്തുന്ന നൈജീരിയക്കാരൻ പിടിയിൽ
ഡൽഹി കേന്ദ്രീകരിച്ച് കേരളമടക്കമുള്ള ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലേക്ക് സിന്തറ്റിക് മയക്കുമരുന്നുകൾ കടത്തുന്ന നൈജീരിയക്കാരൻ പിടിയിൽ. മയക്കുമരുന്ന് ചില്ലറവില്പനക്കാർക്കിടയിൽ കെൻ എന്നറിയപ്പെടുന്ന എബൂക്ക വിക്ടർ അനയോയെ (27) ഡൽഹി നൈജീരിയൻ കോളനിയിൽ നിന്നുമാണ് തൃശൂർ സിറ്റി പൊലീസിന്റെ ലഹരിവിരുദ്ധ സ്‌ക്വാഡ് പിടികൂടിയത്.
2022 മെയ് മാസം 13 ന് മണ്ണുത്തിയിൽ നടത്തിയ വാഹന പരിശോധനക്കിടെ ചാവക്കാട് സ്വദേശി ബുർഹാനുദ്ദീൻ എന്നയാളിൽ നിന്നും 196 ഗ്രാം MDMA പിടികൂടിയിരുന്നു. ഇയാളെ വിശദമായി ചോദ്യം ചെയ്തതിൽ ഇവർക്ക് മയക്കുമരുന്ന് വിതരണം ചെയ്യുന്ന സുഡാൻ സ്വദേശി മുഹമ്മദ് ബാബിക്കർ അലി, പാലസ്തീൻ സ്വദേശി ഹസൻ എന്നിവരെക്കുറിച്ചുള്ള വിവരം ലഭിച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ ഇരുവരേയും ബാംഗ്ലൂരിൽ നിന്നും 300 ഗ്രാം MDMA സഹിതം പിടികൂടിയിരുന്നു. അറസ്റ്റിലായ സുഡാൻ സ്വദേശി മുഹമ്മദ് ബാബിക്കർ അലിയെ ചോദ്യം ചെയ്തതിൽ നിന്നാണ് മയക്കുമരുന്ന് കടത്തുന്ന നൈജീരിയൻ പൗരനെക്കുറിച്ചുള്ള വിവരം ലഭിച്ചത്.
കെൻ എന്ന വിളിപ്പേരുമാത്രമാണ് അന്വേഷണ സംഘത്തിന് ലഭിച്ച ഏക വിവരം. ഡൽഹിയിലെത്തി വേഷം മാറിയും വിവിധ പേരുകൾ സ്വീകരിച്ചും രഹസ്യാന്വേഷണം നടത്തിയുമാണ് ഇയാളെക്കുറിച്ചുള്ള മറ്റുവിവരങ്ങൾ ശേഖരിച്ചത്. ഇതിന്റെ അടിസ്ഥാനത്തിൽ, ഡൽഹി പോലീസിന്റെ സഹായത്തോടെ നടത്തിയ മിന്നൽ പരിശോധനയിലാണ് ന്യൂഡൽഹി നൈജീരിയൻ കോളനിയിൽ നിന്നും ഇയാളെ സാഹസികമായി അറസ്റ്റുചെയ്തത്. അറസ്റ്റിലായ പ്രതിയെ ന്യൂഡൽഹി സാകേത് കോടതിയിൽ ഹാജരാക്കി. തുടർന്ന് രണ്ടു ദിവസം തിഹാർ ജയിലിൽ പാർപ്പിക്കുകയുണ്ടായി. ഇതിനുശേഷമാണ് കേരളത്തിലേക്ക് കൊണ്ടുവരുന്നതിന് അനുമതി ലഭിച്ചത്.
മണ്ണുത്തി പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർ എൻ. പ്രദീപ്, ജില്ലാ പോലീസ് ലഹരിവിരുദ്ധ വിഭാഗം സബ് ഇൻസ്പെക്ടർമാരായ എൻ.ജി. സുവ്രതകുമാർ, പി. രാഗേഷ്, സീനിയർ സിവിൽ പോലീസ് ഓഫീസർ ടി.വി. ജീവൻ, സിവിൽ പോലീസ് ഓഫീസർ കെ.വി. വിപിൻദാസ്.
തൃശൂർ സിറ്റി പോലീസിന് അഭിനന്ദനങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |