SignIn
Kerala Kaumudi Online
Friday, 26 April 2024 1.32 PM IST

അരുത് മാസ്റ്ററെ , ലീഗിനെ ഇങ്ങനെ കിളർത്തരുത്

opinion

'മഹാകള്ളനാണെങ്കിലും ആള് മര്യാദക്കാരനാണ് ' നാട്ടുമ്പുറത്തെ ചില ശുദ്ധമനസ്കർ ചില സമയങ്ങളിൽ നടത്താറുള്ള ഈ പ്രയോഗമാണ് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ ലീഗിനെക്കുറിച്ച് നടത്തിയ പ്രസ്താവന കേട്ടപ്പോൾ തോന്നിയത്. തങ്ങൾ സ്വാഗതം ചെയ്യുന്നത് മുസ്ലീം ലീഗിനെയല്ല, മറിച്ച് അവരുടെ നിലപാടുകളെയാണെന്നാണ് താത്വികാവലോകനത്തിൽ പി.എച്ച്.ഡി നേടിയിട്ടുള്ള ഗോവിന്ദൻ മാസ്റ്ററുടെ വ്യാഖ്യാനം. കമ്മ്യൂണിസ്റ്ര് നേതാക്കൾക്ക് വേണ്ട പ്രായോഗിക ബുദ്ധി അല്പം അധികമുള്ള ഗോവിന്ദൻ മാസ്റ്റർ ഒന്നുമറിയാതെയല്ല ലീഗിനെ തുടരെ സ്തുതിക്കുന്നത്. വെള്ളമൊന്നു കലങ്ങിയാൽ പരൽമീനെങ്കിലും കിട്ടിയാലോ. പരിപ്പുവടയുടെ ഗ്യാസും കട്ടൻചായയുടെ കവർപ്പും രക്തത്തിൽ ഇപ്പോഴും അവശേഷിക്കുന്ന വംശനാശം സംഭവിച്ചിട്ടില്ലാത്ത തനി കമ്മ്യൂണിസ്റ്ര് നേതാക്കളുടെ കൂട്ടത്തിൽ പെട്ടയാളാണ് ഗോവിന്ദൻ മാസ്റ്റർ. അദ്ദേഹത്തെ രാഷ്ട്രീയതന്ത്രം പഠിപ്പിക്കുന്നത് അണ്ണാനെ മരംകയറ്റം പഠിപ്പിക്കാൻ നോക്കുന്നപോലെ മൗഢ്യമാവും. കേരള കോൺഗ്രസ് ഒരു സുന്ദരിയാണെന്നും സുന്ദരികളെ കണ്ടാൽ ആരുമൊന്നു നോക്കില്ലേ എന്നും തന്റെ പാർട്ടിയെക്കുറിച്ച് അന്തരിച്ച കെ.എം.മാണി പണ്ട് നടത്തിയ പ്രസ്താവന രാഷ്ട്രീയതാത്പര്യമുള്ള ആരും മറന്നുകാണില്ല. പക്ഷേ ലീഗിനെക്കുറിച്ച് അങ്ങനെ സ്വയം പുകഴ്ത്താനൊന്നും പി.കെ.കുഞ്ഞാലിക്കുട്ടിയോ മറ്റ് ലീഗ് നേതാക്കളോ തയ്യാറാവാത്തത് അവരുടെ വിശാല മനസുകൊണ്ടാണ്. അവരുടെ ശക്തിയും പ്രസക്തിയുമൊക്കെ എന്താണെന്ന് നേതാക്കൾക്ക് നന്നായറിയാം. ഇടയ്ക്കിടെ പാണക്കാട്ട് എല്ലാവരും ഒത്തുകൂടുന്നത് ബിരിയാണിതിന്ന് വെള്ളവും കുടിച്ച് പിരിയാനല്ല, തങ്ങളുടെ തന്ത്രങ്ങൾക്കും നിലപാടുകൾക്കും രാഷ്ട്രീയത്തിലുള്ള മാർക്കറ്റ് വിലയിരുത്താൻ കൂടിയാണ്. അന്തം വിട്ടിരിക്കുമ്പോൾ പന്തിക്ക് ക്ഷണിക്കും പോലെ സി.പി.എം സംസ്ഥാന സെക്രട്ടറി ഒരു സുപ്രഭാതത്തിൽ ലീഗ് സ്തുതി തുടങ്ങിയപ്പോൾ കുഞ്ഞാലിക്കുട്ടിയും കൂട്ടരും ആദ്യം ഒന്നമ്പരന്നു. സെക്രട്ടറി സ്ഥാനത്തെത്തിയപ്പോൾ, മാസ്റ്രർക്കെന്തെങ്കിലും 'പറ്റിയോ' എന്നുപോലും അവർ ശങ്കിച്ചു. എങ്കിലും അദ്ദേഹം പറയുന്ന വാക്കുകൾ ഉൾക്കുളിരുണ്ടാക്കുന്നതായതിനാൽ പോകെപ്പോകെ ലീഗും ഈ സ്തുതി വചനങ്ങളിൽ ചെറുതായൊന്ന് ഇളകിയാടി. കാര്യം കമ്മ്യൂണിസ്റ്രുകാരാണെങ്കിലും ഒരുമിച്ച് എത്രയോ ഐസ് ക്രീം നുണഞ്ഞിട്ടുള്ളതാണ്. അതിന്റെ തണുപ്പും മധുരവുമൊക്കെ ഇപ്പോഴും നാവിലുണ്ടുതാനും.

യാതൊരു ഫീസും ഈടാക്കാതെ ഗോവിന്ദൻ മാസ്റ്റർ നൽകിയ സ്വഭാവ സർട്ടിഫിക്കറ്റും ലീഗിനെ വലിയ സംതൃപ്തിയിലാക്കി. പലരും തങ്ങളെ സംശയക്കൂട്ടിൽ നിർത്തി വിചാരണ ചെയ്യാൻ തക്കം നോക്കുമ്പോഴാണ് ലീഗ് വർഗീയ പാർട്ടിയല്ലെന്ന ഗുഡ് സർട്ടിഫിക്കറ്റ് ഗോവിന്ദൻമാസ്റ്റർ വെള്ളിതളികയിൽ വച്ചു നൽകിയത്. മാത്രമല്ല ന്യൂനപക്ഷ വിഭാഗങ്ങൾക്കായി പ്രവർത്തിക്കുന്ന ജനാധിപത്യ പാർട്ടിയാണെന്ന അധിക ബഹുമതി കൂടി ചാർത്തി നൽകി. ഇത്രയും കാലം ഒരു കട്ടിലിൽ കെട്ടിപ്പിടിച്ചു കിടന്ന കണ്ണിൽ ചോരയില്ലാത്ത കോൺഗ്രസുകാരുപോലും ഇങ്ങനെ മനസ് തുറന്നു പറഞ്ഞിട്ടില്ല. ഗോവിന്ദേട്ടാ ഒരായിരം നന്ദിയുണ്ട്. തരം കിട്ടിയാൽ ആ ഗവർണറെ നോക്കി നല്ല നാലെണ്ണം കൂടി പറയണമെന്നതാണ് ലീഗ് നേതാക്കളുടെ ഇപ്പോഴത്തെ പൂതി. സി.പി.എമ്മിന്റെ പഞ്ചാരവാക്കുകൾ കുറച്ചുകൂടി കേൾക്കാമല്ലോ.

എ.കെ.ജി സെന്ററിന്റെ മണ്ടയ്ക്ക് കയറി ഇരുന്നുകൊണ്ട് കമ്മ്യൂണിസവും വർത്തമാനകാല രാഷ്ട്രീയവും സമാസമം ചാലിച്ച് വിഴുങ്ങിക്കൊണ്ട് നാഴികയ്ക്ക് നാല്പതുവട്ടം ഗോവിന്ദൻ മാസ്റ്റർക്ക് ഇങ്ങനെയൊക്കെ തള്ളാം. മതേതരത്വം കണ്ടു പിടിച്ചത് ലീഗാണെന്നും ന്യൂനപക്ഷ സംരക്ഷണ യുദ്ധത്തിൽ പങ്കെടുത്ത പടക്കുതിരയാണ് ലീഗെന്നും ഉറക്കെ തള്ളാം. പക്ഷേ അത് ചെന്നു കൊള്ളുന്നത് ആരുടെയൊക്കെ നെഞ്ചത്താണെന്ന് കൂടി ഓർക്കണം. ഇടതുപക്ഷ ജനാധിപത്യ മുന്നണിയുടെ ഉത്തരവും കഴുക്കോലും പട്ടിയലുമൊക്കെയായി എങ്ങനെയും വർത്തിക്കുന്ന സി.പി.ഐ എന്നൊരു മര്യാദ പാർട്ടിയുണ്ട് ഇവിടെ. നേതാവ് വിളിക്കുന്ന മുദ്രാവാക്യം ഏറ്റുവിളിക്കാൻ വലിയ ആൾക്കൂട്ടമൊന്നുമില്ലെങ്കിലും നിലപാടുകളിൽ വെള്ളം ചേർക്കാൻ ഒട്ടും സമ്മതിക്കാത്ത ഏക പാർട്ടിയുമാണ് സി.പി.ഐ. പണ്ട് മാണി കോൺഗ്രസിനെ കെണിവച്ചു പിടിക്കാൻ സി.പി.എം ശ്രമം തുടങ്ങിയപ്പോൾ ആദ്യം ഇടഞ്ഞതും സി.പി.ഐയാണ്. ജനാധിപത്യസ്വഭാവവും പുരോഗമന നിലപാടുമില്ലാത്ത പാർട്ടിയാണ് കേരള കോൺഗ്രസ് എന്നൊക്കെയാണ് സി.പി.ഐ അന്ന് വിളിച്ചു പറഞ്ഞത്. അന്ന് അവരുടെ രോദനം പതിച്ചത് ബധിര കർണങ്ങളിലാണ്. ഒരു സുപ്രഭാതത്തിൽ കേരള കോൺഗ്രസ് ഇങ്ങ് ഇടതുപാളയത്തിലെത്തി. നിശബ്ദരായി തേങ്ങിക്കൊണ്ടാണ് അന്ന് കാനവും കൂട്ടരും പ്രതികരിച്ചത്.

ലീഗിനെക്കുറിച്ച് ഗോവിന്ദൻ മാസ്റ്റർ ലക്കും ലഗാനുമില്ലാതെ ചക്കരവാക്കുകൾ പറയുമ്പോൾ നെഞ്ചു പൊട്ടുകയാണ് കാനത്തിന്. ഒന്നുറക്കെ കരയണമെന്നുണ്ട്, അടുത്തുള്ളവർ കേട്ടാൽ ഈ വീട്ടിൽ കലഹമാണെന്ന് തെറ്റിദ്ധരിച്ചു പോയെങ്കിലോ എന്ന ഒറ്റക്കാരണത്താൽ കരച്ചിലടക്കുന്നു എന്നു മാത്രം. അപ്പുറത്തെ വീട്ടിലെ അൾസേഷ്യൻ നായയെ നോക്കി അതിരിനിപ്പുറത്തു നിന്ന് നാടൻ നായ ചിറയുന്നത് കൗതുകമുള്ള കാഴ്ചയാണ്. ആകെ രണ്ട് കട്ടിലും കിടക്കാൻ എട്ടുപേരുമുള്ള വീട്ടിലേക്ക് ഇനിയുമൊരാൾ കൂടി എത്തിയാലത്തെ സ്ഥിതിയേ. യു.ഡി.എഫിൽ എന്തെങ്കിലും കുത്തിതിരിപ്പുണ്ടാക്കി ലീഗെങ്ങാനും ഇപ്പുറത്തേക്ക് ചാടിയാൽ മെത്തയിൽ കിടക്കുന്ന തങ്ങൾ ചിലപ്പോൾ തറപ്പായിലേക്ക് മാറേണ്ടി വരുമോ എന്ന ആശങ്കയും വല്ലാതെ അലട്ടുന്നുണ്ട്. ച്യവനപ്രാശവും ബദാം ലേഹ്യവും കൂടി ഒന്നിച്ചു സേവിച്ചാലും അതിന്റെ ക്ഷീണം പോവുകയുമില്ല.

ഗോവിന്ദൻ മാസ്റ്രറുടെ ലീഗ് പ്രശംസ പുറത്തു വന്നതിന്റെ തൊട്ടടുത്ത ദിവസം നമ്മുടെ പ്രിയപ്പെട്ട രമേശ് ചെന്നിത്തല വ്രതം തുടങ്ങി. മൾട്ടികളർ താടി വല്ലാതെ നീട്ടി വളർത്തി. നെറ്റി കുങ്കുമ, ചന്ദന ഭസ്മക്കുറികളാൽ ഭക്തിസാന്ദ്രമായി. കല്ലും മുള്ളും നിറഞ്ഞ കാനനപാത താണ്ടി അങ്ങ് അയ്യപ്പ സവിധത്തിലെത്തി തന്റെ ആത്മസങ്കടം ഉണർത്തിക്കുകയല്ലാതെ എന്തുചെയ്യാൻ. കൂട്ടത്തിലുള്ള ഒറ്റ കോൺഗ്രസുകാരനെയും വിശ്വസിക്കാനാവില്ല. കന്റോൺമെന്റ് ഹൗസിലെ ശീതീകരിച്ച മുറിയിൽ ഒപ്പമിരുന്ന് ചക്കവറ്റലും ചായയും കുടിച്ച് സായാഹ്നങ്ങളിൽ കൂട്ടായിരുന്ന ഡോ.ശൂരനാട് രാജശേഖരൻ പോലും ഇപ്പോൾ ചെന്നിത്തലയോട് പഴയ സ്നേഹം കാട്ടുന്നില്ല. കെ.കരുണാകരൻ എന്ന ലീഡറുടെ കാൽ തൊട്ടുവണങ്ങിയും ഒടുവിൽ കാലിൽ പിടിച്ചു വലിച്ചുമൊക്കെ ഏറെ സഹിച്ചും ത്യജിച്ചുമാണ് ഇവിടെവരെയൊക്കെ എത്തിയത്. ഒരു ദിവസമെങ്കിൽ ഒരു ദിവസം , ആ മുഖ്യമന്ത്രി കസേരയിൽ കൂടി ഒന്നമർന്നിരുന്നാൽ തന്റെ രാഷ്ട്രീയ ജീവിതം സാർത്ഥകമാവുമെന്ന് ഗദ്ഗദകണ്ഠനായി അടുപ്പക്കാരോട് അദ്ദേഹം പലകുറി പറഞ്ഞിട്ടുണ്ട്. അടുത്ത തിരഞ്ഞെടുപ്പിലെങ്കിലും ഈ 'പിണങ്ങാറായിയെ'യും മരുമകനെയും ഒന്നു താഴെയിറക്കി, ആ കസേരയിൽ ഇരിക്കുന്ന നിമിഷം ഓരോ ദിവസവും സ്വപ്നം കണ്ട് ഉറങ്ങുമ്പോഴാണ് , അതിന് മുഖ്യ കരുത്താവേണ്ട ലീഗിനെ പാലും പഴവും പഞ്ചസാരയും വച്ചുകൊണ്ട് ഗോവിന്ദൻ മാസ്റ്റർ ലാളിക്കാൻ വിളിക്കുന്നത്. പതിനെട്ടാം പടി ചവിട്ടി, അയ്യനയ്യപ്പ സ്വാമിയോട് തന്റെ ഉള്ളിലെ വിങ്ങലുകളെല്ലാം തുറന്നുപറഞ്ഞ് മടങ്ങിയപ്പോൾ ചെന്നിത്തലയുടെ മനസിന് തെല്ലൊരു സമാധാനം കിട്ടിയപോലെ. ഇനി ഡൽഹിയിലേക്ക് കൂടി ഒരു തീർത്ഥയാത്ര പോണം. അവിടേക്ക് പോകുമ്പോൾ അവിൽപ്പൊതിയും ഇരുമുടിക്കെട്ടുമൊന്നും പോരാ. കൊണ്ടുപോകാൻ പറ്റിയ സാധനമെന്തെന്ന് കൃത്യമായി ബോദ്ധ്യമുള്ള കെ.വി.തോമസിനെ ഇടതന്മാർ നേരത്തെ വശത്താക്കിയല്ലോ. പി.ജെ.കുര്യനാണെങ്കിൽ ഇടഞ്ഞും നിൽക്കുന്നു. ചെന്നിത്തലയെ സഹായിക്കാൻ ആരെങ്കിലും തയ്യാറുണ്ടെങ്കിൽ പ്ളീസ് , ആ മനസിന്റെ വിങ്ങൽ ഒന്നു മനസിലാക്കൂ ...

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: M V GOVINDANS LEAGUE PRAISES
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.