21ന് മുഖ്യമന്ത്രി പുറത്തിറക്കും
തിരുവനന്തപുരം: സ്മാർട്ട് ഫോണിലൂടെ മീറ്റർ റീഡിംഗ് സ്വയമെടുത്ത് കുടിവെള്ള ബിൽ അടയ്ക്കാനുള്ള സെൽഫ് മീറ്റർ റീഡിംഗ് ആപ്പ് 'കെ-സെൽഫ്" തയ്യാറായി. 21ന് വെള്ളയമ്പലം ജലഭവൻ ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ ആപ്പ് ഔദ്യോഗികമായി പുറത്തിറക്കും. കേരള ഡെവലപ്മെന്റ് ആൻഡ് ഇന്നൊവേഷൻ സ്ട്രാറ്റജിക് കൗൺസിൽ (കെ-ഡിസ്ക്) ആണ് ആപ്പ് വികസിപ്പിച്ചത്.
ആപ്പ് ഉപയോഗിക്കേണ്ടത്
പ്ളേസ്റ്റോറിൽ നിന്ന് ആപ്പ് ഡൗൺലോഡ് ചെയ്ത് മൊബൈൽ നമ്പർ രജിസ്റ്റർ ചെയ്യണം
കൺസ്യൂമർ നമ്പർ നൽകുമ്പോൾ ഏറ്റവും ഒടുവിലത്തെ മീറ്റർ റീഡിംഗ് ലഭിക്കും
പുതിയ റീഡിംഗ് നൽകുമ്പോൾ ജലഉപഭോഗവും അടയ്ക്കേണ്ട തുകയും തെളിയും
റീഡിംഗ് രേഖപ്പെടുത്തിയ മീറ്ററിന്റെ ചിത്രം അപ്ലോഡ് ചെയ്യണം
തുടർന്ന് പേയ്മെന്റ് ഗേറ്റ്വേ ലിങ്കിലൂടെ എ.ടി.എം കാർഡ് ഉപയോഗിച്ച് ബില്ലടയ്ക്കാം
വാട്ടർ അതോറിട്ടിക്കും ബില്ലിന്റെ പകർപ്പ് കിട്ടും
ബിൽ മാസം തോറും
രണ്ട് മാസത്തേക്ക് ഉപഭോക്താവിന് ലഭിക്കുന്ന ബില്ല് ആപ്പ് വരുന്നതോടെ ഒരു മാസത്തേതാകും. 30 ദിവസത്തിന് ശേഷം ബിൽ ഡൗൺലോഡ് ചെയ്യാം. ബില്ലടയ്ക്കാൻ 15 ദിവസത്തെ സാവകാശമുണ്ട്. ശേഷം പിഴ കൂടി ബില്ലിൽ ചേർക്കും.
മീറ്റർ റീഡർമാർ എത്തും
അതേസമയം, കെ-സെൽഫ് ആപ്പ് ഉപയോഗിക്കാത്തവരുടെ വീട്ടിൽ മീറ്റർ റീഡർമാർ എത്തുന്നത് തുടരും. അവർക്ക് നൽകിയിട്ടുള്ള ആപ്പിൽ കെ-സെൽഫ് ഉപയോഗിച്ചവരുടെ വിവരങ്ങൾ അറിയാമെന്നതിനാൽ അവിടെ പോകില്ല.
ഉപഭോക്താവിന്റെ വീട്ടിലെത്തുന്ന മീറ്റർ റീഡർ പുതിയ റീഡിംഗ് രേഖപ്പെടുത്തും. മീറ്ററിന്റെ ഫോട്ടോയും അപ്ലോഡ് ചെയ്യും. തുടർന്ന് മീറ്റർ റീഡറുടെ മൊബൈലിൽ കാണുന്ന ക്യു.ആർ കോഡ് ഉപഭോക്താവിന്റെ ഫോണിൽ സ്കാൻ ചെയ്യുമ്പോൾ ക്വിക്ക് പേ ലിങ്കിലേയ്ക്ക് പോവുകയും കാർഡ് ഉപയോഗിച്ച് പണം അടയ്ക്കുകയും ചെയ്യാം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |