SignIn
Kerala Kaumudi Online
Saturday, 20 April 2024 6.06 AM IST

കുടുംബ മുന്നേറ്റ കഴകം

photo

ഡിസംബർ 14ന് തമിഴ്‌നാട് മന്ത്രിസഭ വികസിപ്പിച്ചു. ഉദയനിധി സ്റ്റാലിൻ സ്‌പോർട്‌സ് യുവജനക്ഷേമ മന്ത്രിയായി സ്ഥാനമേറ്റു. തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ മകനാണ് ഉദയനിധി. 2008 മുതൽ അദ്ദേഹം സിനിമാനിർമ്മാണ രംഗത്തായിരുന്നു. ഏതാനും ചിത്രങ്ങൾ നിർമ്മിച്ചു. 2012ൽ ഒരു കൽ ഒരു കണ്ണാടി എന്ന പടത്തിൽ ഹൻസിക മോട്‌വാനിയുടെ നായകനായി അഭിനയിക്കുകയും ചെയ്തു. കുടുംബപാരമ്പര്യമനുസരിച്ച് 2019ൽ രാഷ്ട്രീയത്തിൽ പ്രവേശിച്ചു. ഡി.എം.കെ യുവജനവിഭാഗം സെക്രട്ടറിയായി. 2021ൽ നിയമസഭാംഗമായി. ഇപ്പോഴിതാ മന്ത്രിയുമായി. തമിഴ്‌നാട് മന്ത്രിസഭയിൽ വെറുമൊരു സ്‌പോർട്‌സ് യുവജനക്ഷേമകാര്യ മന്ത്രി മാത്രമായിരിക്കില്ല ഉദയനിധിയെന്ന് മാദ്ധ്യമങ്ങളും നിരീക്ഷകരും വിലയിരുത്തുന്നു. അദ്ദേഹമായിരിക്കും സ്റ്റാലിന്റെ രാഷ്ട്രീയ പിന്തുടർച്ചാവകാശി; തമിഴ്നാടിന്റെ വരുംകാല മുഖ്യമന്ത്രിയും ഭാഗ്യവിധാതാവും. കാരണം എം.കെ.സ്റ്റാലിന്റെയും കുടുംബാംഗങ്ങളുടെയും പൂർണ നിയന്ത്രണത്തിലാണ് ദ്രാവിഡമുന്നേറ്റ കഴകം. മുൻമുഖ്യമന്ത്രി എം. കരുണാനിധിയുടെ മകനാണ് സ്റ്റാലിൻ. അദ്ദേഹത്തിന്റെ ജ്യേഷ്ഠൻ എം.കെ. അഴഗിരി പാർട്ടിയുടെ സമുന്നതനേതാവും മുൻകേന്ദ്രമന്ത്രിയുമാണ്. അനുജത്തി കനിമൊഴി പാർലമെന്റംഗമാണ്. ഏതുനിലയ്ക്കും കുടുംബ മുന്നേറ്റ കഴകം എന്ന പേരാകും പാർട്ടിക്കു യോജിക്കുക. അങ്ങനെയാകുമ്പോൾ ഉദയനിധി അടുത്ത മുഖ്യമന്ത്രി ആയില്ലെങ്കിലേ അത്ഭുതമുള്ളൂ.

വലിയ ചരിത്രവും പൈതൃകവുമുള്ളതാണ് തമിഴകത്തെ ദ്രാവിഡ പ്രസ്ഥാനം. അതങ്ങനെ ആരുടെയെങ്കിലും കുടുംബസ്വത്തായി ഉദ്ദേശിക്കപ്പെട്ടതല്ല. 1916ൽ ഡോ. ടി.എം. നായരും ത്യാഗരാജ ചെട്ടിയാരും ചേർന്നു സ്ഥാപിച്ചതാണ് സൗത്ത് ഇന്ത്യൻ ലിബറൽ ഫെഡറേഷൻ. പഴയ മദ്രാസ് പ്രവിശ്യയിൽ നടമാടിയ ബ്രാഹ്മണ ആധിപത്യത്തിനെതിരായ ചെറുത്തുനിൽപ്പാണ് ആ സംഘടന ഉദ്ദേശിച്ചത്. പിന്നീടത് ജസ്റ്റിസ് പാർട്ടിയായി പരിണമിച്ചു. പാർട്ടിയുടെ നേതാക്കളെല്ലാവരും അബ്രാഹ്മണരായിരുന്നു. അവർ പ്രായേണ ബ്രിട്ടീഷ് ഭരണത്തെ അനുകൂലിക്കുകയും രാജഗോപാലാചാരി നയിച്ച ഇന്ത്യൻ നാഷണൽ കോൺഗ്രസിനെ അപലപിക്കുകയും ചെയ്തു. സ്വാഭാവികമായും ജസ്റ്റിസ് പാർട്ടി തിരഞ്ഞെടുപ്പുകളിൽ മത്സരിക്കുകയും മദ്രാസ് പ്രവിശ്യയുടെ ഭരണാധികാരം കൈയാളുകയും ചെയ്തു. 1944 ആയപ്പോഴേക്കും ഇ.വി. രാമസ്വാമി നായ്ക്കർ നേതൃത്വമേറ്റെടുത്ത് പാർട്ടിയുടെ പേര് ദ്രാവിഡകഴകം എന്നാക്കി മാറ്റി. ബുദ്ധിജീവി നേതാക്കൾ പിന്തള്ളപ്പെട്ടു. ജാതി നിർമ്മാർജനവും അയിത്തോച്ചാടനവുമായിരുന്നു രാമസ്വാമി മുന്നോട്ടുവച്ച പ്രധാന പരിപാടികൾ. അദ്ദേഹം രാമായണത്തിനു ബദലായി കീമായണം എഴുതുകയും ഉത്തരേന്ത്യയിലെ രാമലീലയ്ക്കു ബദലായി രാവണലീല അവതരിപ്പിക്കുകയും ചെയ്തു. തനി തമിഴ് ഇയക്കം എന്നൊരു പ്രസ്ഥാനവും തുടങ്ങിവച്ചു. അതിൻപ്രകാരം തമിഴിൽ കടന്നുകൂടിയ ഹിന്ദി, ഇംഗ്ലീഷ്, സംസ്‌കൃത പദങ്ങൾ പൂർണമായി വർജ്ജിച്ചു. നേതാക്കളെല്ലാവരും പേരുകൾ തമിഴിലേക്കു മൊഴിമാറ്റി. ബ്രാഹ്മണവിരോധത്തിന്റെ തുടർച്ചയെന്നോണം രാമസ്വാമിയും കൂട്ടരും പാക്കിസ്ഥാൻ വാദത്തെ പിന്തുണച്ച് മുസ്ലിം ലീഗുമായി സഹകരിച്ചു. അവർ ദ്രാവിഡസ്ഥാനുവേണ്ടി മുറവിളികൂട്ടി. 1947 ഓഗസ്റ്റ് 15 കരിദിനമായി ആചരിക്കാൻ രാമസ്വാമി ആഹ്വാനംചെയ്തു. അത്രത്തോളം പോകാൻ അണ്ണാദുരൈ അടക്കമുള്ള നേതാക്കൾ ഒരുക്കമായിരുന്നില്ല. 1949ൽ എഴുപതുകാരനായ രാമസ്വാമി 32 വയസുള്ള മണിയമ്മയെ വിവാഹംചെയ്തു. അതു പുതിയ കലാപത്തിന് തിരികൊളുത്തി. രാമസ്വാമിയുടെ അനന്തരവൻ ഇ.വി.കെ സമ്പത്തടക്കം ദ്രാവിഡ കഴകത്തിൽനിന്നു രാജിവച്ചു. തെറ്റിപ്പിരിഞ്ഞവർ ദ്രാവിഡ മുന്നേറ്റ കഴകം എന്ന പാർട്ടി രൂപീകരിച്ചു. സി.എൻ. അണ്ണാദുരൈ, വി.ആർ. നെടുഞ്ചെഴിയൻ, കെ.എ. മതിയഴകൻ, കെ. അൻപഴകൻ, എം. കരുണാനിധി, എൻ.വി. നടരാജൻ എന്നിവരായിരുന്നു ഡി.എം.കെയുടെ സ്ഥാപകനേതാക്കൾ. കറുപ്പും ചുവപ്പും നിറമുള്ള ദ്രാവിഡ കഴകത്തിന്റെ പതാകതന്നെ ചെറിയ വ്യത്യാസത്തോടെ ഡി.എം.കെയും സ്വീകരിച്ചു. പിന്നീട് ഉദയസൂര്യൻ തിരഞ്ഞെടുപ്പ് ചിഹ്നമായും നിശ്ചയിച്ചു.

1952ലെ ആദ്യ പൊതുതിരഞ്ഞെടുപ്പിൽ ദ്രാവിഡകഴകമോ ദ്രാവിഡ മുന്നേറ്റ കഴകമോ മത്സരിച്ചില്ല. ഇരുകൂട്ടരും മത്സരിച്ച് ഹിന്ദിയെ എതിർത്തു. ദ്രാവിഡരുടെ സ്വയം നിർണയ അവകാശത്തിനു വേണ്ടി വാദിച്ചു, ദ്രാവിഡനാട് ജന്മാവകാശമായി പ്രഖ്യാപിച്ചു. ഹിന്ദിയിലെഴുതിയ ബോർഡുകൾക്ക് മീതെ കരിപൂശി. സി. രാജഗോപാലാചാരിയെ മുഖ്യമന്ത്രിയാക്കി ബ്രാഹ്മണാധിപത്യം അടിച്ചേൽപിച്ച കോൺഗ്രസിനെ അപലപിച്ചു. കല്ലക്കുടി റെയിൽവേ സ്റ്റേഷന് ഡാൽമിയപുരം എന്ന് പുനർനാമകരണം ചെയ്തതിനെ എതിർത്തു. സമരം ഒരു പരിധിവരെ ജനങ്ങളെ സ്വാധീനിച്ചു. പക്ഷേ രാജാജിയുടെ സ്ഥാനത്ത് കാമരാജ് മദ്രാസ് മുഖ്യമന്ത്രിയായി വന്നപ്പോൾ ദ്രാവിഡ മുന്നേറ്റക്കാർക്ക് നിലതെറ്റി. കാരണം രാജാജിയെപ്പോലെ ബ്രാഹ്മണനല്ല, അണ്ണാദുരൈയെ പോലെ ദ്രാവിഡനായിരുന്നു കാമരാജ്. 1957 ലെ തിരഞ്ഞെടുപ്പിൽ ഡി.എം.കെ മത്സരിച്ചെങ്കിലും വലിയ മുന്നേറ്റമുണ്ടാക്കാൻ കഴിഞ്ഞില്ല. 1956 ൽ ഭാഷാസംസ്ഥാനങ്ങൾ രൂപീകരിച്ചതോടെ ദ്രാവിഡനാട് അപ്രസക്തമായി. മലയാളികളോ കന്നഡിഗരോ തെലുങ്കരോ ദ്രാവിഡനാട് മുദ്രാവാക്യത്തോട് അനുഭാവം പ്രകടിപ്പിച്ചില്ല. ഡി.എം.കെ സ്വതന്ത്ര തമിഴ്‌നാടിനുവേണ്ടി വാദിക്കാൻ തുടങ്ങി. തമിഴർക്കു തമിഴ്‌നാട് എന്ന മുദ്രാവാക്യം വീണ്ടുമുയർത്തി. 1957ലെയും 1962ലെയും തിരഞ്ഞെടുപ്പുകളിൽ ഡി.എം.കെയ്ക്ക് പ്രതീക്ഷിച്ച മുന്നേറ്റമുണ്ടാക്കാനായില്ല. 62ൽ അണ്ണാദുരൈയും പരാജയപ്പെട്ടു. മാത്രമല്ല, 1963 ഒക്ടോബറിൽ ഭരണഘടനയുടെ 16-ാം ഭേദഗതി പാസായതോടെ രാജ്യത്തിന്റെ അഖണ്ഡതയും പരമാധികാരവും ചോദ്യം ചെയ്യുന്നത് കുറ്റകരവും ശിക്ഷാർഹവുമായി. തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നവർ ഇന്ത്യൻ ഭരണഘടനയോടു കൂറുപുലർത്തുമെന്നും അഖണ്ഡതയും പരമാധികാരവും കാത്തുസൂക്ഷിക്കുമെന്നും പ്രതിജ്ഞ ചെയ്യേണ്ടതായും വന്നു. അതോടെ സ്വതന്ത്ര പരമാധികാര തമിഴ്‌നാട് എന്ന ആവശ്യം നിരുപാധികം പിൻവലിക്കാൻ ഡി.എം.കെ നിർബന്ധിതമായി.

1964 ഒക്ടോബറിൽ കാമരാജ് എ.ഐ.സി.സി പ്രസിഡന്റായി. തൽസ്ഥാനത്ത് എം.ഭക്തവത്സലം മദ്രാസ് മുഖ്യമന്ത്രിയുമായി. 1965 ജനുവരിയിൽ ഹിന്ദി അടിച്ചേൽപിക്കുന്നതിനെതിരെ തമിഴകത്ത് വലിയ പ്രക്ഷോഭമുണ്ടായി. പൊലീസ് വെടിവയ്പിൽ നിരവധിപേർ മരിച്ചു. രണ്ടു സാഹചര്യങ്ങളും ഡി.എം.കെ നന്നായി മുതലെടുത്തു. 1967ലെ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് അവർ ഭരണത്തിലേറി. സി.എൻ. അണ്ണാദുരൈ തമിഴ്‌നാട് മുഖ്യമന്ത്രിയായി.

അധികാരത്തിലേറിയ അണ്ണാദുരൈ തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ പാലിക്കാൻ പരമാവധി പരിശ്രമിച്ചു. കുറഞ്ഞവിലയ്ക് അരി ലഭ്യമാക്കി, സ്വയംമര്യാദ വിവാഹങ്ങൾ നിയമവിധേയമാക്കി, മിശ്രവിവാഹം പ്രോത്സാഹിപ്പിച്ചു. പാഠ്യപദ്ധതിയിൽ നിന്ന് ഹിന്ദി ഒഴിവാക്കി, ദ്വിഭാഷ പദ്ധതി നടപ്പാക്കി. 1968 ജനുവരി ആദ്യം മദ്രാസിൽ ലോക തമിഴ് സമ്മേളനം ഗംഭീരമാക്കി. വൈകാതെ അദ്ദേഹം അർബുദരോഗ ബാധിതനായി. ചികിത്സയ്ക്ക് ന്യൂയോർക്കിൽ കൊണ്ടുപോയെങ്കിലും ഫലമുണ്ടായില്ല. 1969 ഫെബ്രുവരി മൂന്നിന് അണ്ണാദുരൈ അന്തരിച്ചു.

സീനിയർ നേതാവും ധനകാര്യ മന്ത്രിയുമായ വി.ആർ.നെടുഞ്ചെഴിയനാണു താത്‌കാലിക മുഖ്യമന്ത്രിയായതെങ്കിലും അദ്ദേഹത്തിനെതിരെ കരുണാനിധി രംഗത്തുവന്നു. മതിയഴകനും മനോഹരനും എം.ജി.ആറും കരുണാനിധിയെ പിന്തുണച്ചു. അങ്ങനെ കരുണാനിധി നിയമസഭാകക്ഷി നേതാവും മുഖ്യമന്ത്രിയുമായി തിരഞ്ഞെടുക്കപ്പെട്ടു. മുഖ്യമന്ത്രി സ്ഥാനത്തെത്തിയതോടെ എം.ജി.ആറിനെ ഒതുക്കാനായി കരുണാനിധിയുടെ ശ്രമം. 1973ൽ എം.ജി.ആർ പാർട്ടിവിട്ടു. അദ്ദേഹം അണ്ണാ ഡി.എം.കെ സ്ഥാപിച്ചു. അഴിമതി ആരോപണങ്ങളിൽ ഉലഞ്ഞ് കരുണാനിധി കേന്ദ്രം ഭരിച്ചിരുന്ന ഇന്ദിരാഗാന്ധിയെയും വിരോധിയാക്കി. അടിയന്തരാവസ്ഥക്കാലത്ത് 1976ൽ കരുണാനിധി സർക്കാരിനെ കേന്ദ്രം ഡിസ്‌മിസ് ചെയ്തു. 1977ലെ തിരഞ്ഞെടുപ്പിൽ എം.ജി.ആർ നയിച്ച അണ്ണാ ഡി.എം.കെ തമിഴകത്തിന്റെ ഭരണംപിടിച്ചു. എം.ജി.ആർ മരിക്കുംവരെ കരുണാനിധിക്കു അധികാരത്തിൽ തിരിച്ചെത്താനായില്ല.

അധികാരത്തിനു പുറത്തുനിൽക്കുമ്പോഴും മകൻ സ്റ്റാലിനെ പിന്തുടർച്ചാവകാശിയാക്കി ഉയർത്തിക്കൊണ്ടുവരാൻ കരുണാനിധി യത്‌നിച്ചു. 1982ൽ സ്റ്റാലിൻ പാർട്ടി യുവജനവിഭാഗം സെക്രട്ടറിയായി. സ്റ്റാലിനു നൽകുന്ന അമിതപ്രാധാന്യത്തിൽ പ്രതിഷേധിച്ച് തീപ്പൊരി നേതാവ് വയ്യാപുരി ഗോപാലസ്വാമി (വൈക്കോ) 1993ൽ പാർട്ടിവിട്ടു. അദ്ദേഹം മരുമലർച്ചി ഡി.എം.കെ എന്നൊരു പാർട്ടി രൂപീകരിച്ചു. 1996ൽ സ്റ്റാലിൻ മദ്രാസ് മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 2006ൽ കരുണാനിധിയുടെ മന്ത്രിസഭയിൽ ഗ്രാമവികസനകാര്യ മന്ത്രിയായി. 2003 ൽ പാർട്ടിയുടെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയും 2009ൽ തമിഴ്‌നാട് ഉപമുഖ്യമന്ത്രിയുമായി. സ്റ്റാലിനു നൽകുന്ന അമിത പ്രാധാന്യത്തിൽ പ്രതിഷേധിച്ച് പുരട്ചി കലൈഞ്ജർ വിജയകാന്തും പാർട്ടിവിട്ടു. 2005ൽ അദ്ദേഹം ദേശീയ മുർപോക്ക് ദ്രാവിഡ കഴകം (ഡി.എം.ഡി.കെ)സ്ഥാപിച്ചു. സ്റ്റാലിനു നൽകുന്ന അമിതപ്രാധാന്യത്തിൽ ജ്യേഷ്ഠൻ അഴഗിരിക്കും വിയോജിപ്പുണ്ടായി. അദ്ദേഹം മധുര കേന്ദ്രമാക്കി പ്രവർത്തിച്ചു. കരുണാനിധിയുടെ പിന്തുടർച്ചാവകാശി താനായിരിക്കുമെന്നു ഭംഗ്യന്തരേണ സൂചിപ്പിച്ചു. 2004ൽ അഴഗിരി പാർലമെന്റ് അംഗവും കേന്ദ്രമന്ത്രിയുമായി. 2013 വരെ അദ്ദേഹം കേന്ദ്ര കാബിനറ്റ് അംഗമായി തുടർന്നു. ഇക്കാലത്തുതന്നെ കനിമൊഴി രാജ്യസഭാംഗമായും പേരെടുത്തു. ഡി.എം.കെ മന്ത്രിമാരുടെ അഴിമതി യു.പി.എ സർക്കാരിന് വലിയ അപമാനം വരുത്തിവച്ചു. 2014ലെ ചരിത്ര പരാജയത്തിന് അതും കാരണമായി. പുത്രവാത്സല്യത്താൽ അന്ധനായ കരുണാനിധി എല്ലാ അഴിതിയെയും ന്യായീകരിച്ചു. ആരോപണമുന്നയിച്ചവരെ കുറ്റപ്പെടുത്തി. 2021ലെ തിരഞ്ഞെടുപ്പിൽ ഡി.എം.കെ വലിയ ഭൂരിപക്ഷത്തോടെ അധികാരത്തിലെത്തി. അഴഗിരിയുടെ വെല്ലുവിളി അവസാനിച്ചു. അനന്തരാവകാശിയുടെ കാര്യമേ ബാക്കിയുണ്ടായിരുന്നുള്ളൂ. ഇപ്പോൾ അതും വ്യക്തമായി.

ഡി.എം.കെയുടേത് ഒറ്റപ്പെട്ട ഉദാഹരണമല്ല. രാജ്യത്തെ മിക്കവാറും രാഷ്ട്രീയപാർട്ടികൾ കുടുംബാധിപത്യത്തിൽ വിശ്വസിക്കുന്നവയാണ്. ആന്ധ്ര മുഖ്യമന്ത്രിയായിരുന്ന വൈ.എസ്. രാജശേഖര റെഡ്ഡിയുടെ മകനാണ് വൈ.എസ്.ആർ കോൺഗ്രസ് സ്ഥാപിക്കുകയും ഇപ്പോൾ മുഖ്യമന്ത്രിയായി പരിലസിക്കുകയും ചെയ്യുന്ന വൈ.എസ്. ജഗൻമോഹൻ റെഡ്ഡി. അദ്ദേഹത്തിന്റെ സഹോദരി വൈ.എസ്. ഷർമിള തെലങ്കാനയിൽ രാഷ്ട്രീയ മുന്നേറ്റത്തിനൊരുങ്ങുന്നു. തെലങ്കാന രാഷ്ട്രസമിതിയുടെ പരമോന്നത നേതാവും മുഖ്യമന്ത്രിയുമായ കെ. ചന്ദ്രശേഖരറാവുവിന്റെ മകനാണ് വ്യവസായമന്ത്രി കെ.ടി. രാമറാവു; മകളാണ് പാർലമെന്റംഗം കവിത. മുൻ കർണാടക മുഖ്യമന്ത്രിയും മുൻ പ്രധാനമന്ത്രിയുമായ എച്ച്.ഡി.ദേവെഗൗഡയുടെ മകനും സിനിമാരംഗത്തായിരുന്നു, എച്ച്.ഡി.കുമാരസ്വാമി. പിന്നീട് പാർട്ടിക്കു മുഖ്യമന്ത്രിസ്ഥാനം കരഗതമായപ്പോൾ അദ്ദേഹം സിനിമാരംഗം ഉപേക്ഷിച്ച് രാഷ്ട്രീയത്തിൽ കൊടികെട്ടുകയും മുഖ്യമന്ത്രി പദമേൽക്കുകയും ചെയ്തു. അന്നു വൈക്കോയെപ്പോലെ പടിയിറങ്ങിയ ആളാണ് സിദ്ധരാമയ്യ. തെലുഗുദേശം സ്ഥാപകനും ആന്ധ്രമുഖ്യമന്ത്രിയുമായ രാമറാവുവിന് ആൺമക്കളുണ്ടായിരുന്നെങ്കിലും രണ്ടാമത്തെ മകൾ ഭുവനേശ്വരിയുടെ ഭർത്താവ് ചന്ദ്രബാബു നായിഡുവാണ് പിന്തുടർച്ചാവകാശിയായത്. അദ്ദേഹത്തിന്റെ മകൻ നാരാ ലോകേഷ് അച്ഛന്റെ പാദമുദ്രകൾ പിന്തുടരാൻ വെമ്പിനിൽക്കുന്നു. മുൻ മഹാരാഷ്ട്ര മുഖ്യമന്ത്രിയും എൻ.സി.പി നേതാവുമായ ശരദ് പവാറിന്റെ അനന്തവരൻ അജിത് പവാറും മകൾ സുപ്രിയ സുലെയും സജീവമായി രംഗത്തുണ്ട്. എൻ.സി.പിയുടെയും ഭാഗധേയം അവരുടെ കരങ്ങളിൽ സുരക്ഷിതമായിരിക്കും. സമാജ്‌വാദി പാർട്ടി നേതാവ് മുലായം സിംഗ് യാദവിന്റെ മകൻ അഖിലേഷ് യാദവ് പാർട്ടിയുടെ പ്രധാനനേതാവും ഉത്തർപ്രദേശിൽ പ്രതിപക്ഷനേതാവുമായി തുടരുന്നു. അഖിലേഷിന്റെ പത്‌നി ഡിമ്പിൾ യാദവ് ഇക്കഴിഞ്ഞ ദിവസമാണ് ലോക്‌സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടത്. ഇന്ദിരാഗാന്ധിയുടെ കുടുംബരാഷ്ട്രീയത്തെ എക്കാലവും വിമർശിച്ച ചൗധരി ചരൺസിംഗിന്റെ മകൻ അജിത് സിംഗ് പിന്നീട് രാഷ്ട്രീയ ലോക്ദളിന്റെ അമരക്കാരനായി. അദ്ദേഹത്തിന്റെ മകൻ ജയന്ത് ചൗധരി പിതാവിന്റെ മരണശേഷം പാർട്ടി ഏറ്റെടുത്തു നടത്തും. ശിവസേനാ നേതാവ് ബാൽതാക്കറെ ഒരിക്കലും അധികാരസ്ഥാനങ്ങൾ ആഗ്രഹിച്ചില്ല. പക്ഷേ മകൻ ഉദ്ധവ് താക്കറെ പാർട്ടി നേതൃത്വത്തിനൊപ്പം മുഖ്യമന്ത്രി സ്ഥാനവും ഏറ്റെടുത്തു. അദ്ദേഹത്തിന്റെ മകൻ ആദിത്യ താക്കറെ പാർട്ടിയെ നയിക്കാൻ മേക്കപ്പിട്ടു നിൽക്കുന്നു. ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി അവിവാഹിതയാണ്. അവരുടെ അനന്തരവൻ അഭിഷേക് ബാനർജിയാണ് ദീദിയുടെ പിന്തുടർച്ചാവകാശി. ഹരിയാനയിൽ ചൗധരി ദേവിലാലിന്റെ മകൻ ഓംപ്രകാശ് ചൗട്ടാലും മക്കളായ അജയ് ചൗട്ടാല, അഭയ് ചൗട്ടാല എന്നിവരും സജീവമായി രംഗത്തുണ്ട്. ബീഹാറിൽ ലാലുപ്രസാദ് യാദവ് അഴിമതിക്കേസിൽ പെട്ട് രാജിവയ്‌ക്കേണ്ടിവന്നപ്പോൾ ഭാര്യ റാബ്‌റി ദേവിയെ മുഖ്യമന്ത്രിയാക്കി എന്നാണു ചരിത്രം. ഇപ്പോൾ മകൻ തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയാണ് . വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിനു ശേഷം അദ്ദേഹമായിരിക്കും മുഖ്യമന്ത്രിയെന്ന് പ്രഖ്യാപിച്ചിട്ടുമുണ്ട്. മിക്കവാറും എല്ലാ പാർട്ടിയിലും ഇതൊക്കെത്തന്നെയാണ് അവസ്ഥ. കുടുംബരാഷ്ട്രീയം വെൽവൂതാക!

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: FAMILY POLITICS
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.