തിരുവനന്തപുരം: നഗര വസന്തത്തിന്റെ ഭാഗമായി നഗരവീഥികളിൽ സജ്ജമാക്കിയ ഉദ്യാനങ്ങൾ നിലനിറുത്തും. വെള്ളയമ്പലം, കവടിയാർ, ശാസ്തമംഗലം, വഴുതക്കാട്, സ്‌പെൻസർ ജംഗ്ഷൻ റോഡുകളുടെ ഇരുവശങ്ങളിലുമാണ് പൂച്ചെടികളും അലങ്കാരച്ചെടികളുമായി ഉദ്യാനങ്ങൾ സജ്ജമാക്കിയത്. നഗരവസന്തം സമാപിച്ച ശേഷം കവടിയാർ-വെള്ളയമ്പലം റോഡുകൾക്ക് ഇരുവശമായി പുനർ വിന്യസിച്ച് സ്ഥിരമായി നിലനിറുത്തും.
ഇരിപ്പിടവും അലങ്കാരദീപങ്ങളും സജ്ജമാക്കും. നൈറ്റ് ലൈഫ് സജീവമാക്കുന്നതിന്റെ ഭാഗമായാണ് ഡി.ടി.പി.സിയുടെ തീരുമാനം. വെള്ളയമ്പലം - കവടിയാർ ഭാഗത്തുള്ള സർക്കാർ ഓഫീസുകളെയും സന്നദ്ധസംഘടനകളെയും സഹകരിപ്പിച്ചാണ് പരിപാലനം ഉറപ്പാക്കുക. നഗരവസന്തം സമാപിക്കുന്നതുവരെ ഉദ്യാനം പരിപാലിക്കാൻ ആൾക്കാരെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അതേസമയം പൂക്കളുടെയും ഇൻസ്റ്റൈലേഷനുകളുടെയും ക്രമീകരണം ഇന്നലെ പൂർത്തിയാകാത്തതിനാൽ സൗജന്യമായി കാഴ്ചക്കാരെ പ്രവേശിപ്പിച്ചിരുന്നു. ഒരുക്കങ്ങൾ ഇന്നത്തോടെ പൂർത്തിയാകുമെന്ന് സംഘാടകർ അറിയിച്ചു.
അതേസമയം വൻ തിരക്കാണ് ഇന്നലെ അനുഭവപ്പെട്ടത്.
ഓർക്കിഡുകളുടെയും വിദേശ പൂക്കളുടെയും വലിയൊരു ശേഖരമാണ് കാഴ്ചക്കാർക്ക് വിരുന്നൊരുക്കുന്നത്. മൂന്നാറിലെ തനത് പൂക്കൾക്കൊപ്പം വിവിധ നിറത്തിലുള്ള ആയിരത്തിലേറെ റോസാച്ചെടികളും രണ്ടായിരം ഡാലിയകളും ടുലിപ്‌സ് പൂക്കൾ, ഒലിവ്, മാക്‌നോലിയ, കമീലിയ, സൈക്കിസ് ന്യൂഡ, ഫൈലാൻഡസ്, പെട്രോക്രോട്ടോൺസ് എന്നിവയും ഇടംപിടിച്ചിട്ടുണ്ട്.
ദൃശ്യചാരുതയൊരുക്കി
ലൈറ്റിംഗ്, ട്രീ റാപ്പിംഗും ആദ്യം
കനകക്കുന്ന് കൊട്ടാരവളപ്പിലെ ഇടതുഗേറ്റ് മുതൽ അകത്തേക്കുള്ള പുൽത്തകിടികളും നടപ്പാതകളും എൽ.ഇ.ഡി ലൈറ്റുകളാൽ മനോഹരമാക്കിയിട്ടുണ്ട്. മ്യൂസിയം സ്റ്റേഷൻ മുതൽ ജവഹർ ബാലഭവൻ വരെയുള്ള വഴിയോരങ്ങളിലെയും മരങ്ങളിലെയും ദീപാലങ്കാരം കണ്ണഞ്ചിപ്പിക്കും. പ്രവേശന കവാടത്തിൽ 40 അടി നീളവും എട്ടടി ഉയരവുമുള്ള റെയിൻഡിയറും രഥവുമാണ് കാഴ്ചക്കാരെ സ്വാഗതം ചെയ്യുക. 100 വീതം റെയിൻ ഡിയറുകളും ക്രിസ്‌മസ് ബെല്ലുകളും ക്രിസ്‌മസ് ട്രീകളും വലിയ നക്ഷത്രങ്ങളും കനകക്കുന്നിൽ ദൃശ്യചാരുതയൊരുക്കുന്നു. അമ്പതിടങ്ങളിൽ ഷുഗർ കാൻഡി സ്റ്റിക്കുകളും സ്ഥാപിച്ചിട്ടുണ്ട്. എൽ.ഇ.ഡി ലൈറ്റുകളിലും നിയോൺ വെളിച്ചത്തിലുമാണ് മരങ്ങൾ അലങ്കരിച്ചിട്ടുള്ളത്. ട്രീ റാപ്പിംഗ് വെളിച്ചവിന്യാസം ആദ്യമായാണ് കനകക്കുന്നിലും പരിസരത്തും സജ്ജമാക്കുന്നത്. വർണാഭമായ ഫോട്ടോ പോയിന്റുകളും ഒരുക്കിയിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |