തിരുവനന്തപുരം:മൊബൈൽ ഫോൺ ഇന്റർനെറ്റ് സേവനങ്ങളുടെ സൂപ്പർ ഫാസ്റ്റ് അവതാരമായ ജിയോ ട്രൂ 5ജി ഇന്നലെ തലസ്ഥാനത്തെത്തി. ഫോണിൽ 5ജി കിട്ടാൻ ആരും കൈയിലുള്ള 4ജി സിം മാറ്റേണ്ടതില്ല.5 ജിയിൽ സെക്കൻഡിൽ ഒരു ജിഗാബൈറ്റ് വേഗതയിൽ മൊബൈൽ ഇന്റർനെറ്റ് കിട്ടും.നിലവിൽ സെക്കൻഡിൽ 100 മെഗാബൈറ്റ് വേഗതയാണ് തിരുവനന്തപുരത്ത് കിട്ടുന്നത്. അത് പത്ത് മടങ്ങായി കൂടും.
5ജി സൗകര്യമുള്ള ഫോണിൽ പോസ്റ്റ്പെയ്ഡ് കണക്ഷനോ അടിസ്ഥാന പ്രീപെയ്ഡ് റീചാർജായ 239 രൂപയോ മുകളിലുള്ള റീച്ചാർജോ ഉണ്ടായാൽ പുതിയ സേവനം കിട്ടും. ഉപഭോക്താവ് 5ജി കവറേജുള്ള സ്ഥലത്താണു കൂടുതൽ സമയമെങ്കിൽ ജിയോ വെൽകം ഓഫർ ലഭിക്കും.
ഡിസംബർ 20നാണു ജിയോയുടെ ട്രൂ 5ജി സേവനം കൊച്ചിയിൽ തുടങ്ങിയത്. ഈ വർഷം അവസാനിക്കും മുമ്പ് തിരുവനന്തപുരത്ത് ജിയോ 5ജി സേവനം ആരംഭിക്കുമെന്നു മുഖ്യമന്ത്രി പറഞ്ഞിരുന്നു.
തൃശൂർ, കോഴിക്കോട്, മലപ്പുറം ജില്ലകളിൽ ജനുവരിയോടെ 5ജി ലഭിക്കും. 2023 അവസാനം എല്ലാ താലൂക്കുകളിലും മേഖലകളിലും 5ജി എത്തിക്കാമെന്ന പ്രതീക്ഷയിലാണ് ജിയോ.
ഒക്ടോബർ ഒന്നിനാണു രാജ്യത്ത് 5 ജി സേവനം തുടങ്ങിയത്. നിലവിൽ കൊച്ചിയും തിരുവനന്തപുരവും ഉൾപ്പെടെ ചുരുക്കം ചില നഗരങ്ങളിൽ മാത്രമാണ് 5ജി സേവനം. എയർടെൽ ആണ് 5ജി തുടങ്ങിയ മറ്റൊരു കമ്പനി. ബി എസ് എൻ എൽ ഓഗസ്റ്റ് 15ന് തുടങ്ങും
# 5ജി സേവനത്തിന്
റിലയൻസ് ജിയോ ആണ് 5 ജി.സേവനം നൽകുന്നത്.നഗരത്തിൽ തിരഞ്ഞെടുക്കപ്പെട്ട ടവറുകളിൽ മാത്രമാണിത്. ഇൗ ടവറുകളുടെ പരിധിയിൽ ഫോണിലെ "മൈ ജിയോ" ആപ്പ് തുറക്കുമ്പോൾ മുകളിൽ ജിയോ വെൽകം ഒാഫർ ബാനർ തെളിയും. 5 ജി.സേവനം ലഭിക്കുമെന്നർത്ഥം. അതിൽ "അയാം ഇന്ററസ്റ്റഡ്"ഒാപ്ഷൻ എടുക്കണം. അല്ലെങ്കിൽ സെറ്റിംഗ്സിൽ മൊബൈൽ നെറ്റ്വർക്ക് മെനു തുറന്ന് ജിയോ സിം ഒാപ്ഷനിൽ തൊടണം.അതിൽ പ്രിഫേർഡ് നെറ്റ്വർക്കിൽ 5 ജി.ഒാപ്ഷൻ എടുക്കണം.അത് ശരിയായി ചെയ്താൽ ഫോണിന്റെ ഹോം സ്ക്രീനിൽ മുകളിലായി 5ജി എന്ന് തെളിയും.അതോടെ ഫോണിൽ 5 ജി.കിട്ടിയെന്ന് അറിയാം. ഇതല്ലെങ്കിൽ www.jio.com/5g എന്ന വെബ്സൈറ്റിൽ "ഇൗസ് യുവർ ഡിവൈസ് 5ജി റെഡി" എന്ന ഒാപ്ഷനിൽ ജിയോ നമ്പർ നൽകിയാലും 5ജി.സേവനം തങ്ങളുടെ ഫോണിൽ കിട്ടുമോ എന്നറിയാം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |