ശിവഗിരി: കേരള നവോത്ഥാനത്തിന്റെ പിതാവ് എന്ന സ്ഥാനമാണ് ശ്രീനാരായണ ഗുരുവിനുള്ളതെന്ന് നിയമസഭാ ഡെപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ പറഞ്ഞു. ചരിത്രത്തെ മാറ്റിമറിച്ച സാമൂഹ്യ വിപ്ലവകാരിയാണ് ഗുരു. കാലത്തെ അതിജീവിച്ച ദർശനവും ചിന്തയുമായിരുന്നു അദ്ദേഹത്തിന്റേത്.
ശിവഗിരി തീർത്ഥാടന സംഘടനാ സമ്മേളനത്തിൽ അദ്ധ്യക്ഷ പ്രസംഗം നടത്തുകയായിരുന്നു ഗോപകുമാർ.
മത നവീകരണം, ആചാര പരിഷ്‌കാരം എന്നിവയിൽ തുടങ്ങിയ അദ്ദേഹത്തിന്റെ ദൗത്യം അതിൽ അവസാനിച്ചില്ല. ഗുരു ഉഴുതുമറിച്ച മണ്ണിലാണ് ഉത്തരവാദ ഭരണത്തിനും ജനകീയ പുരോഗമന വിപ്ലവ പ്രസ്ഥാനങ്ങൾക്കും വിത്തുപാകിയത്. എന്റെ സുഖവും മറ്റുള്ളവരുടെ സുഖവും ഒന്നാണെന്ന ചിന്ത തന്നെയല്ലേ സോഷ്യലിസത്തിന്റെയും ദാർശനിക തലം. ആ സന്ദേശങ്ങളിലെ വിപ്ലവമല്ലേ പ്രബുദ്ധകേരളം സാദ്ധ്യമാക്കിയത് .
വിവിധ ജാതിക്കാർ അടങ്ങുന്ന ഒരു ഹിന്ദു സംഘടനയല്ല എസ്.എൻ .ഡി.പി യോഗത്തിലൂടെ ഗുരു വിഭാവനം ചെയ്തത്. ഹിന്ദുമതത്തിലെ വിവിധ ജാതി മത വിഭാഗങ്ങൾക്ക് തോളോടുതോൾ ചേർന്നു പ്രവർത്തിക്കാനുള്ള പൊതു മണ്ഡലമായിട്ടായിരുന്നു. നാനാത്വത്തിൽ ഏകത്വം എന്ന ഇന്ത്യയുടെ അടിസ്ഥാന തത്വമായിരുന്നു ഗുരു സ്വപ്നം കണ്ടത്. മനുഷ്യന്റെ ധാർമികവും അസ്തിത്വപരവുമായ ജീവിതം നിർണയിക്കുന്നതിൽ കാതലായ പങ്കുവഹിക്കുന്നത് മതമാണ് എന്ന പരമ്പരാഗത ധാരണയാണ് ഗുരു തിരുത്തിയത്. മതമേതായാലും മനുഷ്യൻ നന്നായാൽ മതിയെന്ന ഗുരുവിന്റെ പ്രസ്താവനയുടെ അർത്ഥവ്യാപ്തിയും ഇതുതന്നെയാണ്.
ഹിന്ദുവാണ് ഭാരതപൈതൃകമെന്ന അഹന്തയും, ഹിന്ദുധർമ്മമാണ് ഭാരതീയ പൈതൃകമെന്ന ധാരണയും അബദ്ധമാണെന്ന് ഗുരുദർശനങ്ങൾ വ്യക്തമാക്കുന്നുണ്ട്. മതം ഏതായാലും മനുഷ്യൻ നന്നായാൽ മതി' എന്ന ചെറുവാക്യം അത്ര ചെറുതല്ല.
നിലവിലുള്ള മതങ്ങളെ പ്രകടമായി നിഷേധിക്കാനോ പുതിയ മതം സ്ഥാപിക്കാനോ ഗുരു ശ്രമിച്ചില്ലെന്നും ചിറ്റയം ചൂണ്ടിക്കാട്ടി.
സമൂഹത്തിൽ ശ്രീനാരായണ ഗുരുവിന്റെ സ്വാധീനം എന്ന വിഷയത്തിൽ ഗവേഷണം നടത്താൻ കഴിഞ്ഞത് തനിക്ക് ലഭിച്ച വലിയ ഭാഗ്യമാണെന്ന് വിശിഷ്ടാതിഥി ഡോ.തിയോഡോഷ്യസ് മാർത്തോമ്മ മെത്രാപ്പൊലീത്ത പറഞ്ഞു.ഇതിന്റെ വിവര ശേഖരണത്തിന് താൻ 14 മാസത്തോളം താമസിച്ച് പ്രവർത്തിച്ച മുരുക്കുംപുഴ എന്ന ഗ്രാമത്തിൽ അദ്ദേഹത്തിന്റെ സ്വാധീനം നേരിട്ട് മനസിലായി. ഒരു സമുദായത്തിന് മാത്രമല്ല , സമൂഹത്തിന് തന്നെ ഗുണകരമായ മാറ്റമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.
മനുഷ്യ നന്മയാണ് ആത്യന്തികമായി പ്രധാനമെന്നതായിരുന്നു ഗുരുവിന്റെ വീക്ഷണണമെന്ന് ചലച്ചിത്ര സംവിധായകൻ അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു. ശിവഗിരിയിലെ ശാന്തത തന്നെ വലിയ സന്ദേശമാണ്. ജീവിതത്തിന് മാർഗ്ഗദർശനമാവുന്ന ഉപേദേശങ്ങളാണ് ഗുരു നൽകിയിട്ടുള്ളത്. ജനാധിപത്യ സങ്കൽപ്പത്തിൽ മതാധിഷ്ഠിത നിലപാടിന് സ്ഥാനമില്ല. അങ്ങനെയുള്ളിടത്ത് ഭരണകൂടം നിലനിൽക്കില്ല. എല്ലാവർക്കും അവരവരുടെ ഭാവി തീരുമാനിക്കാൻ അവകാശമുള്ള രാജ്യമായി തുടരുകയെന്നതാണ് പ്രധാനമെന്നും അടൂർ വ്യക്തമാക്കി.
ഗുരുവിന്റെ എല്ലാ ചിന്തകളുടെയും കേന്ദ്രബിന്ദു മനുഷ്യത്വമായിരുന്നുവെന്ന് ആലപ്പുഴ ഡി.സി.സി മുൻ പ്രസിഡന്റ് എം.ലിജു പറഞ്ഞു.വർണ്ണാശ്രമ സങ്കൽപ്പത്തെ തള്ളിയതാണ് ഗുരുവിന്റെ ഏറ്റവും ശ്രദ്ധേയമായ നിലപാട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |