SignIn
Kerala Kaumudi Online
Friday, 29 March 2024 7.14 PM IST

വരാനിരിക്കുന്ന വേനലിന് മണ്ണൊരുക്കുക, ജലം കരുതുക

photo

കഴിഞ്ഞ ദിവസം തിരുവനന്തപുരം ജില്ലയിലെ നെടുവേലി ഹയർ സെക്കൻഡറി സ്കൂളിൽ വച്ച് നടന്ന നാഷണൽ സർവീസ് സ്‌കീമിന്റെ ക്യാമ്പിൽ കാലാവസ്ഥ മാറ്റത്തെയും പരിസ്ഥിതിയെയും സംബന്ധിച്ച പ്രഭാഷണമുണ്ടായിരുന്നു. രാവിലെ കൃത്യസമയത്ത് തന്നെ എത്തിച്ചേർന്നെങ്കിലും സെഷൻ ആരംഭിക്കുവാൻ കഴിഞ്ഞില്ല. ആ സ്കൂളിലെ കിണർ വറ്റിപ്പോയതുകൊണ്ട് കുട്ടികൾക്കുൾപ്പെടെ പ്രഭാതകൃത്യത്തിനുപോലും ഒരുതുള്ളി വെള്ളമുണ്ടായിരുന്നില്ല. തിരക്കിയപ്പോഴാണ് അറിയുന്നത് അത് ആ സ്‌കൂളിന്റെ മാത്രം പ്രശ്നമല്ല. നാട്ടിലാകെ കിണറുകൾ വറ്റിത്തുടങ്ങിയിട്ടുണ്ട്. മഴയുടേയും വെള്ളത്തിന്റേയും സ്വന്തം ദേശത്താണ് ഇവയൊക്കെ സംഭവിക്കുന്നത്.

ലോകത്തിലേറ്റവും കൂടുതൽ മഴ ലഭിക്കുന്ന പ്രദേശങ്ങളിൽ കേരളവും ഉൾപ്പെടുന്നു. ശരാശരി മൂവായിരം മില്ലിമീറ്റർ വാർഷിക മഴയാണ് കിട്ടുന്നത്. ആയിരം ചതുരശ്രയടി വിസ്തീർണമുള്ള ഒരു പുരപ്പുറത്ത് മൂന്നുലക്ഷം മുതൽ അഞ്ചുലക്ഷം ലിറ്റർ വരെ മഴവെള്ളം ഓരോ വർഷവും പെയ്തുവീഴുന്നു. ഒരു ഹെക്ടറിൽ ഒരുകോടി ഇരുപതുലക്ഷം ലിറ്റർ മഴവെള്ളം കരുതിവയ്ക്കുന്നുണ്ട്. മണ്ണിന്റെ സ്വഭാവം മാറിയതുകൊണ്ട് ജലാഗിരണ ശേഷിയിൽ വലിയ കുറവാണുണ്ടാകുന്നത്.

ഒരു ഹെക്ടർ വനആവാസ വ്യവസ്ഥ മുപ്പത്തിരണ്ടായിരം ഘനകിലോമീറ്റർ പ്രദേശത്തെ മഴയേയും പത്തുസെന്റ് വയൽ ഒരു ലക്ഷത്തിഅറുപതിനായിരം ലിറ്റർ മഴയെയും ഉൾക്കൊള്ളും. കാവുകൾ നല്ലൊരു ജലസംഭരണിയാണ്. സ്വാഭാവിക ജലസംഭരണ, സംരക്ഷണ സംവിധാനങ്ങളായ കാടുകൾ, വയലുകൾ, തണ്ണീർത്തടങ്ങൾ, കാവുകൾ, തോടുകൾ, കുളങ്ങൾ എന്നിവ കുറയുമ്പോൾ ഇല്ലാതാകുന്നത് നാടിന്റെയും നാട്ടാരുടെയും ദാഹനീരു കൂടിയാണ്.

കാലാവസ്ഥ മാറ്റം എന്നത് കൺമുന്നിലെ യാഥാർത്ഥ്യമാണ്. മഴദിനങ്ങളിൽ ഏറ്റക്കുറച്ചിലുണ്ടാകുന്നത് ഒരു പ്രതിഭാസമായി മാറിക്കഴിഞ്ഞു. 120 ദിവസം മഴ ലഭിച്ചിരുന്ന കേരളത്തിൽ മഴലഭ്യതയുടെ സ്ഥലകാലഭേദം വലിയ പ്രതിസന്ധിയാണ് സൃഷ്‌ടിക്കുന്നത്. മേഘവിസ്‌ഫോടനം, മഴത്തുള്ളികളുടെ കനം കൂടിയത് തുടങ്ങി പല പുതിയ കാര്യങ്ങളും ഉണ്ടായിവരുന്നുണ്ട്. പെട്ടെന്നുള്ള മഴ കാര്യമായ പ്രയോജനം നൽകുന്നില്ല. അതിവർഷവും അനാവർഷവും മാറിമാറി വന്നാൽ പ്രളയവും തുടർന്ന് വരൾച്ചയും എന്നതാകും സ്ഥിതി. ദീർഘകാലയളവിൽ മരുവത്‌കരണം ഉൾപ്പെടെ സംഭവിക്കാവുന്നതാണ്. മയിൽ നാട്ടിൽ ഇറങ്ങുന്നതും കണിക്കൊന്ന കാലംമാറി പൂക്കുന്നതും മത്തിയുടെ എണ്ണത്തിലെ കുറവും കാക്കകളുടെ പലായനവും വന്യമൃഗങ്ങൾ നാട്ടിലേക്ക് വരുന്നതുമൊന്നും നല്ല ലക്ഷണങ്ങളല്ല.

വറുതികളുടെ നാളുകളാണ് വരാനിരിക്കുന്നത്. കിണറുകളുൾപ്പെടെയുള്ള ജലസ്രോതസുകൾ വറ്റിത്തുടങ്ങിയിട്ടുണ്ട്. മണ്ണിൽ കരുതിയിട്ടുള്ള ജലം നഷ്ടപ്പെട്ടുപോകാതിരിക്കേണ്ടത് അത്യാവശ്യമാണ്. പറമ്പുകളും പുരയിടങ്ങളും പരമാവധി പുതപ്പിച്ചു സൂക്ഷിക്കണം. ചെമ്പരത്തി, സുബാബുൾ, ശീമക്കൊന്ന, രാമച്ചം, മറ്റ് ഇലച്ചെടികൾ എന്നിവയുടെ ഇലകളും തെങ്ങോലകളും ഉൾപ്പെടെ പരമാവധി വസ്തുക്കൾ ഉപയോഗിച്ച് മണ്ണിൽ പുതയിടേണ്ടതാണ്. ബാഷ്പീകരണം കുറയ്ക്കാനും വരാനിരിക്കുന്ന ഇടമഴയെ കൂടുതലായി കരുതാനും ഈ രീതി നല്ലതാണ്. വേനൽക്കാലത്ത് മണ്ണിനെയും ജലത്തെയും കൂടുതലായി ഈ രീതിയിൽ സംരക്ഷിക്കാം. അതോടൊപ്പം വേനൽ കൂടുമ്പോൾ ഇലകളും മറ്റും പൊടിഞ്ഞ് മണ്ണിൽ ചേർന്നുകിടക്കും. തുടർന്നു വരുന്ന ചെറുമഴകളിലൂടെ പൊടിഞ്ഞ ഇലകളും മണ്ണും ചേർന്ന് മൺകട്ടകളായി മാറുന്നതാണ്. അത്തരം ഓരോ മൺകട്ടകൾക്കിടയിലും ധാരാളം സുഷിരങ്ങളുണ്ടാകും. മഴക്കാലം ശക്തമാകുമ്പോൾ ലഭിക്കുന്ന മഴവെള്ളത്തിന്റെ നല്ലൊരു ഭാഗം മൺകട്ടകൾക്കിടയിലും ഓരോ മൺകട്ടയിലെയും ചെറുസുഷിരങ്ങളിലും കരുതിവയ്ക്കും. മഴക്കാലം കുറഞ്ഞ് ചൂടുള്ള വായു ഏൽക്കുമ്പോൾ മൺകട്ടകൾക്കിടയിലുള്ള വെള്ളം ആദ്യം മണ്ണും ചെടികളും പ്രയോജനപ്പെടുത്തും. തുടർ വേനലുകളിൽ മൺകട്ടകൾ പൊടിഞ്ഞ് അവ നേരത്തെ കരുതിയ മഴവെള്ളം മണ്ണിന് നൽകും. ഇത്തരത്തിൽ കോടിക്കണക്കിനു ലിറ്റർ മഴവെള്ളം വിവിധ കാലങ്ങളിലേക്ക് കരുതാൻ മണ്ണിൽ പുതയിടുന്നതിലൂടെ കഴിയുന്നതാണ്.

കിണറുകൾ, കുളങ്ങൾ, മറ്റു ജലസ്രോതസുകൾ എന്നിവയ്ക്കു ചുറ്റും രാമച്ചം പോലുള്ള പുൽച്ചെടികൾ നടുന്നതിലൂടെ ജലസമൃദ്ധിയും ജലശുദ്ധിയും ഉറപ്പാക്കാം. വേനൽക്കാലങ്ങളിലെ മഴവെള്ളം കരുതാൻ കിണറുകൾക്കു സമീപം അഞ്ചു മുതൽ പത്തുമീറ്റർ വരെ മാറ്റി ഒരു മീറ്റർ വിസ്തൃതിയിൽ (ഒരു മീറ്റർ നീളം x ഒരു മീറ്റർ വീതി x ഒരു മീറ്റർ ആഴം) നീർക്കുഴികൾ എടുത്തിടേണ്ടതാണ്.

പറമ്പുകളിൽ ചെറിയ മൺകുഴികൾ, നീർച്ചാലുകൾ എന്നിവ പരമാവധി തയ്യാറാക്കണം. തീരപ്രദേശങ്ങളിലെ വെള്ളക്കെട്ടു മേഖലകൾ, ചരിവുകൂടിയ പ്രദേശങ്ങൾ എന്നിവിടങ്ങൾ ഒഴിവാക്കേണ്ടതാണ്. സൂക്ഷ്‌മവനങ്ങൾ പരമാവധി രൂപപ്പെടുത്തുന്നതിലൂടെ മണ്ണും ജലവും സംരക്ഷിക്കാം. തോടുകൾ, പുഴകൾ, നദികൾ എന്നിവയുടെ വശങ്ങളിൽ കൈത, മുള, കൊന്നച്ചെടികൾ, രാമച്ചം എന്നിവ നടാം. ചരിവുകൾ കൂടി പരിഗണിച്ച് മൺകയ്യാലകൾ, കല്ലു കയ്യാലകൾ എന്നിവ നിർമ്മിക്കണം. കല്ലുകയ്യാലകൾക്കാവശ്യമായ പരമാവധി പ്രാദേശികമായി ലഭിക്കുന്ന കല്ലുകൾ ഉപയോഗിക്കാം. കയ്യാലകൾക്ക് വശങ്ങളിലും മുകളിലും പുൽച്ചെടികൾ, കയർ ഭൂവസ്‌ത്രം എന്നിവ ഉപയോഗിച്ച് അവയുടെ ഉറപ്പും കൂട്ടാവുന്നതാണ്. പറമ്പുകളിൽ വിവിധ വിളകൾക്കിടയിൽ നിരനിരയായി പുതയിടുവാനാവശ്യമായ ചെടികൾ നടണം. വേനൽക്കാലത്തേക്കുള്ള ജലം കരുതുന്നതോടൊപ്പം മണ്ണൊലിപ്പു നിയന്ത്രിക്കാനും ഈ രീതി ഫലപ്രദമാണ്. ഓരോ നദിയുടെയും ഉപതോടുകളിൽ പാഴ്‌ത്തടികൾ, മണൽച്ചാക്കുകൾ, കമ്പുകൾ, ചില്ലകൾ എന്നിവ ഉപയോഗിച്ച് താത്‌കാലിക തടയണകൾ വിവിധയിടങ്ങളിലായി സജ്ജമാക്കണം. ചെറുമഴക്കാലത്തെ മഴവെള്ളം പരമാവധി ശേഖരിക്കാൻ ഈ രീതി സഹായകമാണ്. ശക്തമായ മഴയത്ത് തടയണകൾ പൊട്ടിപ്പോയാലും പ്രശ്നമില്ല. വെള്ളപ്പൊക്ക സാദ്ധ്യതയുള്ളയിടങ്ങളിൽ നല്ല മഴയ്ക്കു മുൻപ് തടയണകൾ നീക്കാം.

പുരപ്പുറങ്ങളിൽ വീഴുന്ന മഴവെള്ളം മണൽ, മെറ്റൽ, ചിരട്ടക്കരി എന്നിവ ഉപയോഗിച്ചുള്ള ശുദ്ധീകരണ ടാങ്കുകളിലൂടെ കിണറുകളിൽ എത്തിച്ചാൽ ജലസമൃദ്ധിയും ജലശുദ്ധിയും വർദ്ധിപ്പിക്കാവുന്നതാണ്. കൃത്രിമ മഴവെള്ള സംഭരണികളുടെ നിർമ്മാണവും നടത്താം. ഫെറോ സിമന്റ് രീതിയിൽ ടാങ്കുകളുടെ നിർമ്മാണ ചെലവും താരതമ്യേന കുറവാണ്. ഭൂമിക്കടിയിലുൾപ്പെടെ ടാങ്ക് നിർമ്മിക്കുന്നതിലൂടെ സ്ഥലനഷ്ടവും ഉണ്ടാകുന്നില്ല. കുളങ്ങൾ, നദികൾ, തോടുകൾ എന്നിവയുടെ വൃഷ്ടിപ്രദേശങ്ങൾ മനസിലാക്കി പരമാവധി മണ്ണ്, ജല, ജൈവസംരക്ഷണ പരിപാടികൾ നടത്തേണ്ടതാണ്.

മുന്നിലുള്ളത് വേനൽക്കാലമാണ്. ജല അച്ചടക്കം വളരെ പ്രധാനമാണ്. ഒരു സെക്കന്റിൽ ഒരു തുള്ളി എന്ന ക്രമത്തിൽ ശുദ്ധജലം നഷ്ടപ്പെട്ടാലും ഒരു വർഷം കൊണ്ട് നാല്പത്തഞ്ചായിരം ലിറ്റർ വെള്ളമാണ് നഷ്ടമാകുന്നത്. വേനൽക്കാലങ്ങളിൽ ധാരാളം ജലസംഭരണ പരിപാടികളാവശ്യമാണ്. പൂന്തോട്ടവും മറ്റും നനയ്ക്കുന്നത് പരമാവധി അതിരാവിലെയോ സന്ധ്യയ്ക്കോ മാത്രമേ ചെയ്യാൻ പാടുള്ളൂ. ബാത്ത് ടബ്, ഷവർ എന്നിവ ഉപയോഗിച്ചുള്ള കുളി എന്നിവയെല്ലാം മാറ്റിവയ്ക്കണം. കുളിക്കുന്നതും വസ്ത്രം കഴുകുന്നതും മറ്റാവശ്യങ്ങൾ ചെയ്യുന്നതും ബക്കറ്റിൽ ജലമെടുത്ത് വച്ച് കപ്പുപയോഗിച്ച് മാത്രമുള്ള ശീലങ്ങൾ നാം പിന്തുടരേണ്ടതാണ്.

വേനൽക്കാലങ്ങളിലും മഴയ്ക്കു മുൻപും മഴക്കാലങ്ങളിലും വ്യത്യസ്ത ജലസംരക്ഷണ പരിപാടികളാണ് നടപ്പിലാക്കേണ്ടത്. തൊഴിലുറപ്പ് പദ്ധതിയിൽ കിണർനിറ, വിവിധ ജലസംരക്ഷണ പരിപാടികൾ എന്നിവ ഏറ്റെടുക്കാവുന്നതാണ്. വേനൽക്കാലങ്ങളിൽ മണ്ണൊരുക്കി പെയ്തു വീഴുന്ന ഓരോ തുള്ളിയും കരുതലോടെ തന്നെ കരുതേണ്ടതുണ്ട്. കാലാവസ്ഥ മാറ്റത്തിന്റെ പുതിയ കാലത്ത് ഓരോ പറമ്പിലും വീടുകളിലും ജലസംരക്ഷണ പ്രവർത്തനങ്ങളാവശ്യമാണ്. മുറ്റങ്ങളും മറ്റും സിമന്റിടുന്ന രീതി മാറ്റി പരമാവധി ഭൂഗർഭത്തിലേക്ക് മഴവെള്ളം കടത്തിവിടണം. മണ്ണാണ് ഏറ്റവും വലിയ ജലസംഭരണി. മണ്ണൊരുക്കുവാൻ മനസുകളൊരുങ്ങേണ്ടതുണ്ട്. ഓരോ പ്രദേശവും കൂടുതൽ ജലസൗഹൃദമാക്കണം. പെയ്‌തൊഴിയുന്ന ഓരോ തുള്ളിയും കരുതണം. ലഭ്യമാവുന്ന ജലസ്രോതസുകൾ ശുദ്ധമായി സൂക്ഷിക്കേണ്ടതും ആവശ്യമാണ്. ജലമാണ് ജീവൻ. കരുതാം ഓരോ തുള്ളിയും നമുക്കും നാളേക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SAVE THE WATER
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.