SignIn
Kerala Kaumudi Online
Sunday, 24 September 2023 10.06 PM IST

സജി ചെറിയാൻ  വീണ്ടും മന്ത്രിസഭയിലേക്ക്,​ 4ന് ​ സത്യപ്രതിജ്ഞ ചെയ്തേക്കും,​ എതിർപ്പുമായി പ്രതിപക്ഷം,​ നിയമോപദേശം തേടി ഗവർണർ

saji

തിരുവനന്തപുരം: ഭരണഘടനയെ അവഹേളിച്ച് വിവാദ പ്രസംഗം നടത്തിയതിന് ആറ് മാസം മുമ്പ് മന്ത്രിസ്ഥാനം രാജിവയ്ക്കേണ്ടിവന്ന സജി ചെറിയാൻ ഈ മാസം നാലിന് വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തേക്കും. നേരത്തേ കൈകാര്യം ചെയ്ത മത്സ്യബന്ധനം, സാംസ്കാരികം, യുവജനക്ഷേമം വകുപ്പുകൾ തന്നെ ലഭിക്കുമെന്നാണ് സൂചന.

അതേസമയം,​ കേസിൽ തിരുവല്ല കോടതിയുടെ തീർപ്പുണ്ടാകുംമുമ്പ് മന്ത്രിയാക്കുന്നതിൽ എതിർപ്പുമായി പ്രതിപക്ഷമെത്തിയതും കേസുള്ളതിനാൽ ഗവർണർ നിയമോപദേശം തേടാൻ തീരുമാനിച്ചതും സജിയുടെ രണ്ടാം വരവിനെയും വിവാദത്തിലാക്കി. തിങ്കളാഴ്ച ഗവർണർ തിരിച്ചെത്തിയിട്ടാകും അന്തിമതീരുമാനം. സത്യപ്രതിജ്ഞാദിവസം കരിദിനം ആചരിക്കുകയാണ് പ്രതിപക്ഷം.

കേസിലെ അനുകൂല സൂചനകളെ തുടർന്ന് സജിയെ തിരിച്ചെടുക്കാൻ കഴിഞ്ഞയാഴ്ച അനുമതി നൽകിയ സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് തുടർ നടപടികൾക്ക് മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയിരുന്നു. സത്യപ്രതിജ്ഞയ്ക്ക് സൗകര്യം തേടി മുഖ്യമന്ത്രി വെള്ളിയാഴ്ച വൈകിട്ട് രാജ്ഭവന് കത്തുമയച്ചു. നാലിന് വൈകിട്ട് നാലിന് രാജ്ഭവൻ ഓഡിറ്റോറിയത്തിൽ സത്യപ്രതിജ്ഞയ്ക്കാണ് സർക്കാരിന്റെ നീക്കം.

തിരുവല്ല കോടതിയിലെ കേസും,​ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ടുള്ള മറ്റൊരു ഹർജിയിൽ ഹൈക്കോടതി സർക്കാരിന് നോട്ടീസയച്ചതും സത്യപ്രതിജ്ഞയ്ക്ക് തടസ്സമാണോ എന്നാണ് ഗവർണർ നിയമോപദേശം തേടുന്നത്. അതേസമയം,​ മന്ത്രിസഭാ തലവനായ മുഖ്യമന്ത്രിയുടെ ശുപാർശയിൽ സത്യപ്രതിജ്ഞയ്ക്ക് ഗവർണർക്ക് അനുമതി നിരസിക്കാനാവില്ല.

സജിയെ എം.എൽ.എ സ്ഥാനത്തുനിന്ന് അയോഗ്യനാക്കണമെന്ന ഹർജി ഹൈക്കോടതി തള്ളുകയും ഭരണഘടനാവിരുദ്ധ പരാമർശം നടത്തിയതിന് തെളിവില്ലെന്ന് തിരുവല്ല പൊലീസ് കോടതിയിൽ റിപ്പോർട്ട് നൽകുകയും ചെയ്തതോടെയാണ് മടങ്ങിവരവിന് വഴി തെളിഞ്ഞത്.

ജൂലായ് മൂന്നിന് സി.പി.എം മല്ലപ്പള്ളി ഏരിയാകമ്മിറ്റി സംഘടിപ്പിച്ച സെമിനാറിലാണ്,​ ആളുകളെ കൊള്ളയടിക്കാൻ പറ്രുന്ന ഭരണഘടനയാണ് ഇന്ത്യയുടേതെന്ന വിവാദപരാമർശം സജി നടത്തിയത്. വൻ വിവാദമായതോടെ ജൂലായ് ആറിന് രാജി. ഭരണഘടനയെയോ ശില്പികളെയോ അപമാനിച്ചിട്ടില്ലെന്നാണ് പൊലീസ് സമർപ്പിച്ച റിപ്പോർട്ട്.

പ്രസംഗവേളയിൽ വേദിയിലുണ്ടായിരുന്ന തിരുവല്ല, റാന്നി എം.എൽ.എമാരുടെ മൊഴിയും അത്തരത്തിലായിരുന്നു. പ്രസംഗത്തിലെ ചില ഭാഗങ്ങൾ അടർത്തി മാറ്റി വ്യാഖ്യാനിച്ചെന്ന് രാജി തീരുമാനം പ്രഖ്യാപിച്ചപ്പോഴും നിയമസഭയിലും സജി പറഞ്ഞിരുന്നു.

നിയമോപദേശത്തിന് കാരണം

1 സത്യപ്രതിജ്ഞ ചെയ്യിക്കുന്നത് നിയമവിരുദ്ധമാണോയെന്ന് സ്റ്റാൻഡിംഗ് കോൺസൽ എസ്.ഗോപകുമാരൻ നായരോടാണ് ഗവർണർ നിയമോപദേശം തേടിയത്

2 ഭരണഘടനയെ അപമാനിച്ച പ്രസംഗം ദേശീയ മഹിമയെ അനാദരിക്കുന്നതു സംബന്ധിച്ച 1971ലെ പ്രത്യേക നിയമത്തിന്റെ പരിധിയിൽ വരും

3 എഴുത്തിലോ പ്രസംഗത്തിലോ പ്രവൃത്തിയാലോ ഭരണഘടനയെ അനാദരിച്ചാൽ മൂന്നുവർഷം തടവും പിഴയും കിട്ടാം

ഗവർണർക്ക് തടയാനാവില്ല

 ഭരണഘടനയുടെ അനുച്ഛേദം 164പ്രകാരം മുഖ്യമന്ത്രിയെ ഗവർണർ നിയമിക്കുകയും മറ്റ് മന്ത്രിമാരെ മുഖ്യമന്ത്രിയുടെ ഉപദേശപ്രകാരം നിയമിക്കുകയും വേണം

 കേസിൽ പ്രതിയാണെന്നത് മന്ത്രിയാവാൻ തടസമല്ല. രണ്ടുവർഷമോ അതിലേറെയോ ശിക്ഷ കിട്ടിയാലേ ജനപ്രാതിനിദ്ധ്യ നിയമപ്രകാരം അയോഗ്യതയുണ്ടാവൂ

കോടതിയിൽ ഇനി

പൊലീസിന്റെ റിപ്പോർട്ടിന്മേൽ കൊച്ചിയിലെ അഭിഭാഷകനായ പരാതിക്കാരന് നോട്ടീസ് അയയ്ക്കും. റിപ്പോർട്ട് തള്ളി തന്റെ തെളിവുകൾ സ്വീകരിക്കണമെന്ന് തടസഹർജി നൽകാം. ഇത് പരിഗണിച്ച് കോടതി നേരിട്ട് തെളിവെടുപ്പ് നടത്തുകയോ മൊഴി രേഖപ്പെടുത്തുകയോ ചെയ്യാം. തെളിവുകളിൽ കഴമ്പുണ്ടെങ്കിൽ പൊലീസ് റിപ്പോർട്ട് തള്ളി തുടരന്വേഷണത്തിന് ഉത്തരവിടാം. അല്ലെങ്കിൽ പൊലീസ് റിപ്പോർട്ട് അംഗീകരിച്ച് കേസ് അവസാനിപ്പിക്കാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: SAJI CHERIYAN
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.