ഇത്തവണത്തെ ബഡ്ജറ്റിൽ പ്രഖ്യാപിച്ചേക്കും
കൊല്ലം: അഷ്ടമുടിക്കായലിന്റെ സംരക്ഷണത്തിന് സംസ്ഥാന സർക്കാരിന്റെ മേൽനോട്ടത്തിൽ പദ്ധതി രൂപീകരിക്കാൻ സാദ്ധ്യത. വിശദമായ മാസ്റ്റർ പ്ലാൻ തയ്യാറാക്കി വിവിധ സർക്കാർ വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സംയുക്ത ആഭിമുഖ്യത്തിൽ പദ്ധതി നടപ്പാക്കാനാണ് ആലോചന. അഷ്ടമുടിക്കായലിന്റെ ടൂറിസം സാദ്ധ്യത പരമാവധി പ്രയോജനപ്പെടുത്തുക എന്ന ലക്ഷ്യം കൂടി മുൻനിർത്തിയാണ് സംസ്ഥാന സർക്കാരിന്റെ നീക്കം.
അഷ്ടമുടിക്കായലിന്റെ സംരക്ഷണം, ടൂറിസം സാദ്ധ്യത പ്രയോജനപ്പെടുത്തൽ തുടങ്ങിയ ലക്ഷ്യങ്ങളോടെ വർഷങ്ങൾക്ക് മുമ്പേ ഡി.ടി.പി.സിയുടെ നേതൃത്വത്തിൽ മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരുന്നു. പിന്നീട് ജില്ലാ പഞ്ചായത്തും കൊല്ലം കോർപ്പറേഷനും മറ്റ് തദ്ദേശ സ്ഥാപനങ്ങളുടെ സഹകരണത്തോടെ പദ്ധതികൾ പ്രഖ്യാപിച്ചിരുന്നു. എന്നാൽ, ഒന്നും ഫലം കണ്ടില്ല. കഴിഞ്ഞ സംസ്ഥാന ബഡ്ജറ്റിൽ അഷ്ടമുടിക്കായലിന്റെ ശുചീകരണത്തിന് 10 കോടി പ്രഖ്യാപിച്ചിരുന്നു. എന്നാൽ അതിനുള്ള പദ്ധതിയും തയ്യാറായില്ല. ഇതിനിടയിലാണ് അഷ്ടമുടിക്കായൽ സംരക്ഷണത്തിന് ഇടപെടൽ ഉണ്ടായില്ലെങ്കിൽ ശക്തമായ നടപടി ഉണ്ടാകുമെന്ന് ദേശീയ ഗ്രീൻ ട്രൈബ്യൂണലിന്റെ ഉത്തരവ് വന്നത്. ഈ സഹാചര്യത്തിൽ കൊല്ലം കോർപ്പറേഷനും കായലിന്റെ നവീകരണത്തിന് വിവിധ പദ്ധതികൾ ആവിഷ്കരിച്ച് വരികയാണ്. ഇത് കൂടാതെയാണ് സംസ്ഥാന സർക്കാരിന്റെ പദ്ധതി കൂടി വരുന്നത്.
മാലിന്യം തള്ളിയാൽ
നടപടി കടുക്കും
കൊല്ലം കോർപ്പറേഷന്റെ നേതൃത്വത്തിൽ അടുത്തിടെ അഷ്ടമുടിക്കായൽ ശുചീകരിച്ചിരുന്നു. എന്നാൽ, ആഴ്ചകൾക്കുള്ളിൽ ശുചീകരിച്ച ഭാഗങ്ങൾ പോലും പ്ലാസ്റ്റിക് കുപ്പികളും മറ്റ് മാലിന്യങ്ങളും കൊണ്ട് നിറഞ്ഞു. നഗരത്തിലെ വിവിധ ആശുപത്രികളടക്കമുള്ള സ്ഥാപനങ്ങൾ, വീടുകൾ എന്നിവിടങ്ങളിൽ നിന്ന് പൈപ്പുകൾ വഴി കായലിലേക്ക് മാലിന്യം ഒഴുക്കൽ തുടരുകയാണ്. മാലിന്യ നിക്ഷേപം തടയുന്നതിനുള്ള നടപടികൾക്കാണ് പുതിയ പദ്ധതിയിൽ പ്രധാന പരിഗണന.
നിരന്തരം വിലയിരുത്തൽ
പദ്ധതി ലക്ഷ്യത്തിലെത്താതെ പോകുന്നത് ഒഴിവാക്കാൻ മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട ഏജൻസികളുടെ യോഗം ഇടയ്ക്കിടെ ചേർന്ന് പുരോഗതി വിലയിരുത്തും. വകുപ്പ് സെക്രട്ടറിമാർ പങ്കെടുത്ത് മൂന്ന് മാസത്തിലൊരിക്കലും ജില്ലാതലത്തിൽ മാസം തോറും പുരോഗതി വിലയിരുത്താനുമാണ് ആലോചന.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |