സഭയുടെ വിശ്വാസ പ്രമാണങ്ങളിൽ ഉറച്ചു നിൽക്കുമ്പോഴും സംഗീതത്തിൽ അലിഞ്ഞു ചേരുന്ന ഒരു ഹൃദയമുണ്ടായിരുന്നു ജോസഫ് റാറ്റ് സിംഗറെന്ന ബനഡിക്ട് പതിന്നാറാമൻ പാപ്പയ്ക്ക്.
ആരോഗ്യവാനായിരിക്കുമ്പോൾ എല്ലാ ദിവസവും ഉച്ച കഴിഞ്ഞ് പതിനഞ്ച് മിനിറ്റ് പിയാനോയ്ക്കു മുമ്പിൽ അദ്ദേഹം ചെലവഴിച്ചിരുന്നു.മൊസാർട്ടിന്റെയും ബീഥോവന്റെയും സിംഫണികളിൽ ലയിച്ചിരിക്കുന്ന പതിവും ഉണ്ടായിരുന്നു. സഭയുടെ ഭാരിച്ച ഉത്തരവാദിത്വങ്ങൾക്കിടയിൽ അദ്ദേഹത്തിന് സാന്ത്വനമേകിയത് സംഗീതമായിരുന്നു.പിയാനോ വാദകൻ എന്ന നിലയിൽ തന്നിൽച്ചൊരിയുന്ന അഭിനന്ദനങ്ങൾ ബനഡിക്ട് പതിനാറാമൻ ആസ്വദിച്ചിരുന്നു.
പാരാമിലിറ്ററിയിലും പിന്നീട് ബി.എം.ഡബ്ളിയു പ്ളാന്റിൽ സെക്യൂരിറ്റിയായും ജോലി നോക്കിയെങ്കിലും സുരക്ഷാ കവചമായ തന്റെ തോക്ക് അദ്ദേഹം ഒരിക്കലും നിറച്ചിരുന്നില്ല.ഒരിക്കൽപ്പോലും വെടിയുതിർത്തില്ല.പക്ഷെ രണ്ടാം ലോക മഹായുദ്ധകാലത്ത് ഹിറ്റ്ലറുടെ കോൺസെൻട്രേഷൻ ക്യാമ്പുകളിൽ നടന്ന പീഡനങ്ങളിൽ പലതും നേരിൽക്കണ്ടു. ഹംഗറിയിലെ യെഹൂദരെ മരണക്കപ്പലിൽ കയറ്റിയയ്ക്കുന്നതിന്റെ സങ്കടങ്ങളും കണ്ടറിഞ്ഞു.ഈ ദുരിതങ്ങളാണ് അദ്ദേഹത്തെ ദൈവവഴിയിലേക്ക് തിരിച്ചുവിട്ടത്.ദൈവ പരിപാലനത്തിന്റെ അനന്തമായ കരങ്ങൾ അദ്ദേഹത്തിനു നേരെ നീണ്ടുവരികയായിരുന്നു.1951 ലാണ് വൈദികപ്പട്ടം സ്വീകരിച്ചത്.തുടർന്ന് ദൈവശാസ്ത്രത്തിൽ വൈദഗ്ധ്യം നേടി.
ജർമ്മനിയിലെ ബവേറിയയിലെ മാർറ്റൽ ആം ഇന്നിൽ പൊലീസ് ഉദ്യോഗസ്ഥന്റെ മകനായിട്ടായിരുന്നു ജനനം.പതിന്നാല് വയസ് തികഞ്ഞപ്പോൾ നിയമപരമായി അഡോൾഫ് ഹിറ്റ്ലറുടെ യുവസൈന്യത്തിൽ ചേർന്നെങ്കിലും സജീവമായി പ്രവർത്തിച്ചില്ല.1943 ൽ സഹപ്രവർത്തകർക്കൊപ്പം മ്യൂണിക്കിൽ നിയോഗിക്കപ്പെട്ടു.തുടർന്ന് കാലാൾ സൈന്യത്തിലെ പരിശീലനത്തിനുശേഷം ഹംഗറിയിൽ സൈനികസേവനമനുഷ്ഠിച്ചു.1945 ൽ സഹോദരനൊപ്പം കത്താലിക്കാ സെമിനാരിയിൽ ചേർന്നു.
ജോൺപോൾ രണ്ടാമൻ മാർപ്പാപ്പ തന്റെ പിൻഗാമിയായി ജോസഫ് റാറ്റ്സിംഗറിനെ കണ്ടിരുന്നുവെന്നു
വേണം കരുതാൻ.ബിഷപ്പുമാരുടെ രാജ്യാന്തര സിനഡുകളിലും പ്രധാന സമ്മേളനങ്ങളിലും മാർപ്പാപ്പയുടെ വാദമുഖങ്ങൾ തയ്യാറാക്കുന്ന ചുമതല1980 മുതൽ റാറ്റ് സിംഗർക്കായിരുന്നു.വത്തിക്കാനിലെ കർദ്ദിനാൾ തിരു സംഘത്തിന്റെ ഡീൻ ആയി പ്രവർത്തിച്ച ജോസഫ് റാറ്റ് സിംഗറെക്കുറിച്ച് ജോൺപോൾ രണ്ടാമൻ തമാശയായി ഇങ്ങനെ പറഞ്ഞിരുന്നു. 'ഞാൻ നിങ്ങളോട് സംസാരിക്കുമ്പോൾ സൂക്ഷിക്കണം.തെറ്റു സംഭവിച്ചാൽ പിടികൂടാൻവിശ്വാസ തിരുസംഘത്തിന്റെ ആളായ റാറ്റ്സിംഗർ കൂടെയുണ്ട്.' ഇത് കേട്ട് റാറ്റ്സിംഗർ ഊറിച്ചിരിച്ചിരുന്നു.എന്നാൽ വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങൾ ചിരിച്ചുതള്ളുന്നയാളായിരുന്നുമില്ല റാറ്റ്സിംഗർ. കത്തോലിക്കാ സഭാ വിശ്വാസത്തിലെ പല വൈരുദ്ധ്യങ്ങൾക്കും ദൈവശാസ്ത്രപരമായവ്യാഖ്യാനങ്ങളിലൂടെ ഉത്തരം കണ്ടെത്താൻ ശ്രമിച്ച വ്യക്തികൂടിയായിരുന്നു അദ്ദേഹം.
( ലേഖകൻ പ്രമുഖ മാദ്ധ്യമ പ്രവർത്തകനായ പി.പി.ജയിംസുമായി ചേർന്ന് 'മഹാനായ ജോൺപോൾ പ്രിയപ്പെട്ട ബനഡിക്ട് ' എന്ന പുസ്തകം എഴുതിയിട്ടുണ്ട്)
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |