ശ്രീനാരായണഗുരുദേവനും ശ്രീനാരായണ പ്രസ്ഥാനത്തിനും വേണ്ടി സമർപ്പണം ചെയ്‌ത ജീവിതമായിരുന്നു കഴിഞ്ഞദിവസം നിര്യാതനായ ആർ.കെ.കൃഷ്ണകുമാറിന്റേത്. വിദ്യകൊണ്ട് സ്വതന്ത്രരാകുവിൻ വ്യവസായം ചെയ്ത് അഭിവൃദ്ധി പ്രാപിക്കുവിൻ എന്നീ ഗുരുദേവന്റെ മഹദ് സന്ദേശങ്ങളെ മുറുകെപ്പിടിച്ച് അതിന്റെ സാഫല്യത്തിനായി അദ്ദേഹം ജീവിതം ഉഴിഞ്ഞുവച്ചു. ശിവഗിരിമഠത്തിന്റെ ആപത്ബന്ധുവായിരുന്നു ആർ.കെ.കൃഷ്ണകുമാർ. മഠത്തിന്റെ സ്ഥാപനങ്ങളെയും ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് എന്ന മഹാഗുരുവിന്റെ സന്ന്യാസി സംഘത്തെയും പോഷിപ്പിക്കുന്നതിൽ അനല്പമായ സംഭാവനകളാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. ഗുരുദേവന്റെ ഗൃഹസ്ഥശിഷ്യൻ മൂർക്കോത്ത് കുമാരന്റെ കുടുംബാംഗമായിരുന്നു. പാരമ്പര്യമായി ലഭിച്ച ഗുരുദേവഭക്തി ജീവിതത്തിലുടനീളം നിറഞ്ഞുനിന്നു.
ലോകത്തിലെതന്നെ ഏറ്റവും ശ്രദ്ധേയമായ വ്യാവസായിക ഗ്രൂപ്പുകളിലൊന്നായ ടാറ്റാ സൺസ് കമ്പനിയുടെ
മുൻ ഡയറക്‌ടർ. മഹാനായ രത്തൻടാറ്റായുടെ ഏറ്റവും അടുത്ത സഹപ്രവർത്തകനായിരുന്നു കൃഷ്ണകുമാർ. ടാറ്റാ കമ്പനിയുടെ കുടുംബാഗത്തെപ്പോലെയായിരുന്നു അദ്ദേഹം . നിർണായകഘട്ടങ്ങളിൽ കുശാഗ്രബുദ്ധിയോടെ കമ്പനിയെ പരിരക്ഷിക്കാനും വളർത്താനും അദ്ദേഹത്തിന് സാധിച്ചു. പ്രസിദ്ധമായ കണ്ണൻദേവൻ കമ്പനിക്ക് മുന്നോട്ട് പോകാൻ പ്രതിസന്ധിനേരിട്ട സന്ദർഭത്തിൽ കൃഷ്ണകുമാറിന്റെ സുസൂക്ഷ്മബുദ്ധിയും കാര്യശേഷിയുമാണ് കമ്പനിയെ ലാഭത്തിലേക്ക് നയിച്ചത്.
മലബാറിലെ മാഹിയിലായിരുന്നു തറവാട്. ചൊക്ലി രായിരത്ത് ആർ.കെ.സുകുമാരന്റെയും മൂർക്കോത്ത് കൂട്ടമ്പളളി സരോജിനിയുടേയും മകനായി രൈരവത്ത് കൂട്ടമ്പള്ളി കൃഷ്ണകുമാർ ജനിച്ചു. അച്ഛൻ ആർ.കെ.സുകുമാരൻ ഗുരുദേവന്റെ ഗൃഹസ്ഥശിഷ്യനായിരുന്നു. ഒരു ദിവസം മദ്രാസിൽ അദ്ദേഹത്തിന്റെ ഭവനത്തിൽ ഗുരുദേവൻ വിശ്രമിക്കുകയുണ്ടായി. അന്ന് രാത്രി മുഴുവൻ സുകുമാരൻ ഉറങ്ങാതെ ഗുരുദേവന് കാവലിരുന്നു. നേരം പുലർന്നപ്പോൾ 'സുകുമാരൻ ഉറങ്ങിയില്ല അല്ലേ' എന്നായി ഗുരുദേവൻ. അതിനു മറുപടിയെന്നോണം സുകുമാരൻ മറ്റുള്ളവരോട് പറഞ്ഞുവത്രെ 'ഞാനെങ്ങനെ ഉറങ്ങും. ലോകത്തിന്റെ രത്നമാണ് എന്റെ ഭവനത്തിൽ.' അത്രയും അഗാധമായ ഗുരുഭക്തിയുള്ളയാളായിരുന്നു സുകുമാരൻ. മദ്രാസിൽ പൊലീസ് കമ്മിഷണറായിരുന്നു അദ്ദേഹം. പ്രസിദ്ധമായ വിക്ടോറിയ രാജ്ഞിയുടെ ട്രാഫിക് നിയന്ത്രിച്ചത് ഈ കമ്മിഷണറായിരുന്നു. അന്ന് സുകുമാരൻ മദ്രാസിൽ ശ്രീനാരായണ ഗുരുമന്ദിരം സ്ഥാപിക്കാനും അവിടെ ഗുരുദേവന്റെ വിഗ്രഹം പ്രതിഷ്ഠിക്കാനും നേതൃത്വം നൽകി. മഹാപണ്ഡിതനും മലബാർ സ്വദേശിയുമായ ആത്മാനന്ദസ്വാമികളായിരുന്നു പ്രതിഷ്ഠ നടത്തിയത്. ടാറ്റയിലെ ഉദ്യോഗസ്ഥനായിരുന്ന കൃഷ്‌ണകുമാർ പ്രതിഷ്ഠാചടങ്ങുകളിൽ മുഴുവൻ സമയവും പങ്കെടുത്തു. മദ്രാസിലെ ക്രിസ്ത്യൻകോളേജ്, ലയോളാ കോളേജ്, പ്രസിഡൻസി കോളേജ് എന്നിവിടങ്ങളിലായിരുന്നു കൃഷ്ണകുമാറിന്റെ വിദ്യാഭ്യാസം. പ്രസിഡൻസി കോളേജിൽ നിന്നും ഒന്നാം റാങ്കോടെയാണ് ബിരുദാനന്തരബിരുദം നേടിയത്. 1963ൽ ടാറ്റാ കമ്പനിയിലെ ഉദ്യോഗസ്ഥനായി. തുടർന്ന് ടാറ്റാ ഗ്ലോബൽ ബിവറേജ്, ടാറ്റാ ഫിൻലെ, ടാറ്റാ റ്റീ, സൗത്ത്ഇന്ത്യൻ പ്ലാന്റേഷൻ എന്നിവിടങ്ങളിൽ പ്രവർത്തിച്ചു. സൗത്ത് ഇന്ത്യൻ പ്ലാന്റേഷന്റെ വൈസ് പ്രസിഡന്റും തുടർന്ന് ടാറ്റാ കമ്പനിയുടെ ജോയിന്റ് മാനേജിംഗ് ഡയറക്ടറും പിന്നീട് മാനേജിംഗ് ഡയറക്ടറുമായി. 2009 ൽ ടാറ്റാ കമ്പനിയുടെ ഉടമസ്ഥൻ രത്തൻടാറ്റായുടെ സ്വകാര്യനിക്ഷേപ കമ്പനിയുടെ ചുമതലയേറ്റു. 2013ൽ കമ്പനിയുടെ പരമോന്നത ബോർഡിൽനിന്നും സർവീസിൽനിന്നും വിരമിച്ചു. 2009ൽ രാജ്യം പത്മശീ നൽകി ആദരിച്ചു.
ശിവഗിരിമഠത്തിന്റെ ശാഖാസ്ഥാപനങ്ങളായ എറണാകുളം ശങ്കരാനന്ദാശ്രമം, മദ്രാസ് ശ്രീനാരായണ മന്ദിരം തുടങ്ങിയവയുടെ രക്ഷാധികാരിയായും മുംബെയ് ശ്രീനാരായണ മന്ദിരസമിതിയുടെ വളർച്ചയ്ക്കുവേണ്ടിയും നിസീമമായി പ്രവർത്തിച്ചു. ശ്രീനാരായണ ഗുരുദേവന്റെ ദിവ്യമായ ദന്തം സൂക്ഷിച്ചിട്ടുളള നെരൂളിലെ അന്താരാഷ്ട്ര പഠനകേന്ദ്രത്തിൽ ആരാധനാലയം നിർമ്മിച്ച് പ്രതിഷ്ഠിക്കാൻ നേതൃത്വം നൽകിയത് കൃഷ്ണകുമാറാണ്. മുംബയ് ശ്രീനാരായണ മന്ദിരസമിതിയെ നിരവധി ശാഖകളോടുകൂടിയ പ്രസ്ഥാനമായി വളർത്തിയെടുക്കുന്നതിൽ സാമ്പത്തികമായും മറ്റെല്ലാതലങ്ങളിലും നിസീമമായ പങ്കാണ് വഹിച്ചത്.
2007 -08 വർഷം ശിവഗിരി തീർത്ഥാടനത്തിന്റെ പ്ലാറ്റിനം ജൂബിലിയോടനുബന്ധിച്ച് ഡൽഹിയിൽ ലോകമത പാർലമെന്റ് സംഘടിപ്പിക്കുകയുണ്ടായി. ഈ ലേഖകനായിരുന്നു സംഘാടക സെക്രട്ടറി. ലക്ഷക്കണക്കിന് രൂപയുണ്ടെങ്കിലേ പരിപാടികൾക്ക് രൂപവും ഭാവവും നൽകാനാവൂ. ഞങ്ങൾക്കന്ന് ഏക അവലംബമായത് ആർ.കെ.കൃഷ്ണകുമാറെന്ന മഹാനായ ഗുരുഭക്തനാണ്. 15 വിദേശരാജ്യങ്ങളിലെ പ്രതിനിധികളെ പങ്കെടുപ്പിച്ചുകൊണ്ട് ഡൽഹിയിലെ വിജ്ഞാനഭവൻഹാളിൽ വച്ച് 2007 ഡിസംബർഏഴ്,എട്ട് തീയതികളിൽ നടന്ന ആ ലോകമത പാർലമെന്റ് ശ്രീനാരായണ പ്രസ്ഥാനങ്ങളുടെ ചരിത്രത്തിലെ മഹാസംഭവമായിരുന്നു. സാമ്പത്തികമായി സഹായിച്ചത് മാത്രമല്ല വിദേശപ്രതിനിധികളെ പങ്കെടുപ്പിക്കാനും സമ്മേളനങ്ങൾ ഗംഭീരമാക്കാനും താജ് ഹോട്ടലുകളിൽ പ്രതിനിധികൾക്ക് താമസമൊരുക്കാനും സമർപ്പണ ബോധത്തോടെയാണ് കൃഷ്ണകുമാർ പ്രവർത്തിച്ചത്.
2004ൽ ഒരുസംഘം ഗുരുഭക്തർക്കൊപ്പം മുംബൈയിലുളള ടാറ്റായുടെ ഓഫീസിൽ കൃഷ്ണകുമാറിനെ സന്ദർശിക്കേണ്ടിവന്നു. അദ്ദേഹത്തിന്റെ മുറിയിൽ നേരെയുളള ഭിത്തിയിൽ തൂക്കിയിരുന്നത് ഗുരുദേവന്റെ അതിമനോഹരമായ ഒരു ചിത്രമായിരുന്നു. ആ ചിത്രത്തിൽ നിന്ന് ഏകാഗ്രത കൈവരിച്ചുകൊണ്ടാണ് അദ്ദേഹം എല്ലാ പ്രവൃത്തികളുംചെയ്തിരുന്നത്. എന്നോടൊപ്പമുണ്ടായിരുന്ന പ്രമുഖരായ ശ്രീനാരായണഭക്തർ ഈ ചിത്രംകണ്ട് ആശ്ചര്യഭരിതരായപ്പോൾ അദ്ദേഹം പറഞ്ഞു. 'എന്റെ ചൈതന്യവും ശക്തിയും ഗുരുദേവനാണ്.'
പ്രൊഫ. ജി.കെ.ശശിധരൻ തയ്യാറാക്കിയ ഗുരുദേവകൃതികളുടെ സമ്പൂർണവ്യാഖ്യാനവും വിവർത്തനവും പ്രസാധനം ചെയ്ത് വിദേശ യൂണിവേഴ്സിറ്റികളിൽ എത്തിക്കുന്നതിലും അദ്ദേഹം വലിയ പങ്കുവഹിച്ചു. ഒരുഘട്ടത്തിൽ അദ്ദേഹത്തെ സന്ദർശിച്ചപ്പോൾ ശിവഗിരിമഠത്തിന്റെ സമസ്ത വിവരങ്ങളും ചോദിച്ചറിഞ്ഞു. ശിവഗിരിമഠം നിരവധി കേസുകളിൽ അകപ്പെട്ടും ഗവൺമെന്റ് ഭരണത്തിൽ അകപ്പെട്ടും കഴിഞ്ഞ കാലമായിരുന്നു അത്. അന്ന് രക്ഷാഹസ്തം നൽകി ശിവഗിരിയെ സഹായിച്ചത് കൃഷ്ണകുമാറാണ്. സ്വാമി പ്രകാശാനന്ദ പ്രസിഡന്റായി പുതിയ ഭരണസമിതി നിലവിൽ വന്നപ്പോൾ ഏറ്റവും സന്തോഷിച്ചതും കൃഷ്ണകുമാറായിരുന്നു. ഗുരുദേവകാരുണ്യം കൊണ്ടാണ് ശ്രീനാരായണ പ്രസ്ഥാനത്തിൽ ഇങ്ങനെയൊരു ആപത്ബന്ധുവിനെ ലഭിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |