SignIn
Kerala Kaumudi Online
Friday, 26 April 2024 9.34 PM IST

അച്ഛൻ എന്ന തണൽമരം

ss

ഒരു മരം വീഴുമ്പോൾ ആ സ്ഥലത്ത് ഒരു ശൂന്യത അവശേഷി​ക്കും. ആരാണ് ആ മരത്തെ തുടർന്നും ഓർക്കുക. അതി​ൽ കൂടുവച്ചി​രുന്ന കി​ളി​കൾ, കത്തുന്ന സൂര്യന് താഴെ തണൽ തേടി​യ മനുഷ്യർ, കാറ്റത്ത് മരം ചാഞ്ചാടുന്നത് കണ്ട് ആനന്ദി​ച്ച കുട്ടി​കൾ. അവർ ആ ശൂന്യതയെ ഓർമ്മകൾകൊണ്ട് നി​റയ്ക്കാൻ ശ്രമി​ക്കും. ഒരു വൻവൃക്ഷം പോലെ എനി​ക്ക് തണലും സംരക്ഷണവും സ്നേഹമർമ്മരങ്ങളും പകർന്നി​രുന്ന എന്റെ അച്ഛൻ ചി​റ്റേത്തു വേലായുധൻ ത്രി​വി​ക്രമൻ വേർപി​രി​ഞ്ഞി​ട്ട് ഒരുവർഷം.

അച്ഛന് 15 വയസുള്ളപ്പോഴാണ് പുന്നപ്ര വയലാർ പ്രക്ഷോഭമുണ്ടായത്. തഴവ എന്ന കൊച്ചുഗ്രാമത്തിലും അതിന്റെ മാറ്റൊലി എത്തിയിരുന്നു. അച്ഛനിൽ അന്നൊരു ഉറച്ച കമ്മ്യൂണിസ്റ്റ് ഉയിർകൊണ്ടു. തൊടിയിലും പാടത്തും പണിയെടുക്കുന്നവരോട് അച്ഛൻ സമത്വവും സ്നേഹവുംപങ്കുവച്ചു. അങ്ങനെ ആ ദേശത്തിന്റെ 'അണ്ണൻ" ആയി മാറി.

അവിടുത്തെ ഓരോ കുട്ടിക്കും പ്രായമായവർക്കും അച്ഛനോട് സ്നേഹമായിരുന്നു. പിറന്നനാൾ മുതലേ എലവക്കാട്ടു വീട്ടിലെ പാടത്തും ഇറയത്തും വളർന്ന കൊച്ചുപൊടിയൻ പറയുന്നു. എന്ത് വിഷമമുണ്ടെങ്കിലും അണ്ണന്റെ അടുത്ത് ഓടിപ്പോയാൽ രക്ഷകിട്ടുമായിരുന്നു. അണ്ണന്റെ തഴവക്കാർ എല്ലാവരും ചേർന്ന് അച്ഛന്റെ ഓർമ്മദിവസം ആചരിക്കാനുള്ള ഒരുക്കത്തിലാണ്.

അച്ഛന്റെ മുത്തച്ഛൻ കോട്ടുക്കോയിക്കൽ പത്‌മനാഭൻ ശ്രീമൂലം പ്രജാസഭാ അംഗമായിരുന്നു. വേദഗണിതത്തിൽ വിദഗ്ദ്ധനും നിരീശ്വരവാദിയുമായിരുന്നു. അദ്ദേഹത്തിന്റെ അനന്തരവനായിരുന്നു അച്ഛന്റെ പിതാവ് കോട്ടുക്കോയിക്കൽ വേലായുധൻ. ശ്രീനാരായണ ഗുരുവിന്റെ പ്രസിദ്ധമായ ജീവചരിത്രമെഴുതിയ പ്രിയപ്പെട്ട ഗൃഹസ്ഥശിഷ്യനായിരുന്നു അദ്ദേഹം. സ്വാതന്ത്ര്യ‌സമര സേനാനി കൂടിയായിരുന്ന അദ്ദേഹത്തിന് അച്ഛന്റെ കമ്മ്യൂണിസ്റ്റ് പ്രവർത്തനങ്ങൾ അത്ര രുചിച്ചില്ല. എങ്കിലും എതിർപ്പൊന്നും പ്രകടിപ്പിക്കാത്ത സാ‌ത്വിക സ്വഭാവമായിരുന്നു അദ്ദേഹത്തിന്റേത്. അച്ഛന് ഖാദിബോർഡിൽ ജോലികിട്ടിയതിനു ശേഷമാണ് അമ്മയെ വിവാഹം കഴിച്ചത്. പിന്നീട് അച്ഛന്റെ കർമ്മഭൂമി തിരുവനന്തപുരമായിരുന്നു.

അച്ഛന്റെ സഹജീവികളോടുള്ള കരുതൽ, പലതലങ്ങളിലേക്കു വളർന്നു. എന്റെ അമ്മ പരേതയായ ഡോക്ടർ ലളിത ചികിത്സാരംഗത്ത് സമർപ്പണ മനോഭാവത്തോടെ പ്രവർത്തിച്ചിരുന്നതുകൊണ്ടും അച്ഛനെ എല്ലാ നല്ലരീതിയിൽ പിന്തുണച്ചിരുന്നതുകൊണ്ടും, ഞങ്ങൾ താമസിച്ചിരുന്ന ക്വാർട്ടേഴ്സും ഇപ്പോഴത്തെ കുടുംബവീടും ഒരു ചെറിയ നേഴ്സിംഗ് കെയർ യൂണിറ്റുകളായി മാറി. അവിടെ വന്നിരുന്ന എല്ലാവർക്കും മെഡിക്കൽ റഫറൻസും പരിചരണവും നൽകിയിരുന്നു. മതത്തിന്റെയും ജാതിയുടേയും അടിസ്ഥാനത്തിൽ അച്ഛൻ ആരെയും വേർതിരിച്ചിരുന്നില്ല.

റോട്ടറി ക്ളബിൽ അച്ഛൻ വളരെ ഉത്സാഹിയും കർമ്മനിരതനുമായിരുന്നു. പോളിയോ നിർമ്മാജ്ജന പദ്ധതി, കാൻസർ നിർണയ ക്യാമ്പുകൾ തുടങ്ങിയ പരിപാടികളിലൊക്കെ മുഴുകിയിരുന്നു.

അച്ഛന്റെ വ്യക്തിത്വത്തിൽ വിശ്വാസ്യത അവിഭാജ്യ ഘടകമായിരുന്നു. വയലാർ അവാർഡ് വളർത്തിയെടുത്ത് അതിനു ഓജസും തേജസും നൽകി. വയലാർ രാമവർമ്മ എന്ന സഹോദരതുല്യനായ മഹാത്മാവിനോടും അദ്ദേഹത്തിന്റെ കുടുംബത്തിനോടുമുള്ള സ്നേഹമായിരുന്നു അതിന് ആധാരം.

ഇന്ന് തിരുവനന്തപുരത്ത് തലയുയർത്തി നിൽക്കുന്ന നിശാഗന്ധി ഓഡിറ്റോറിയം പണികഴിപ്പിക്കുമ്പോൾ അച്ഛൻ അവിടെനിന്നു സൂപ്പർവൈസ് ചെയ്യുന്ന ഒരു രംഗം മനസിൽ മായാതെ നിൽക്കുന്നു.

ആരുവന്നാലും വയറുനിറയെ രുചിയുള്ള ഭക്ഷണം കൊടുക്കണമെന്നതു അച്ഛന് നിർബന്ധമായിരുന്നു. ഇന്നും ഭാനുമതിയിലെ അടുക്കള സമൃദ്ധമാണ്. പക്ഷേ ആളൊഴിഞ്ഞ ഈ വീട്ടിൽ കുറെ ചുവർചിത്രങ്ങൾ മാത്രം ബാക്കി. നീറുന്ന മനസുമായി ഞാനും. അച്ഛന്റെ ആദർശങ്ങൾ, സ്നേഹം, ഉദാരത, ശരിയോട് ചേർന്നുനീക്കാനുള്ള ആർജ്ജവം, മോളേ എന്ന് നീട്ടിയുള്ള വിളി.. '". സ്ഥിരം അച്ഛനെ ചുറ്റിപ്പൊതിഞ്ഞു നിന്ന പുസ്തകങ്ങൾ സുഹൃത്തുക്കൾ...എന്നും വിളക്കായിരുന്ന 'അമ്മ..... എല്ലാം നിലച്ചപോലെ.

(വയലാർ രാമവർമ്മ ട്രസ്റ്റ് സെക്രട്ടറിയായിരുന്ന സി.വി ത്രിവിക്രമന്റെ മകളാണ് ലേഖിക )

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: C V THRIVIKRAMAN
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.