SignIn
Kerala Kaumudi Online
Saturday, 02 August 2025 1.08 PM IST

കാർന്നോരുടെ വാക്കുകേട്ടാൽ കണ്ടകശനി ഠിം!

Increase Font Size Decrease Font Size Print Page

opinion

ഒരു കുറിതൊട്ടാൽ തീരുന്ന പ്രശ്‌മേ കോൺഗ്രസിനുള്ളൂവെന്നു കണ്ടുപിടിക്കാൻ നാട്ടിൽ വിശ്രമത്തിനെത്തിയ കാരണവർ വേണ്ടിവന്നു. വാച്ച് കെട്ടില്ലെങ്കിലും 'വാച്ചിംഗിൽ' ബഹുകേമനാണ് ആസ്ഥാന വിദ്വാനും വിശ്വസ്തനുമായ വലിയ മാമൻ. അസാദ്ധ്യ ദീർഘദൃഷ്ടി. പണ്ടൊരു കാലത്ത് ശുഷ്‌കാന്തി കൂടി ചില വെളിപാടുകൾ നടത്തിയതിന്റെ പേരിൽ ശ്യാമസുന്ദര കേരളത്തിലെ മുഖ്യമന്ത്രിക്കസേരയിൽ നിന്ന് രായ്ക്കുരാമാനം വടക്കോട്ടു കെട്ടുകെട്ടേണ്ടിവന്ന കക്ഷി ഇത്തരം പരിപാടികൾ നിറുത്തിവച്ചിരിക്കുകയായിരുന്നു. എന്തായാലും പാർട്ടിയുടെ ഭാഗ്യം. കാര്യങ്ങൾ 'കോംപ്ലിമെന്റ്‌സ്' ആയി. കോൺഗ്രസിന്റെ ശുക്രൻ ഉച്ചത്തിലാകാൻ പോകുന്നു. അടുത്ത പ്രധാനമന്ത്രി, രാഷ്ട്രപതി തുടങ്ങിയവരുടെ കാര്യത്തിൽ തീരുമാനമായി. കണ്ടകശനിയിൽ നിന്നു ശുക്രനിലേക്ക് കുറിയുടെ കുറുക്കുവഴിയിലൂടെ ഓടിയെത്താം.
ഡൽഹിയിലെ കാലാവസ്ഥയിൽ അസ്‌ക്യതകൾ കലശലായി നാട്ടിലേക്കു മടങ്ങിയ കക്ഷിക്ക് ഉച്ചമയക്കത്തിലുണ്ടായ വെളിപാട് നിസ്സാരമല്ല. സർവജ്ഞപീഠം കയറിയ മാമൻമാർ ഒരുപാടുള്ള തറവാടാണെങ്കിലും ഭാവി ഗണിക്കുന്നതിൽ ബാക്കിയാരും അത്രപോര. നാളത്തെ പ്രധാനമന്ത്രിക്കും മാതാശ്രീക്കും പെങ്ങൾശ്രീക്കും നാട്ടിൽ ചാരുകസേരയിൽ കിടന്ന് സമയാസമയം ക്യാപ്‌സൂളുകൾ അയയ്ക്കാൻ ടെക്‌നോളജികളുടെ ഇക്കാലത്ത് ബുദ്ധിമുട്ടില്ലതാനും.
സത്യത്തിൽ കോൺഗ്രസിൽ ഒരു പ്രശ്‌നവും ഉണ്ടായിരുന്നില്ല. എന്തൊക്കെയോ പുകയുന്നതായി പലരും തെറ്റിദ്ധരിച്ചതാണ്. നെറ്റിയിൽ കളർഫുൾ കുറികൾ വരയ്ക്കുന്നത് എന്നവസാനിപ്പിച്ചോ, അന്നു തുടങ്ങിയതാണ് പാർട്ടിയുടെ കഷ്ടകാലം. അത്തരമൊരു ശീലം പണ്ഡിതനായിരുന്ന വലിയപ്പൂപ്പന് ഉണ്ടായിരുന്നില്ലെന്നു പറഞ്ഞ് കൊച്ചുമക്കളും സിൽബന്ധികളും പരിഷ്‌കാരികളായതോടെയാണ് കഷ്ടകാലം തുടങ്ങിയത്. കുറികൾ വരുന്നതോടെ എല്ലാം ശരിയാകും. താടിയും മീശയും കുറിയുമൊക്കെയുള്ള 'ഫീകരൻമാർ' അഴിഞ്ഞാടുന്ന കാലത്ത് ഇത്തരം വെളിപാടുകൾ കാലത്തിന്റെ സുകൃതമാണ്. വെളിപാടുകൾ കൊടുങ്കാറ്റായി കസേരകൾ കടപുഴകിയ ചരിത്രമുണ്ട്. ചില്ലറ പരിപാടികളിലൂടെ ഗ്രഹനില ശരിയാക്കിയെടുത്താൽ അടുത്തതവണ ഭരണമുറപ്പാണ്. പക്ഷേ, അപ്പോഴും ചില പ്രശ്‌നങ്ങളുണ്ട്. രാഷ്ട്രപതിയാകാൻ കുട്ടികൾ നിർബന്ധംപിടിക്കും. അധികാരം മടുത്തിട്ട് നാട്ടിലേക്കു മടങ്ങിയതാണ്. വിടില്ലെന്നു വച്ചാൽ എന്തുചെയ്യും. പാർട്ടിയാണ് പ്രധാനം. മറ്റൊരു വഴിയുമില്ലെങ്കിൽ ആയല്ലേ പറ്റൂ.

കൊച്ചുകുട്ടികൾ

ചരിത്രം പഠിക്കണം
എ.ഐ.സി.സി ജനറൽ സെക്രട്ടറിയെന്നും ശിപായിയെന്നുമൊക്കെ കേട്ടാൽ മുഖ്യമന്ത്രിമാർ ഞെട്ടിയിരുന്ന വണ്ടർഫുൾ ഓൾഡ് ഡേയ്‌സ് ഉണ്ടായിരുന്നു. പാർട്ടിയിലെ ഒരേയൊരു സിംഹമായി നാടുവിറപ്പിച്ചിരുന്ന ഇന്ദിരാജിയെ വരെ ആദർശം പ്രസംഗിച്ചു കണ്ണുരുട്ടി പേടിപ്പിച്ച കക്ഷിയാണ് ഈ അങ്കിൾ എന്ന് രാഹുൽമോനുപോലും അറിയില്ല. ശല്യം വല്ലാതങ്ങ് കൂടിയപ്പോൾ കക്ഷിയെ എ.ഐ.സി.സി ജനറൽ സെക്രട്ടറിയാക്കി ഇന്ദിരാജി പ്രശ്‌നം പരിഹരിച്ചു. ഒരുപാട് അനുഭവങ്ങളുള്ള ആളും ശുദ്ധനുമാണെങ്കിലും വലിയ പിണക്കക്കാരനും പാരവയ്പ്പിൽ വേന്ദ്രനുമാണെന്നാണ് അടുക്കളപ്പുറത്തെ ഏഷണിക്കാരുടെ മുറുമുറുപ്പ്. അതുകൊണ്ടുതന്നെ കണ്ണൂരുകാരും മലപ്പുറംകാരുമൊക്കെ അസ്വസ്ഥരാണ്. കുറിപ്രശ്‌നം മതേതരപ്രശ്‌നമായി വളർന്നേക്കാമെന്നതിനാൽ പാർട്ടിയിലുള്ളവരും കടുത്ത ആശങ്കയിൽ.


വിധിയുടെ 'കൊടുംകൈ'
അന്തക്കാലത്ത് ഒരുപാട് ആശ്രിതന്മാരും ചാരുകസേരകളും ഉണ്ടായിരുന്ന ഡൽഹിയിലെ തറവാടിന്റെ കാര്യം അസാരം കഷ്ടാണ്. മഹാൻമാർ തിങ്ങിഞെരുങ്ങിയിരുന്ന പാരമ്പര്യവും ഡൂൺ സ്‌കൂൾ അറിവുകളും കീശ നിറയെ കാശുമുണ്ടായിരുന്ന ആ കാലമൊക്കെ വല്ലാത്തൊരു പോക്കാണ് പോയത്. അന്നു തറവാടിന്റെ പൂമുഖത്ത് ലക്ഷണമൊത്ത പശുവും കിടാവുമുണ്ടായിരുന്നു. പാർട്ടിയിൽ പുവർ ഫെലോസ് ധാരാളമുണ്ടായിരുന്നതിനാൽ പശുവും കുറിയും നല്ല രാശിയായിരുന്നു. പശു ബോറാണെന്നു തോന്നിയപ്പോൾ പാർട്ടിക്കു 'കൊടുകൈ' ലൈനായി. സകലർക്കു നേരെയും കൈനീട്ടിയപ്പോൾ തറവാട്ടിൽ ചാകരയായി. ഭസ്മക്കുടുക്കയും കളഭവുമൊക്കെ പമ്പകടന്നപ്പോൾ പടികടന്നെത്തി, ഹെവിലോഡ് മടിശീലക്കാർ.
ഭസ്മവും ചന്ദനക്കുറിയും കോൺഗ്രസുകാർ ഉപേക്ഷിച്ചത് ആരെയെങ്കിലും സുഖിപ്പിക്കാനോ കാശോ കസേരയോ ഉറപ്പിക്കാനോ അല്ലെന്ന് എല്ലാവർക്കുമറിയാവുന്ന സംഗതിയാണ്. വ്യാജ ഉത്പന്നങ്ങൾ പെരുകിയതോടെ ചില ശീലങ്ങൾ മാറ്റിയെന്നു മാത്രം. അതാണ് പലരും തെറ്റിദ്ധരിച്ചത്. അവസരം നോക്കിയിരുന്നവർ കുത്തിത്തിരുപ്പുണ്ടാക്കി അതു മുതലെടുത്തതോടെ നമ്മൾ പുറത്തായി.
ഇക്കണക്കിനു പോയാൽ കുറികൾ മാത്രമല്ല, തലക്കെട്ടും കളർഫുൾ ചരടുകളും ഫാഷനാക്കേണ്ടി വന്നേക്കാം. കേരളത്തിൽ ക്രീമും പൗഡറുമൊക്കെ ഉപേക്ഷിച്ചു മിടുക്കന്മാരായവരാണ് വെട്ടിലായത്. വരയും കുറിയും മോശമല്ലെന്ന് അറിയാമായിരുന്നിട്ടും ഉപേക്ഷിക്കേണ്ടി വന്നതിൽ ഇക്കാലമത്രയും ഇവർ പൊട്ടിക്കരയുകയായിരുന്നു എന്ന സത്യം എത്രപേർക്കറിയാം. ഡ്യൂപ്ലിക്കേറ്റ് ഭസ്മവും ചന്ദനവും മഞ്ഞളും വരച്ച് നെറ്റിയും കഴുത്തും പൊള്ളിത്തുടങ്ങിയതുകൊണ്ടു മാത്രമാണ് വേണ്ടെന്നു വച്ചത്. വെളുത്ത കുപ്പായവും വെളുവെളുത്ത മുഖവുമുള്ളവരുടെ നെറ്റിയിൽ പൊള്ളിയ പാട് അവലക്ഷണമാണല്ലോ.
എന്തായാലും ഒരു മാറ്റം കൂടിയേ തീരൂ. തറവാട്ടിലെ സ്ഥിതി അനുദിനം മോശമാകുകയാണ്. എന്തൊരു ആളനക്കമുള്ള വീടായിരുന്നു. മുറ്റം നിറയെ കൊടിവച്ച കാറുകളും വിശാലമായ പറമ്പിൽ മേഞ്ഞുനടന്നിരുന്ന ആനകളുമൊക്കെ പഴങ്കഥയായി. സമ്മാനങ്ങളുമായി രാവിലെ മുതൽ വരിവരിയായി ആളുകൾ നിൽക്കുമായിരുന്നു. ഇന്നൊരു കപ്പലണ്ടി മൊട്ടായി പോലും കിട്ടാതായി. ഉറക്കമിളച്ചിരുന്നു കാലുതടവിയിരുന്ന കാര്യസ്ഥന്മാരൊക്കെ അവസരം നോക്കി കണ്ടംവഴി ഓടി അപ്പുറത്തെത്തി. ഇപ്പോൾ തറവാട്ടിലെ ചാരുകസേരയിൽ കിടന്നാൽ കാണാനാവുക, അയയിൽ കഴുകി ഉണക്കാനിട്ട നരച്ച സ്വദേശി ടൈകൾ മാത്രം. ഇക്കണക്കിനു പോയാൽ അതും എത്രകാലം.


ആദ്യംകുറി,

പിന്നെ താടി
കുറിയിൽ മാത്രം പ്രശ്‌നം തീരില്ലെന്നു വലിയ മാമനറിയാം. താടി കൂടി വേണം. പിള്ളേരെ സാവധാനം കാര്യങ്ങൾ ധരിപ്പിക്കാനിരിക്കുകയാണ്. കുറിക്കും താടിക്കുമെതിരെ പരിഷ്‌ക്കാരികൾ വലിയ കലാപമുണ്ടാക്കാനുള്ള സാദ്ധ്യത മുന്നിൽക്കണ്ടാണിത്. കുറിയും കരിയും മായ്ച്ചു കളഞ്ഞ് മാന്യനായി തിരവന്തോരത്തു നിന്നു കാസർകോട്ടേക്കു വണ്ടിപിടിച്ചവർക്കൊന്നും അത്ര സുഖിച്ചിട്ടില്ല.
എന്തായാലും ഈ മാറ്റമൊരു വിപ്ലവമാകുമെന്ന പ്രതീക്ഷയിലാണ് ചില യുവതുർക്കികൾ. ചില മറുനാടൻമാമന്മാരുടെ ഉപദേശമാണ് പാർട്ടിയെ വെടക്കാക്കിയതെന്ന് അവർ പറയുന്നതിൽ കാര്യമില്ലാതില്ല. 70കളിൽ മുത്തശ്ശിയും 80കളിൽ അച്ഛനും പയറ്റിയ തന്ത്രങ്ങൾ അതേപടി പകർത്താൻ ഇവർ പറഞ്ഞതുകൊണ്ട് രാഹുൽമോന് ഉണ്ടായ പൊല്ലാപ്പുകൾ എന്തൊക്കെയാണ്. നല്ലൊന്നാന്തരം എ.സി ബസുകളും കാറുകളും ഹെലികോപ്റ്ററുമൊക്കെയുള്ള കാലത്ത് ട്രാക്ടറിൽ കുഷ്യൻ സീറ്റ് വച്ചുകെട്ടി യു.പിയിലോട്ടു പോയതൊക്കെ അബദ്ധായി. യു.പിയിലെ മനുഷേൻമാർക്ക് ഇത്രയും ബുദ്ധിയുണ്ടാകുമെന്ന കാര്യം അറിയാതെ പോയി. യാത്രയ്ക്കിടെ തട്ടുകടയിൽ കയറി കട്ടനും ഉണ്ടമ്പൊരിയും തട്ടുന്ന പരിപാടി കേരളത്തിൽ വൻ വിജയമാണെങ്കിലും വടക്ക് പഴയപോലെ ഏൽക്കുന്നില്ല. പ്രായം വല്ലാതെ കടന്നുപോകുന്നു. മോൻ അല്ലെങ്കിൽ മോളുടെ മോൻ എന്ന പ്രതീക്ഷയിലാണ് മമ്മിജി. കൊച്ചുചെക്കൻ നല്ല ക്രിക്കറ്റ് കളിക്കാരനുമാണ്. സിക്‌സറുകൾ ഉറപ്പ്.
ഇന്ദ്രപ്രസ്ഥത്തിലെ ആസ്ഥാന വിദ്വാന്മാരായ താടിക്കാർ വല്ലാതങ്ങ് അഴിഞ്ഞാടുകയാണ്. അവരുടെ നടവരുമാനവും കുമിഞ്ഞുകൂടുന്നു. ഇതിനൊക്കെ ഇനിയും പരിഹാരമുണ്ടായില്ലെങ്കിൽ നാടുവിടേണ്ടിവന്നേക്കാം. അതുകൊണ്ട്, അനുഭവങ്ങൾ ഒരുപാടുള്ള മാമന്റെ 'കുറിവെളിപാട്' ഗുണം ചെയ്യുമെന്നുറപ്പ്.
വംഗദേശത്തെ ദീദി, യു.പിയിൽ ആനപ്പുറത്തു സവാരി ചെയ്യുന്ന ബഹൻജി, ബീഹാറിലെ ലാലുജിയുടെ പത്‌നിജി റാബറിജി, തമിഴകത്തെ കനിമോൾ, ആന്ധ്രയിലെ ഷർമ്മിള മോൾ എന്നിവരെ സ്വാധീനിക്കാൻ പെങ്ങളൂട്ടിക്ക് കഴിയുമെന്നതിനാൽ പുതുവത്സരം പ്രതീക്ഷകളുടെ വസന്തമാണ്.

TAGS: A K ANTONY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.