ആശ്രിത നിയമനമെന്നല്ല നിലവിലുള്ള ഏത് ആനുകൂല്യവും പരിമിതപ്പെടുത്താനുള്ള നീക്കത്തെ സർവീസ് സംഘടനകൾ ശക്തമായി എതിർക്കുമെന്ന് അറിഞ്ഞുകൊണ്ടു തന്നെയാകും ആശ്രിതനിയമന വ്യവസ്ഥയിൽ ചില പരിഷ്കാരങ്ങൾ കൊണ്ടുവരാൻ സർക്കാർ ആലോചിക്കുന്നത്. സംസ്ഥാനങ്ങളിൽ മാത്രമല്ല കേന്ദ്ര സർവീസിലും ആശ്രിത നിയമനം അംഗീകരിപ്പെട്ടിട്ടുള്ളതാണ്. സർവീസിലിരിക്കെ മരണപ്പെടുന്ന ജീവനക്കാരന്റെ കുടുംബം പൊടുന്നനെ അനാഥമാകരുതെന്ന സങ്കല്പത്തിലാണ് വ്യവസ്ഥ കൊണ്ടുവന്നിട്ടുള്ളത്. ആയിരക്കണക്കിനു കുടുംബങ്ങൾക്ക് അതു ഗുണകരമായിട്ടുമുണ്ട്. ആശ്രിത നിയമനം ഭരണഘടനയുടെ അന്തസത്തയ്ക്ക് എതിരാണെന്ന് വാദിക്കുന്നവരുണ്ടാകാം. അതുപോലെ പരിഗണിക്കപ്പെടേണ്ട വസ്തുതയാണ് ജീവനക്കാരന്റെ അകാലമരണം മൂലം ആശ്രയമില്ലാതെ പോകുന്ന കുടുംബങ്ങളുടെ അനാഥാവസ്ഥയും. അതുകൊണ്ട് ഏറെ കരുതലോടെ വേണം വ്യവസ്ഥയിൽ മാറ്റംവരുത്താൻ. പ്രശ്നം ചർച്ചചെയ്യാൻ ചീഫ് സെക്രട്ടറി ഈ മാസം 10ന് സംഘടനാ പ്രതിനിധികളുടെ യോഗം വിളിച്ചിട്ടുണ്ട്. ഏകപക്ഷീയമായ തീരുമാനവുമായി സർക്കാർ മുന്നോട്ടു പോവില്ലെന്നാണ് കരുതേണ്ടത്. ജീവനക്കാരുടെ താത്‌പര്യങ്ങൾ സംരക്ഷിച്ചുള്ള തീരുമാനമാണ് ഉണ്ടാകേണ്ടത്.
പ്രാബല്യത്തിൽവന്ന പതിനൊന്നാം ശമ്പളകമ്മിഷനും ആശ്രിത നിയമനപ്രശ്നം പഠിച്ചിരുന്നു. ആശ്രിതനിയമനം ഒഴിവുകളുടെ അഞ്ചുശതമാനത്തിൽ കവിയരുതെന്ന് ഹൈക്കോടതി വിധിയുണ്ടെങ്കിലും യാഥാർത്ഥ്യം അതിനപ്പുറത്താണെന്ന് കണ്ടെത്തിയിട്ടുണ്ട്. ശമ്പളക്കമ്മിഷനും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നു. മാത്രമല്ല ആശ്രിത നിയമനത്തിലുണ്ടാകുന്ന കാലതാമസം ഉൗഴം കാത്തിരിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് മോഹഭംഗത്തിനു കാരണമാകാറുമുണ്ട്. പിൻവാതിൽ നിയമനങ്ങൾ പോലെ ആശ്രിത നിയമനങ്ങളിലും ധാരാളം തിരിമറികളും കള്ളക്കളികളുമൊക്കെ നടക്കാറുണ്ട്. സ്വാധീനവും പക്ഷപാതവുമൊക്കെ ഇവിടെയും നിർണായകമാകുന്നു.
സർവീസിലിരിക്കെ മരണമടയുന്ന ജീവനക്കാരന്റെ ആശ്രിതന് ഒരുവർഷത്തിനകം ലഭിക്കുന്ന നിയമനങ്ങൾ സ്വീകരിക്കാൻ സമ്മതമുള്ളവർക്കായി മാത്രം ആശ്രിത നിയമനം പരിമിതപ്പെടുത്താനാണ് സർക്കാർ ആലോചിക്കുന്നത്. നിയമനം സ്വീകരിക്കാൻ സമ്മതമല്ലെങ്കിൽ നഷ്ടപരിഹാരമായി ഒറ്റത്തവണ പത്തുലക്ഷം രൂപ നൽകി ക്ളെയിം അവസാനിപ്പിക്കും. ചീഫ് സെക്രട്ടറി അദ്ധ്യക്ഷനായ സമിതിയുടെ ശുപാർശ പത്താം തീയതി നടക്കുന്ന സംഘടനാ നേതാക്കളുടെ യോഗത്തിൽ ചർച്ചയാകും. ആശ്രിത നിയമനം പരിമിതപ്പെടുത്തുന്നതിനോട് ജീവനക്കാരുടെ സംഘടനകൾക്ക് ഒരുതരത്തിലുള്ള യോജിപ്പുമില്ലെന്ന് നേരത്തെതന്നെ വ്യക്തമാക്കിയിട്ടുള്ള സ്ഥിതിക്ക് യോഗത്തിൽ നിലപാടു മാറ്റുമെന്നും പ്രതീക്ഷിക്കുന്നില്ല. ആശ്രിത നിയമനത്തിൽ ഇതിനകം വന്നിട്ടുള്ള കുടിശിക പരിഹരിക്കാനുള്ള നടപടിയാണ് യഥാർത്ഥത്തിൽ ഉണ്ടാകേണ്ടത്. ഒട്ടേറെ കുടുംബങ്ങൾ ഇതിനായി കാത്തിരിക്കുന്നുണ്ട്.
ജീവനക്കാർക്ക് നാലാം ശനിയാഴ്ചയും അവധി ദിവസമാക്കുന്ന കാര്യവും പത്താംതീയതി ചർച്ചയാകുമെന്നു കേൾക്കുന്നു. നിലവിൽ രണ്ടാം ശനിയാഴ്ച അവധിയാണ്. നാലാംശനിയും അവധി നൽകുന്ന വിഷയത്തിൽ സംഘടനകൾ രണ്ടുതട്ടിലാണത്രേ. ഭരണാനുകൂല സംഘടനകൾക്കാണ് നിർദ്ദേശത്തോട് പൊതുവേ വിപ്രതിപത്തി. പ്രതിപക്ഷ സംഘടനകൾ അതിനെ സ്വാഗതം ചെയ്തിട്ടുണ്ട്. ലോകമൊട്ടാകെ ഇതിനകം വന്നിട്ടുള്ള തൊഴിൽ പരിഷ്കരണത്തിന്റെ ഭാഗമാണ് ആഴ്ചയിൽ അഞ്ചു പ്രവൃത്തിദിനങ്ങൾ. ജീവനക്കാർക്ക് കുടുംബത്തോടൊപ്പം കൂടുതൽ സമയം ചെലവിടാനും വിനോദവേളകൾ കണ്ടെത്താനും ഉദ്ദേശിച്ചാണിത്. ഇന്ത്യയിൽ ബാങ്കുകളിൽ പരീക്ഷിച്ചു വിജയിച്ച പരിഷ്കാരമാണിത്. സർക്കാർ ജീവനക്കാർക്ക് നാലാം ശനിയും അവധി നൽകുന്നതുകൊണ്ട് പ്രത്യേക ദോഷമൊന്നും വരാനില്ല. മറിച്ച് ഗുണം ഏറെയുണ്ടുതാനും. കുടിശികയിടാതെ ജോലി ചെയ്തുതീർക്കാൻ പഞ്ചദിന വ്യവസ്ഥ ധാരാളമാണ്. സ്വന്തം നാട്ടിൽനിന്നും വീട്ടിൽനിന്നും അകന്ന് ജോലിചെയ്യുന്ന ജീവനക്കാരെ സംബന്ധിച്ചിടത്തോളം അധികമായി ലഭിക്കുന്ന ഒരു ഒഴിവുദിനം വളരെ പ്രയോജനകരമാകും. രാജ്യത്തിന് വളരെയധികം ഇന്ധനലാഭം സംഭാവന ചെയ്യുന്ന പരിഷ്കാരം കൂടിയാകുമിത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |