SignIn
Kerala Kaumudi Online
Saturday, 02 August 2025 4.30 PM IST

കേരളത്തിന്റെ വികസനവും സാമൂഹിക നീതിയും

Increase Font Size Decrease Font Size Print Page

photo

യു.എന്നിന്റെ കണക്കനുസരിച്ച് ഇന്ത്യ മാനവവികസന ക്രമത്തിൽ പിന്നിലാണെങ്കിലും കേരളം വളരെ മുന്നിലാണ്. വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിൽ കേരളത്തിന് നേട്ടം നിലനിറുത്തണമെങ്കിൽ അനുയോജ്യമായ മേഖലകളിൽ മൂലധനനിക്ഷേപം നടത്തി അതിൽനിന്ന് ലഭിക്കുന്ന ലാഭം സാമൂഹിക മേഖലകളിൽ ചെലവഴിക്കണമെന്നും അങ്ങനെ മാത്രമേ സ്ഥായിയായ വികസനം സാദ്ധ്യമാകൂ എന്നും കേരള സർവകലാശാലയിൽചെയ്ത മൂന്ന് പ്രഭാഷണങ്ങളിൽ അമർത്യ സെൻ പറഞ്ഞു.
കേരളത്തിന്റെ വരുമാനം വിദ്യാഭ്യാസ സൗകര്യങ്ങൾ പ്രയോജനപ്പെടുത്തി വിദേശത്തു ജോലിസമ്പാദിച്ചവർ നാട്ടിലേക്ക് അയയ്‌ക്കുന്ന പണവും കേന്ദ്രഗവണ്മെന്റ് വീതിച്ചുതരുന്ന നികുതിവിഹിതവും പരിമിതമായ സംസ്ഥാന നികുതിവരുമാനവും മാത്രമാണ്. ദൈനംദിന കാര്യങ്ങൾ ഒടുവിലത്തെ രണ്ടിനങ്ങളിലൂടെ സാധിക്കുമെന്നല്ലാതെ വിദേശത്തുനിന്ന് പ്രവാസികൾ അയയ്‌ക്കുന്ന പണം ഉപയോഗിക്കാൻ ഗവൺമെന്റിന് സാദ്ധ്യമല്ല.

മുഖ്യമന്ത്രി ഈയിടെ സ്‌കാൻഡിനേവിയൻ രാജ്യങ്ങളിൽ സന്ദർശനം നടത്തിയത് വിദേശമൂലധനം ക്ഷണിക്കാനാണെന്ന ധാരണ പരന്നിരുന്നു. കേരളത്തിന്റെ പരിസ്ഥിതിക്കും തദ്ദേശീയ തൊഴിലിനും നാശമുണ്ടാക്കുന്ന മൂലധനം ഒഴിവാക്കണം.

വിദ്യാഭ്യാസമേഖലയിൽ കല്പിത സർവകലാശാലകളും സ്വകാര്യ സർവകലാശാലകളും വരുന്നതോടെ സാമ്പത്തികമുള്ള വിദ്യാർത്ഥികൾ അവിടേക്കു നീങ്ങുകയും ഗവൺമെന്റ് , എയ്ഡഡ് കോളേജുകൾ പാവപ്പെട്ടവർക്കായി പരിമിതപ്പെടുകയും ചെയ്യും. പൊതുവിദ്യാലയങ്ങൾക്കടുത്ത് സമാന്തരസ്‌കൂളുകൾ സ്ഥാപിക്കുകയും കേന്ദ്രബോർഡുകളുടെ അംഗീകാരം ലഭിക്കുകയും ചെയ്തതോടെ പൊതുവിദ്യാലയങ്ങളിൽ നിന്നുള്ള കൊഴിഞ്ഞുപോക്ക് ശക്തിപ്പെട്ടു. കല്പിത സർവകലാശാലകളും സ്വകാര്യ സർവകലാശാലകളും സ്ഥാപിതമാകുന്നതോടെ ഉന്നതവിദ്യാഭ്യാസത്തിലും അത്
സംഭവിക്കും. അവിടെ ആദ്യം തിരോധാനം ചെയ്യപ്പെടുന്നത് സംവരണതത്വമായിരിക്കും.

സംസ്ഥാനത്തെ കേന്ദ്ര മൂലധനനിക്ഷേപം വർദ്ധിപ്പിക്കേണ്ടതുണ്ട്. വിദ്യാഭ്യാസം, ആരോഗ്യം, ജനസംഖ്യാ നിയന്ത്രണം, അടിസ്ഥാന സൗകര്യങ്ങൾ എന്നിവയിൽ മുന്നിൽനിൽക്കുന്ന സംസ്ഥാനങ്ങൾക്ക് ഫൈനാൻസ് കമ്മിഷൻ മാനദണ്ഡപ്രകാരം വിഹിതം അനുഭവിക്കുന്നതിൽ വെയിറ്റേജ് കുറവാണ്. തത്‌ഫലമായി കേരളത്തിനുള്ള ഗ്രാന്റുകളും നികുതിവിഹിതവും കുറഞ്ഞിരിക്കും. കേരളത്തിലെ സാർവത്രിക വിദ്യാഭ്യാസത്തിന്റെ ഫലമായി തൊഴിലില്ലായ്മ അഖിലേന്ത്യ ശരാശരിയേക്കാൾ കൂടുതലാണെന്ന് ഒടുവിലത്തെ ലേബർ ഫോഴ്സ് സർവേ സമ്മതിക്കുന്നു. കേരളത്തിലെ വിദ്യാഭ്യാസത്തിന്റെ ഗുണഫലങ്ങൾ അനുഭവിച്ച് വിദേശത്തുപോയവർ കഴിഞ്ഞ കൊല്ലം നാട്ടിലേക്കയച്ചത് ഒരുലക്ഷം കോടി രൂപയ്‌ക്ക് തുല്യമായ വിദേശനാണയമായിരുന്നു.

കാർഷികമേഖലയിൽ വളർച്ച നാമമാത്രമാണെങ്കിലും ഭക്ഷ്യസംസ്‌കരണരംഗം ഉണർവ് നേടിയിട്ടുണ്ട്. യൂറോപ്പിൽ കാപ്പിച്ചെടിയോ തേയിലച്ചെടിയോ ഇല്ല. കേരളത്തിൽനിന്ന് കാപ്പിയും തേയിലയും കൊണ്ടുപോയി സംസ്‌കരിച്ച് തിരികെ ഇവിടേക്ക് കൂടിയ വിലക്ക് ഇറക്കുമതി ചെയ്യുന്ന ബഹുരാഷ്ട്ര കമ്പനികളുണ്ട്. വൈവിദ്ധ്യവിളകളുള്ള നമ്മുടെ നാട്ടിൽ അത്തരം സംസ്‌കരണത്തിന് അവസരമൊരുക്കണം. എട്ടുലക്ഷം ടൺ സ്വാഭാവിക റബർ ഉത്‌പാദിപ്പിക്കുന്ന കേരളത്തിൽ ഗവണ്മെന്റ് ഉടമസ്ഥയിൽ ഒരു വൻകിട റബർ ഫാക്ടറി സ്ഥാപിച്ച് ടയറുകൾ ഉൾപ്പെടെ ഉത്‌പാദിപ്പിക്കണം. പൊതുമേഖലാ സ്ഥാപനങ്ങളും കെ.എസ്.ആർ.ടി.സിയും മറ്റും അതിന്റെ ഉപഭോക്താക്കളാകണം. ഇപ്രകാരം വൻമൂലധനമില്ലാതെ തന്നെ തൊഴിലവസരങ്ങൾ സൃഷ്ടിക്കാം. തനതുമേഖലകളിൽ ആഭ്യന്തര മൂലധനവും പ്രവാസി സംയുക്ത സംരംഭങ്ങളും, മെഷീനറി, ഓട്ടോമൊബൈൽ, കപ്പൽനിർമാണം , ഐ.ടി. തുടങ്ങിയ സംരംഭങ്ങളിൽ വിദേശ മൂലധനവും നിശ്ചയിക്കാവുന്നതാണ്. യുവാക്കൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗത്തിന്റെ പ്രധാന കാരണം തൊഴിൽരാഹിത്യത്താലുള്ള ജീവിതനൈരാശ്യമാണ്.
കേരള പട്ടികവർഗ വകുപ്പിന്റെ ,'റിപ്പോർട്ട് ഓഫ് ദി സോഷ്യോ ഇക്കണോമിക് സ്റ്റാറ്റസ് ഓഫ് ട്രൈബൽസ് ഇൻ കേരള ' പഠനപ്രകാരം ആകെ പട്ടികവർഗക്കാരിൽ 20 ശതമാനത്തിന് അഞ്ചുസെന്റിൽ താഴെയും 15 ശതമാനത്തിന് പത്തു സെന്റിൽ താഴെയുമാണ് ഭൂമിയുള്ളത്. പട്ടികവർഗ വിദ്യാർത്ഥികളിൽ 47 ശതമാനത്തിന് പ്രാഥമിക വിദ്യാഭ്യാസം മാത്രമേയുള്ളൂ. ഉന്നത വിദ്യാഭ്യാസത്തിന്റെയും പ്രൊഫഷണൽ
വിദ്യാഭ്യാസത്തിന്റെയും കാര്യത്തിൽ പട്ടികജാതി സമൂഹവും വളരെ പിന്നിലാണ്. വികസനത്തിന്റെ സദ് ഫലങ്ങൾ എല്ലാവർക്കും ലഭിക്കുന്ന പുനഃക്രമീകരണം ആവശ്യമാണ്. തോട്ടങ്ങൾക്ക് നിശ്ചിതപരിധി നിർണയിച്ച് മിച്ചഭൂമി ഭൂരഹിതർക്ക് പുനർവിതരണം ചെയ്യണം. അന്താരാഷ്ട്ര വ്യാപാരകരാറുകൾ കേരളത്തെ ബാധിക്കുന്ന സാഹചര്യത്തിൽ സംസ്ഥാനത്തിന്റെ ഡബ്ള്യു. ടി.ഒ. സെൽ ശക്തമായ പ്രതിരോധം ഉയർത്തണം.
(ലേഖകന്റെ ഫോൺ: 9446465194)

TAGS: DEVELOPMENT OF KERALA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.