SignIn
Kerala Kaumudi Online
Saturday, 02 August 2025 5.29 PM IST

മുജാഹിദ് വേദിയിലെ കമ്മ്യൂണിസ്റ്റ് ജനിതക വൈകല്യം

Increase Font Size Decrease Font Size Print Page

photo

ഒരു കൂട്ടം ജനങ്ങൾ മനുഷ്യരാണെന്നു പോലും മറ്റൊരു വിഭാഗം ജനങ്ങളെ തോന്നിപ്പിക്കാതിരിക്കുകയാണ് വ്യാജപ്രചരണത്തിന്റെ ലക്ഷ്യമെന്നത് ഇംഗ്ളീഷ് തത്വചിന്തകൻ ആൽഡസ് ഹക്‌സ്‌ലിയുടെ വാചകമാണ്. കേരളത്തിലെ കമ്മ്യൂണിസ്റ്റ് നേതാക്കളെ ഉദ്ദേശിച്ചാണോ ഹക്സ്‌ലി ഇത് മുൻകൂട്ടി പറഞ്ഞതെന്ന് സംശയിക്കണം. കാരണം,​ കോഴിക്കോട്ടു നടന്ന മുജാഹിദ് സമ്മേളനത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ, എം.പിമാരായ ബിനോയ് വിശ്വം, ജോൺ ബ്രിട്ടാസ് എന്നിവർ നടത്തിയ പ്രസംഗത്തിന്റെ ആകെത്തുക സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കുക എന്നതു മാത്രമായിരുന്നു. രാജ്യത്തെ ഹിന്ദുക്കളും മുസ്ലിങ്ങളും പരസ്പരം രമ്യതയിൽ കഴിയുക എന്നത് കമ്മ്യൂണിസ്റ്റുകളെ സംബന്ധിച്ച് ചങ്കുതകരുന്ന കാര്യമാണ്. കേരള നദ്‌വത്തുൽ മുജാഹിദീന്റെ സംസ്ഥാന സമ്മേളനത്തിലേക്ക് സംഘപരിവാർ ആശയമുളളവരെ പ്രസംഗകരായി ക്ഷണിച്ചതാണ് ഇവിടുത്തെ ഇടതു നേതാക്കളെ പ്രകോപിപ്പിച്ചത്.

കേന്ദ്രം ഭരിക്കുന്നത് ഭിന്നിപ്പിന്റെ ആശയമുള്ളവരാണെന്നും അവരുടെ മഴുവിന് കഴുത്ത് കാണിച്ചുകൊടുക്കരുതെന്നും മുഖ്യമന്ത്രി ഉപദേശിച്ചപ്പോൾ ഇന്ത്യ ഭരിക്കുന്നവർക്ക് പിന്നാക്കക്കാരേയും ന്യൂനപക്ഷങ്ങളേയും ഉൾക്കൊള്ളാൻ സാധിക്കുന്നുണ്ടോ എന്നായിരുന്നു ജോൺ ബ്രിട്ടാസിന്റെ ആശങ്ക. ബി.ജെ.പി നേതാവായ ഇപ്പോഴത്തെ ഗോവ ഗവർണർ പി.എസ്. ശ്രീധരൻപിള്ള മുജാഹിദ് വേദിയിൽ മുന്നോട്ടുവച്ച സമവായത്തിന്റെ, സമഭാവനയുടെ രാഷ്ട്രീയം ബി.ജെ.പിയുടേതല്ല എന്നായിരുന്നു ബിനോയ് വിശ്വത്തിന്റെ മുറവിളി.

അവിശ്വാസത്തിന്റെ അന്തരീക്ഷം മാറി,​ സഹവർത്തിത്വത്തിന്റെ പാതയിലേക്ക് ഇരുസമുദായങ്ങളും മാറുമോ എന്നതാണ് ഇവരെ എക്കാലത്തും അലട്ടുന്ന വിഷയം. വിഭജിച്ചു ഭരിക്കുക എന്ന ബ്രിട്ടീഷ് നയത്തിന്റെ രക്തസാക്ഷികളാണ് ഭാരതത്തിലെ ഹൈന്ദവരും മുസ്ലിങ്ങളും. ഭിന്നിപ്പിക്കലിന്റെ ഉപോത്പന്നമായ പ്രീണിപ്പിക്കലിലേക്ക് കോൺഗ്രസ് ഗതി മാറിയപ്പോൾ രാജ്യത്ത് അവിശ്വാസത്തിന്റെ അന്തരീക്ഷം ഉടലെടുത്തു; രാഷ്ട്രം വിഭജിക്കപ്പെട്ടു. ഭാരതം എന്നത് ഒരു രാഷ്ട്രമേയല്ല എന്നും വിവിധ മതങ്ങളുടേയും ഭാഷകളുടേയും അടിസ്ഥാനത്തിൽ 16 രാജ്യങ്ങളായി ഇന്ത്യയെ വിഭജിക്കണമെന്നും നിലപാടുണ്ടായിരുന്ന ഇന്ത്യൻ കമ്മ്യൂണിസ്റ്റുകൾക്ക് രാജ്യത്തെ വിദ്വേഷരാഷ്ട്രീയം ഏറെ ആത്മവിശ്വാസം നൽകുന്നതായി. പിന്നീടിങ്ങോട്ട് അന്തരീക്ഷം വഷളാക്കുന്നതിലായിരുന്നു ഇവരുടെ ശ്രദ്ധ.

ലോകമെങ്ങും ഇസ്ലാമും കമ്മ്യൂണിസ്റ്റുകളും വിരുദ്ധചേരിയിലാണെന്നു മാത്രമല്ല പരസ്പരം ഉന്മൂലനം ചെയ്യുന്നവരുമാണ്. 1917 ലെ ഒക്ടോബർ വിപ്ലവത്തിനു ശേഷം വ്ലാദിമിർ ലെനിന്റെ നേതൃത്വത്തിൽ ബോൾഷെവിക്കുകൾ അധികാരത്തിൽ വരുമ്പോൾ സോവിയറ്റ് യൂണിയനിൽ 25,000-ത്തിലധികം മോസ്‌കുകളാണ് ഉണ്ടായിരുന്നത്. അഫ്ഗാനിസ്ഥാനിലെ താലിബാൻ ക്രൂരതയ്ക്ക് അടിത്തറയിട്ടതും കമ്മ്യൂണിസ്റ്റുകളായിരുന്നു. 1978 ൽ സോവിയറ്റ് നേതാവ് ബ്രഷ്‌നേവ് നടത്തിയ അഫ്ഗാൻ അധിനിവേശം അഞ്ചുലക്ഷം മുസ്ളിങ്ങളെയാണ് കശാപ്പു ചെയ്തത്. സോവിയറ്റ് അധിനിവേശം ചെറുക്കാൻ അമേരിക്കൻ പിന്തുണയോടെ വളർന്നുവന്ന മൗലികവാദമാണ് താലിബാൻ എന്ന പേരിൽ ലോകത്ത് അശാന്തി പടർത്തിയത്. മൗലികവാദികളായ മുസ്ലിം ഭരണാധികാരികൾ ഉള്ളിടത്ത് കമ്മ്യൂണിസ്റ്റുകളുടെ അവസ്ഥ ഇതിലും ഭീകരമാണ്. ഇറാൻ, ഇറാഖ്, ഇന്തോനേഷ്യ, അഫ്ഗാനിസ്ഥാൻ തുടങ്ങി ഭീകരവാദികൾ ഭരണം കയ്യാളിയ രാജ്യങ്ങളിലെല്ലാം കമ്മ്യൂണിസം ഓർമ്മയായി. എന്നാൽ ഭാരതത്തിലെ കമ്മ്യൂണിസ്റ്റുകൾ വളരെ ന്യൂനപക്ഷമായ ഒരു വിഭാഗം തീവ്രവാദ മുസ്ലിങ്ങളെ പാലൂട്ടാനുള്ള ശ്രമത്തിലാണ്. കോൺഗ്രസ് ഖിലാഫത്ത് പ്രസ്ഥാനം ഏറ്റെടുക്കുന്നതിനും എത്രയോ മുൻപ് തന്നെ കമ്മ്യൂണിസ്റ്റുകൾ ഇതേ ചിന്താഗതിയുമായി രംഗപ്രവേശം ചെയ്തിരുന്നു. ഭാരതം മാതൃഭൂമിയല്ലെന്നു പ്രഖ്യാപിച്ച് തുർക്കിയിലേക്ക് 'ഹിജറ' ചെയ്തവരായിരുന്നു ഇന്ത്യയിലെ കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് ജന്മം നൽകിയത്. ജീനിലുള്ള ആ രാഷ്ട്രവിരുദ്ധത തന്നെയാണ് ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളെ ഇന്നും നയിക്കുന്നത്. സാധാരണക്കാരായ ഇസ്ലാം മതവിശ്വാസികൾ ദേശീയതയുമായി സമരസപ്പെടാൻ നടത്തുന്ന ഏതു നീക്കവും ഇവർക്ക് 'അസ്വാഭാവിക' നീക്കമായിത്തീരുന്നത് അതുകൊണ്ടാണ്.

ഭാരതത്തിലുള്ള മുഴുവൻ ആൾക്കാരും സാംസ്‌കാരികമായി ഒന്നാണെന്നും ആരാധനാ സമ്പ്രദായത്തിലുള്ള വ്യത്യസ്തത കൊണ്ട് ആരെയും ശത്രുപക്ഷത്ത് നിറുത്തരുതെന്നും പ്രഖ്യാപിച്ച സംഘടനയാണ് ആർ.എസ്.എസ്. 'ഏകം സത്; വിപ്രാ: ബഹുതാ വദന്തി ' (പലപേരിൽ അറിയപ്പെട്ടാലും സത്യം ഒന്നേയുള്ളൂ) എന്ന ആർഷഭാരത സിദ്ധാന്തം പ്രമാണമായി അംഗീകരിച്ചാണ് സംഘം പ്രവർത്തിക്കുന്നത്. അതേ മൂശയിൽ വാർത്തെടുക്കപ്പെട്ട ബി.ജെ.പിയുടെ നിലപാടും അതുതന്നെയാണ്. അതുകൊണ്ടാണ് കേവല മതേതരത്വത്തെ ഉപേക്ഷിച്ച് ഭാവാത്മക മതേതരത്വം ബി.ജെ.പി പ്രമാണമായി സ്വീകരിച്ചത്. മതേതരത്വം,​ മതവിരുദ്ധത എന്ന നിഷേധാത്മകതയിൽ നിന്ന് ഉടലെടുത്തപ്പോൾ ഭാവാത്മക മതേതരത്വം 'സർവധർമ്മ സമഭാവന' എന്ന ക്രിയാത്മകതയിൽ നിന്നാണ് ഊർജ്ജം ആവാഹിക്കുന്നത്.

മുസ്ലീം ജനവിഭാഗത്തിലെ ചെറിയൊരു വിഭാഗം ഭീകരവാദത്തിന്റെ വഴിയിലേക്ക് പോയിട്ടുണ്ടെന്നത് യാഥാർത്ഥ്യമാണ്. തെറ്റിദ്ധരിപ്പിക്കപ്പെട്ട അവരെക്കൂടി സാദ്ധ്യമെങ്കിൽ നേർവഴിയിലെത്തിക്കുകയാണ് ക്രിയാത്മക രാഷ്ട്രീയം. തെറ്റിദ്ധാരണ മാറാൻ കൂട്ടായ്മകളും സഹകരണവുമാണ് പോംവഴി. അതിനായി ആരെങ്കിലും മുൻകൈയെടുക്കുമ്പോൾ ഇടങ്കോലിടുന്നത് ജനിതക വൈകല്യമാണ്. അതിന് നിന്നുതരാൻ തയ്യാറല്ലെന്ന പ്രഖ്യാപനമാണ് മുജാഹിദ് സമ്മേളന വേദിയിൽനിന്ന് ഉയർന്നു കേട്ടത്. കേരളത്തിലെ മുസ്ലീം ജനവിഭാഗം ബി.ജെ.പിയുടെ ഭാവാത്മക മതേതരത്വത്തെ ആശ്ലേഷിക്കുന്ന കാലം വിദൂരമല്ല.

(ബി.ജെ.പി സംസ്ഥാന ഒൗദ്യോഗിക വക്താവാണ് ലേഖകൻ. മൊബൈൽ: 9947576800)​

TAGS: COMMUNIST
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.