SignIn
Kerala Kaumudi Online
Thursday, 25 April 2024 9.32 AM IST

നബാർഡിന് മലയാളത്തിന്റെ അഭിമാനമുദ്ര

k-v-shaji

നബാർഡിന്റെ പുതിയ ചെയർമാൻ എന്നതിനപ്പുറം കെ.വി. ഷാജിയുടെ കാര്യപ്രാപ്‌തിയെക്കുറിച്ചും ഭരണപാടവത്തെക്കുറിച്ചും അറിയുന്നവർ കുറവായിരിക്കും. കൃഷി - ഗ്രാമീണ വികസനത്തിനുള്ള കേന്ദ്രഗവൺമെന്റിന്റെ ബാങ്കിംഗ് സ്ഥാപനമാണ് നബാർഡ്. രാജ്യത്താകെ അഞ്ഞൂറിൽപ്പരം കോ‌‌ടി രൂപയുടെ ഇടപാടുകൾ നബാർഡ് നടത്തുന്നുണ്ട്. ബാങ്കേഴ്സ് ബാങ്ക് എന്നാണ് നബാർഡ് അറിയപ്പെടുന്നത്.

ഗ്രാമങ്ങളുടെ പൊതുവികസനം, കൃഷിവികസനം, ചെറുകിട വ്യവസായ വികസനം, ഗോത്രവർഗ പുരോഗതി കൂടാതെ സംസ്ഥാന സഹകരണ ബാങ്കുകൾ, അവയുടെ കീഴിലുള്ള ജില്ലാ സഹകരണബാങ്കുകളും സഹകരണ സൊസൈറ്റികളും നിയന്ത്രിക്കൽ, സംസ്ഥാന സർക്കരുകളുടെ റോഡുകൾ, ഹെൽത്ത് സെന്ററുകൾ, സ്കൂളുകൾ മുതലായവയ്ക്ക് ഫണ്ടിംഗ് സംവിധാനം ഏർപ്പെടുത്തൽ, തുടങ്ങി നിരവധി ഗ്രാമീണ വികസന പദ്ധതികൾ നബാർഡിൽ നിക്ഷ്പിതമാണ്. കുടുംബശ്രീ പോലുള്ള അഭിമാനകരമായ തൊഴിൽ സംവിധാനങ്ങൾ നബാർഡിന്റെ ബുദ്ധിയിൽനിന്നും വളർന്നുവന്നതാണ്. 2250 ൽപരം ഓഫീസർമാരും 1100 ൽപ്പരം ജോലിക്കാരുമുള്ള ബൃഹദ് സ്ഥാപനമാണ് നബാർഡ്.

നബാർഡിന്റെ ചെയർമാനായി നിയമിതനായ കെ.വി.ഷാജി തിരുവനന്തപുരം ബാലരാമപുരത്തിനടുത്ത് മംഗലത്തുകോണം സ്വദേശിയാണ്. രണ്ടരവർഷമായി നബാർഡിൽ ഡെപ്യൂട്ടി മാനേജിംഗ് ഡയറക്ടറായി പ്രവർത്തിച്ചുവരികയായിരുന്നു. ഇതിനുമുൻപ് കനറാബാങ്കിൽ ഓഫീസർ തസ്തികകളിൽ 26 വർഷം പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം അഞ്ചുവർഷം കേരള ഗ്രാമീൺ ബാങ്കിന്റെ ചെയർമാനായും സ്തുത്യർഹമായ സേവനം ചെയ്തിട്ടുണ്ട്. കനറാ ബാങ്കിൽ പ്രവർത്തിക്കുമ്പോൾ പുരോഗമനപരമായ പല ആശയങ്ങളും നടപ്പാക്കുന്നതിൽ നേതൃത്വപരമായ പങ്കുവഹിച്ചു. നബാർഡിന്റെ ഡി.എം.ഡി ആയി പ്രവർത്തിച്ച രണ്ടരവർഷം ആധുനിക പദ്ധതികൾക്ക് രൂപം നൽകുകയും കാർഷിക സഹകരണസംഘങ്ങൾ കമ്പ്യൂട്ടർവത്‌കരിക്കുന്നതിൽ കാണിച്ച ശുഷ്കാന്തി ഏറെ ശ്രദ്ധപിടിച്ചുപറ്റി. കമ്മിറ്റി ഓൺ റിക്രൂട്ട്‌മെന്റ് ആൻഡ് പ്രൊമോഷൻ തുടങ്ങി വിവിധ എക്‌സ്‌പർട്ട് കമ്മിറ്റികളിലും ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. കൂടാതെ നാഷണൽ പേയ്‌മെന്റ് കോർപ്പറേഷൻ ഒഫ് ഇന്ത്യ, കനറാ എച്ച്.എസ്.ബി.സി ലൈഫ് ഇൻഷ്വറൻസ് കമ്പനി, കനറാ ബാങ്ക് സെക്യൂരിറ്റീസ് ലിമിറ്റഡ് എന്നിവയുടെ ബോർഡുകളിൽ അംഗമായി പ്രവർത്തിച്ച് വിശാലമായ അനുഭവസമ്പത്ത് നേടിയിട്ടുണ്ട്. സിൻഡിക്കേറ്റ് ബാങ്കിനെ കനറാ ബാങ്കുമായി യോജിപ്പിച്ചതിലുള്ള നേതൃത്വപരമായ പങ്ക് കേന്ദ്ര ധനകാര്യവകുപ്പിന്റെ പോലും ശ്രദ്ധ ആകർഷിച്ചിരുന്നു. ഇദ്ദേഹത്തിന്റെ കഴിവും ഏറ്റെടുക്കുന്ന ജോലിയോടുള്ള അർപ്പണമനോഭാവവും, ആത്മാർത്ഥതയും പ്രതിബദ്ധതയും അനുഭവസമ്പത്തും കൂടാതെ മാന്യവും കുലീനവുമായ പെരുമാറ്റവും ആണ് ഇദ്ദേഹത്തെ നബാർഡിന്റെ ചെയർമാനാക്കാൻ പ്രേരകഘടകങ്ങളായത്.

കെ.വി. ഷാജി അഗ്രിക്കൾച്ചറൽ മാസ്റ്റേഴ്സ് ബിരുദധാരിയാണ്. അഹമ്മദാബാദ് ഐ.ഐ.എം.ൽ നിന്നും പബ്ളിക് പോളിസിയിൽ എം.ബി.എയ്ക്ക് തുല്യമായ പി.ജി.ഡി.എം കരസ്ഥമാക്കിയിട്ടുണ്ട്. ഡിപ്ളോമ ഇൻ ട്രഷറി, ഇൻവെസ്റ്റ്മെന്റ് ആൻഡ് റിസ്ക് മാനേജ്‌മെന്റ് തുടങ്ങി നിരവധി ഡിപ്ളോമകളും നേടിയിട്ടുണ്ട്.

തിരുവനന്തപുരം ബാലരാമപുരം മംഗലത്തുകോണം എസ്.എൻ. സദനത്തിൽ റിട്ട. ഹെഡ്‌മാസ്റ്ററും സാമൂഹിക പ്രവർത്തകനുമായ പി. കൃഷ്ണന്റെയും പരേതയായ വി.ജെ. വിമലാനന്ദവല്ലിയുടെയും മൂത്തമകനാണ് കെ.വി. ഷാജി. തിരുവനന്തപുരം പോങ്ങുംമൂട് പ്രിയദർശിനി നഗർ ഹിരൺമയിൽ കെ. എ. പ്രസന്നവർമ്മയുടെയും (റിട്ട. പ്രൊഫ. എസ്.എൻ. കോളേജ്) പരേതയായ ഡോ. ഗിരിജ ലീലയുടെയും (പ്രമുഖ ഗൈനക്കോളജിസ്റ്റ്) മകൾ ഹീരയാണ് ഷാജിയുടെ ഭാര്യ. മുംബെയിൽ എൻജീനിയറിംഗ് വിദ്യാർത്ഥികളായ ദേവയാനി എസ്. കൃഷ്ണൻ, കാത്യായനി. എസ്. കൃഷ്ണൻ എന്നിവർ മക്കളാണ്.

ആദ്യമായാണ് ഒരു മലയാളി നബാർഡ് ചെയർമാനാകുന്നത്. സമ്മിശ്ര താത്‌പര്യങ്ങൾ നിലനിൽക്കുന്ന സ്ഥാപനമാണ് നബാർഡെന്ന് കേട്ടിട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവഹണത്തിൽ കാർക്കശ്യം പുലർത്തുന്ന കെ.വി. ഷാജിക്ക് ഒരു നല്ല ഉപദേശകവൃന്ദം കൂടിയുള്ളതിനാൽ നിക്ഷിപ്തമായ കടമകൾ സുഗമമായി നടത്താനും അത് മഹാവിജയത്തിലെത്തിക്കാനും സാധിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: K V SHAJI NABARD CHAIMAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.