തിരുവനന്തപുരം: രാജ്യത്ത് സ്ത്രീകൾ ഇരുണ്ട കാലഘട്ടത്തിലേക്ക് നയിക്കപ്പെടുമ്പോൾ അവർക്ക് പ്രത്യാശ പകരുന്ന പ്രകാശത്തുരുത്താണ് കേരളമെന്ന് അഖിലേന്ത്യ ജനാധിപത്യ മഹിളാ അസോസിയേഷൻ ജനറൽ സെക്രട്ടറി മറിയം ധാവ്ളെ പറഞ്ഞു. മഹിളാ അസോസിയേഷൻ പതിമ്മൂന്നാം ദേശീയ സമ്മേളനത്തിന്റെ രണ്ടാം ദിനത്തിൽ മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അവർ.
സ്ത്രീകളുടെ അവകാശങ്ങൾക്കും തൊഴിലിനും പ്രശ്നപരിഹാരത്തിനുമുള്ള നടപടികളാണ് കേരളം സ്വീകരിക്കുന്നത്. സ്ത്രീധനം, ലഹരി തുടങ്ങിയ വിപത്തുകൾക്കെതിരെയും സ്ത്രീസംരംഭകത്വം, തൊഴിൽ തുടങ്ങിയവ പ്രോത്സാഹിപ്പിക്കുന്നതിനുമായി ശക്തമായ നയങ്ങളും പ്രചാരണങ്ങളും സർക്കാർ നടത്തുന്നുണ്ടെന്നും ധാവ്ളെ പറഞ്ഞു.
കാശ്മീർ മുതൽ കന്യാകുമാരി വരെയുള്ള 850 പ്രതിനിധികൾ വിവിധ ദേശീയ-അന്താരാഷ്ട്ര വിഷയങ്ങൾ സമ്മേളനത്തിൽ ചർച്ച ചെയ്തു. വിലക്കയറ്റവും തൊഴിലില്ലായ്മയും സ്ത്രീകളെ മൈക്രോ ഫിനാൻസ് വായ്പയെടുക്കാൻ നിർബന്ധിതരാക്കുന്നു. ഇത് വലിയ കടക്കെണിയിലേക്കാണ് നയിക്കുന്നത്. കേന്ദ്രസർക്കാരിന്റെ ഉജ്ജ്വല ഗ്യാസ് കിട്ടാനില്ല, സബ്സിഡിയുമില്ല. മതവും ജാതിയും ഭരണവർഗവും ബന്ധുബലവുമൊക്കെ നോക്കിയാണ് ബി.ജെ.പി നിയമം നടപ്പാക്കുന്നതെന്നും മാദ്ധ്യമപ്രവർത്തകർക്കെതിരെയുള്ള അതിക്രമങ്ങളും സമ്മേളനം ചർച്ച ചെയ്തതായും ധാവ്ളെ പറഞ്ഞു.
ഹരിയാന കായികമന്ത്രിയുടെ ലൈംഗിക അതിക്രമത്തിൽ രാജി ആവശ്യപ്പെടുക, സ്ത്രീകളിൽ ശാസ്ത്ര മനോഭാവവും യുക്തിചിന്തയും പ്രോത്സാഹിപ്പിക്കുക, തൊഴിലുറപ്പ് പദ്ധതി ശക്തിപ്പെടുത്തുക, മൈക്രോ ഫിനാൻസ് ഇൻസ്റ്റിറ്റ്യൂഷനുകളുടെ ഡീറെഗുലേഷൻ എതിർക്കുക എന്നീ പ്രമേയങ്ങൾ സമ്മേളനം അംഗീകരിച്ചു. അഖിലേന്ത്യ കിസാൻ സഭയ്ക്ക് വേണ്ടി വിജു കൃഷ്ണനും അഖിലേന്ത്യ കർഷക തൊഴിലാളി യൂണിയന് വേണ്ടി എ. വിജയരാഘവനും സമ്മേളനത്തെ അഭിവാദ്യം ചെയ്തു.
അന്താരാഷ്ട്ര വിഷയങ്ങൾ സമ്മേളനം ചർച്ച ചെയ്തതായി അഖിലേന്ത്യാ വൈസ് പ്രസിഡന്റ് പി.കെ. ശ്രീമതി പറഞ്ഞു. വിദ്യാഭ്യാസരംഗത്ത് യാഥാസ്ഥിതികത്വം വർദ്ധിച്ചുവരുന്നതായി സമ്മേളനം അഭിപ്രായപ്പെട്ടു. അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സി.എസ്. സുജാത, പ്രസിഡന്റ് സൂസൻ കോടി, അഖിലേന്ത്യ അസിസ്റ്റന്റ് സെക്രട്ടറി എൻ. സുകന്യ, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കെ.പി. സുമതി, അർച്ചന പ്രസാദ് തുടങ്ങിയവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |