SignIn
Kerala Kaumudi Online
Tuesday, 15 September 2026 4.51 AM IST

10 മാസത്തെ ആസൂത്രണം,​ ഷാരോൺ വധം ഗ്രീഷ്മയുടെ മൂന്നാം ശ്രമത്തിൽ

sharon-murder-case

കുറ്റപത്രം ഉടൻ

തിരുവനന്തപുരം: പത്ത് മാസം നീണ്ട ആസൂത്രണത്തിന് ശേഷം മൂന്നാം ശ്രമത്തിലാണ് കഷായത്തിൽ കീടനാശിനി കലർത്തി നൽകി കാമുകൻ ഷാരോണിനെ ഗ്രീഷ്‌മ കൊലപ്പെടുത്തിയതെന്ന് പൊലീസ് കുറ്റപത്രം.

പ്രണയത്തിൽ നിന്ന് പിൻമാറാത്തതിന്റെ വിരോധത്തിൽ പാറശാല മുര്യങ്കര ജെ.പി ഹൗസിൽ ജയരാജ്- പ്രിയ ദമ്പതികളുടെ മകൻ ഷാരോൺരാജിനെ(23) കൊലപ്പെടുത്തിയ കേസിൽ ജില്ലാ ക്രൈംബ്രാഞ്ച് നെയ്യാറ്റിൻകര കോടതിയിൽ ഉടൻ കുറ്റപത്രം സമർപ്പിക്കും.

തമിഴ്നാട് നെയ്യൂർ ക്രിസ്‌ത്യൻ കോളേജിൽ രണ്ടാം വർഷ എം.എ വിദ്യാർത്ഥിനിയായിരുന്ന കളിയിക്കാവിള രാമവർമ്മൻചിറ ശ്രീധന്യയിൽ ഗ്രീഷ്മയാണ് (22) ഒന്നാം പ്രതി. തെളിവ് നശിപ്പിക്കുകയും കുറ്റകൃത്യത്തിന് കൂട്ടുനിൽക്കുകയും ചെയ്ത അമ്മ സിന്ധു, അമ്മാവൻ നിർമ്മൽകുമാർ എന്നിവരാണ് രണ്ടും മൂന്നും പ്രതികൾ. ഗ്രീഷ്മ അറസ്റ്റിലായി 90 ദിവസം പൂർത്തിയാകുംമുമ്പ് കുറ്റപത്രം സമർപ്പിച്ച് വിചാരണ ആരംഭിക്കുകയാണ് ലക്ഷ്യം.

നാഗർകോവിലിലെ സൈനികനുമായി വിവാഹം ഉറപ്പിച്ചിട്ടും ഷാരോൺ പിന്മാറാതെ വന്നതോടെയാണ് വധിക്കാൻ ശ്രമം തുടങ്ങിയത്. ജാതകദോഷം പറഞ്ഞ് ഒഴിവാക്കാൻ ശ്രമിച്ചെങ്കിലും ഷാരോൺ പിന്മാറിയില്ല. കോളേജിനോട് ചേർന്നുള്ള ആശുപത്രിയിലെ ശുചിമുറിയിൽ വച്ചായിരുന്നു അപകടപ്പെടുത്താൻ ആദ്യ ശ്രമം. മാംഗോ ജ്യൂസിൽ 50 ഡോളോ ഗുളികകൾ പൊടിച്ച് കലർത്തി നൽകിയപ്പോൾ കയ്‌പ് കാരണം ഷാരോൺ തുപ്പിക്കളഞ്ഞു. കുഴിത്തുറ പഴയ പാലത്തിൽ വച്ച് ജ്യൂസ് ചലഞ്ച് എന്ന പേരിലും ഗുളിക കലർത്തിയ ജ്യൂസ് നൽകി. രണ്ടും പരാജയപ്പെട്ടതോടെയാണ് കളനാശിനി കലർത്തിയ കഷായം നൽകി വകവരുത്തിയത്.

കൊലപാതകരീതി തി‌രഞ്ഞെടുക്കാൻ ഗ്രീഷ്മ നടത്തിയ ആയിരത്തോളം ഗൂഗിൾ സെർച്ചുകളുൾപ്പെടെ നിർണായക തെളിവുകൾ കുറ്റപത്രത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ആകാശവാണിയിൽ നടത്തിയ ശബ്‌ദപരിശോധനാ റിപ്പോർട്ടും ശേഖരിച്ച് കേസ് ശാസ്ത്രീയമായി തെളിയിക്കാനാണ് ശ്രമം.

ഇക്കഴിഞ്ഞ ഒക്ടോബർ 14നാണ് റെക്കാഡ് ബുക്ക് തിരികെ നൽകാനെന്ന വ്യാജേന ഷാരോണിനെ ഗ്രീഷ്മ വീട്ടിലേക്ക് വിളിച്ചുവരുത്തി വിഷം ചേർത്ത കഷായം നൽകിയത്. ഛർദ്ദിയും അസ്വസ്ഥതകളും കാട്ടിയ ഷാരോൺ പാറശാല ഗവ. ആശുപത്രിയിലും തിരുവനന്തപുരം മെഡിക്കൽ കോളേജിലും ദിവസങ്ങളോളം ചികിത്സയിൽ കഴിഞ്ഞു. ആന്തരികാവയവങ്ങളുടെ പ്രവർത്തനം നിലച്ച് ഒക്ടോബർ 25ന് മരണപ്പെട്ടു. ഗ്രീഷ്മയുടെ വീട്ടിൽ നിന്ന് ഛർദ്ദിച്ച് അവശനായാണ് ഷാരോൺ പുറത്തുവന്നതെന്ന സുഹൃത്ത് റെജിന്റെ വെളിപ്പെടുത്തലും ഗ്രീഷ്മയും ഷാരോണും തമ്മിലുള്ള വാട്ട്സ് ആപ് ചാറ്റുകളും ഫോൺ സംഭാഷണങ്ങളും കേസിൽ നിർണായകമാവും.

ഷാരോണിന്റെ മരണശേഷം കുടുംബം പാറശാല പൊലീസിൽ പരാതി നൽകിയെങ്കിലും വേണ്ടവിധം അന്വേഷിച്ചില്ല. പിന്നാലെ കേസ് ക്രൈംബ്രാഞ്ചിന് കൈമാറുകയും ഷാരോണിന്റെ വീട്ടുകാർ ഒട്ടേറെ തെളിവുകൾ പുറത്തുവിടുകയും ചെയ്തതോടെ അരുംകൊലയുടെ ചുരുളഴിഞ്ഞു. ജ്യൂസ് ചലഞ്ച്, വെട്ടുകാട് പള്ളിയിൽ നടത്തിയ വിവാഹം, തമിഴ്നാട് റിസോർട്ടിലെ ആഘോഷങ്ങൾ എന്നിവയുടെ തെളിവുകൾ ക്രൈംബ്രാഞ്ച് കണ്ടെത്തി. ഷാരോണിന്റെ ആന്തരികാവയവങ്ങളുടെ രാസപരിശോധനാഫലം, കഷായത്തിൽ കളനാശിനി കലർത്തിയതിന്റെ ശാസ്ത്രീയ പരിശോധനാഫലം എന്നിവ സഹിതമാണ് കുറ്റപത്രം സമർപ്പിക്കുന്നത്. 90 സാക്ഷികളുടെ മൊഴിയും കേസിൽ നിർണായകമാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA