SignIn
Kerala Kaumudi Online
Thursday, 25 April 2024 5.20 PM IST

ഭക്ഷ്യസുരക്ഷ ;സർക്കാർ പരാജയം

photo

എല്ലാ ദിവസവും ഭക്ഷ്യവിഷബാധയും അതേത്തുടർന്നുള്ള മരണങ്ങളും ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും റിപ്പോർട്ട് ചെയ്യപ്പെടുന്ന ഭീതിദമായ അവസ്ഥയിലാണ് സംസ്ഥാനം. ഭക്ഷ്യവിഷബാധ കാരണം ആറ് ദിവസത്തിനിടെ രണ്ട് മരണങ്ങളുണ്ടായത് ഞെട്ടിക്കുന്ന വസ്തുതയാണ്. സർക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും കെടുകാര്യസ്ഥതയാണ് വീടിന് പുറത്തിറങ്ങി ഭക്ഷണം കഴിക്കാനാകാത്ത അവസ്ഥയിലേക്ക് എത്തിച്ചത്. ഭക്ഷ്യസുരക്ഷ നടപ്പാക്കുന്നതിൽ സർക്കാർ പൂർണമായും പരാജയപ്പെട്ടു.

ഭക്ഷ്യസുരക്ഷ ഉറപ്പാക്കേണ്ട ഭക്ഷ്യസുരക്ഷാ വകുപ്പും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കേണ്ട ആരോഗ്യവകുപ്പും നോക്കുകുത്തികളായി. വാർത്തകളും പരാതികളും ഉണ്ടാകുമ്പോൾ മാത്രം പരിശോധനയ്ക്ക് ഇറങ്ങുന്ന രീതിയാണ് ഭക്ഷ്യസുരക്ഷാ വകുപ്പ് സ്വീകരിക്കുന്നത്. ഉമ്മൻചാണ്ടി സർക്കാരിന്റെ കാലം മുതൽക്കെ ദേശീയ ഭക്ഷ്യസുരക്ഷാ സൂചികയിൽ ഒന്നാം സ്ഥാനത്തായിരുന്ന കേരളം 2022ൽ ആറാംസ്ഥാനത്തേക്ക് തള്ളപ്പെട്ടതുതന്നെ സംസ്ഥാനത്തിന്റെ പരാജയമാണ് വ്യക്തമാക്കുന്നത്.

2004 ൽ സംസ്ഥാനത്ത് നിലവിൽവന്ന ഭക്ഷ്യസുരക്ഷാ നിയമത്തിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തുകയും ഭക്ഷ്യസുരക്ഷാവകുപ്പിന് എല്ലാ ജില്ലകളിലും സഞ്ചരിക്കുന്ന മൊബൈൽ ലാബ് ഉൾപ്പെടെയുള്ള സംവിധാനങ്ങൾ സജ്ജമാക്കുകയും ചെയ്തിട്ടുണ്ട്. അശാസ്ത്രീയവും അപ്രായോഗികവുമായ നടപടിക്രമങ്ങളാണ് വകുപ്പിൽ നടക്കുന്നത്. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥൻ സ്റ്റാറ്റ്യൂട്ടറിയായി പ്രതിമാസം രണ്ട് സാമ്പിൾ മാത്രം എടുത്താൽ മതിയെന്നതാണ് നിലവിലെ നിർദ്ദേശം. അതിൽ കൂടുതൽ നോൺ സ്റ്റാറ്റ്യൂട്ടറി സാമ്പിളുകൾ ശേഖരിച്ചാൽ നിയമപരിരക്ഷ ലഭിക്കില്ല. അതായത് നോൺ സ്റ്റാറ്റ്യൂട്ടറി സാമ്പിളിൽ വിഷാംശം കണ്ടെത്തിയാലും നിയമനടപടികൾ സ്വീകരിക്കാനാകില്ല.

അതത് ജില്ലകളിലുള്ള ഉദ്യോഗസ്ഥരാണ് ഹോട്ടലുകളിൽ പരിശോധന നടത്തുന്നത്. ഇതും അപ്രായോഗികവും അശാസ്ത്രീയവുമാണ്. ഉദ്യോഗസ്ഥരുമായുള്ള വ്യാപാരികളുടെ സൗഹൃദവും പരിചയവും പരിശോധനയുടെ ഉദ്ദേശ്യശുദ്ധി ഇല്ലാതാക്കുകയും അഴിമതിക്ക് കളമൊരുക്കുകയും ചെയ്യും. പരിഹാരമായി മറ്റ് ജില്ലകളിലെ ഉദ്യോഗസ്ഥരെ പരിശോധനയ്ക്ക് നിയോഗിക്കുന്ന ഇന്റർഡിസ്ട്രിക്ട് സ്‌ക്വാഡുകൾ ഭക്ഷ്യസുരക്ഷാവകുപ്പിൽ ഉണ്ടായിരുന്നു. കഴിഞ്ഞ യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് ഇത് ഫലപ്രദമായി നടപ്പാക്കിയതുമാണ്.

ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ പൂട്ടിക്കുന്ന ഹോട്ടലുകൾ തുറക്കുന്നത് സംബന്ധിച്ച് ഭക്ഷ്യസുരക്ഷാ കമ്മിഷണർ നടപടിയെടുക്കണമെന്നാണ് സർക്കാരിന്റെ മറ്റൊരു അശാസ്ത്രീയ നിർദ്ദേശം. എല്ലാ ജില്ലകളിലുമുള്ള ഹോട്ടലുകളും ഭക്ഷണശാലകളും പരിശോധിച്ച് ഭക്ഷ്യസുരക്ഷാ കമ്മിഷണർ തീരുമാനം കൈക്കൊള്ളുന്നതിൽ എന്ത് പ്രായോഗികതയാണുള്ളത്? യു.ഡി.എഫ് സർക്കാരിന്റെ കാലത്തുണ്ടായിരുന്ന രീതിയനുസരിച്ച് ജില്ലാ കളക്ടർ, ജില്ലാ മെഡിക്കൽ ഓഫീസർ, ഭക്ഷ്യസുരക്ഷാ വകുപ്പ് എന്നിവരുടെ പ്രതിനിധികൾ ഉൾപ്പെട്ടിരുന്ന ജില്ലാതല കമ്മിറ്റിയാണ് തീരുമാനമെടുത്തിരുന്നത്. പ്രായോഗികമായ ഈ രീതിയും സർക്കാരും ആരോഗ്യവകുപ്പും അട്ടിമറിച്ചു.

പരിശോധനാ സ്‌ക്വാഡുകൾക്ക് പുറമെ 24 മണിക്കൂറും പ്രവർത്തിക്കുന്ന ക്വിക്ക് റെസ്‌പോൺസ് സ്‌ക്വാഡു (QRT) കളുടെ പ്രവർത്തനവും സർക്കാർ അവസാനിപ്പിച്ചു. ഈ സ്‌ക്വാഡ് ഏത് സമയത്തും പരിശോധന നടത്തി ഹോട്ടലുകളിൽ മത്സ്യവും മാംസവും സൂക്ഷിക്കുന്ന ഫ്രീസറുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ രാത്രിയിലും പ്രവർത്തനസജ്ജമാണോ എന്ന് പരിശോധിക്കുമായിരുന്നു. ക്വിക്ക് റെസ്‌പോൺസ് സ്‌ക്വാഡുകളെ നിർജീവമാക്കിയതോടെ ഈ പരിശോധനയും നിലച്ചു. സംസ്ഥാനത്തേക്ക് കൊണ്ടുവരുന്ന മത്സ്യവും മാംസവും പാലും പച്ചക്കറികളും പരിശോധിക്കാൻ ആര്യങ്കാവ്, അമരവിള, വാളയാർ, മുത്തങ്ങ എന്നിവിടങ്ങളിൽ സ്ഥിരം ചെക്ക് പോസ്റ്റുകളും ഓഫീസ് സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടും അത് ഉദ്യോഗസ്ഥലോബി അട്ടിമറിച്ചു.

സംസ്ഥാനത്ത് ഭക്ഷണം പരിശോധിക്കാനുള്ള എൻ.എ.ബി.എൽ അനലറ്റിക്കൽ ലാബുകൾ സജ്ജമാണെങ്കിലും ഭക്ഷണപദാർത്ഥങ്ങളിലെ രാസപരിശോധന മാത്രമാണ് കുറച്ചെങ്കിലും നടത്തുന്നത്. എന്നാൽ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന പദർത്ഥങ്ങൾ കണ്ടെത്തണമെങ്കിൽ മൈക്രോ ബയോളജി പരിശോധന നടത്തേണ്ടതുണ്ട്. മൈക്രോ ബയോളജി സംവിധാനങ്ങൾ ഒരുക്കാനായി കേന്ദ്ര സർക്കാർ മൂന്നുകോടി രൂപ നൽകിയെങ്കിലും ഒരു വർഷമായിട്ടും വിനിയോഗിക്കാൻ സംസ്ഥാനം തയാറായിട്ടില്ല. അതുകൊണ്ടുതന്നെ ഭക്ഷ്യവിഷബാധയുമായി ബന്ധപ്പെട്ട ക്രിമിനൽ കേസുകളിൽ മതിയായ തെളിവുകൾ ഹാജരാക്കാനാകാത്ത അവസ്ഥയാണ്.

യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് രൂപീകരിച്ച സംയുക്ത പരിശോധന സംവിധാനവും അനിശ്ചിതത്വത്തിലാക്കി. ഭക്ഷ്യസുരക്ഷാ വകുപ്പിൽ ഉദ്യോഗസ്ഥരുടെ അഭാവമുണ്ടെങ്കിൽ അത്തരം സ്ഥലങ്ങളിൽ ആരോഗ്യവകുപ്പിലെയും തദ്ദേശസ്ഥാപനങ്ങളിലെയും ഹെൽത്ത് ഇൻസ്‌പെക്ടർമാരുടെ സേവനം കൂടി ലഭ്യമാക്കണം. എവിടെയും ആർക്കും ഹോട്ടലുകൾ ആരംഭിക്കാവുന്ന അവസ്ഥയാണ് . പാചകത്തിന് ആവശ്യമായ വെള്ളം എവിടെനിന്നാണ് എത്തിക്കുന്നത് എന്നതിനെക്കുറിച്ചും മാലിന്യ നിർമാർജ്ജനത്തെക്കുറിച്ചും ഹോട്ടൽ ജീവനക്കാർക്ക് നിയമാനുസൃതമായ ഹെൽത്ത് കാർഡുകൾ ഉണ്ടോയെന്നും ഉദ്യോഗസ്ഥർ അന്വേഷിക്കാറില്ല. അന്വേഷിക്കാറില്ല.

അത്യാഹിതങ്ങൾ ഉണ്ടാകുമ്പോൾ മാത്രം പരിശോധനകൾ കർശനമാക്കാതെ ശാസ്ത്രീയവും പ്രായോഗികവുമായ നടപടികളിലൂടെ ഭക്ഷ്യസുരക്ഷാ വകുപ്പിനെ പ്രവർത്തനസജ്ജമാക്കിയാലേ ഭക്ഷ്യസുരക്ഷ ഉറപ്പാക്കാനാകൂ. ഗുരുതരമായ അവസ്ഥ മറികടക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: VD SATHEESAN
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.