കൊച്ചി: കേരളത്തിലും തമിഴ്‌നാട്ടിലും സ്‌ഫോടനങ്ങൾ നടത്താൻ കണ്ണൂരിലെ കനകമലയിൽ രഹസ്യയോഗം ചേർന്ന് തീരുമാനമെടുത്തെന്ന തീവ്രവാദക്കേസിൽ പ്രതിയായ കോഴിക്കോട് സ്വദേശി മുഹമ്മദ് പോളക്കാനിക്ക് (27) എറണാകുളത്തെ പ്രത്യേക എൻ.ഐ.എ കോടതി ഏഴു വർഷം കഠിന തടവും മൂന്നു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു. കേസിൽ കുറ്റസമ്മതം നടത്തിയതോടെയാണ് കോടതി ശിക്ഷ വിധിച്ചത്. വിവിധ വകുപ്പുകളിലായി 38 വർഷം ശിക്ഷ വിധിച്ചിട്ടുണ്ടെങ്കിലും ഒരുമിച്ച് അനുഭവിച്ചാൽ മതിയെന്നതിനാൽ ഏഴു വർഷമായി കുറയും. കേസിലെ ആറു പ്രതികളെ വിചാരണക്കോടതി നേരത്തെ ശിക്ഷിച്ചിരുന്നു.
2016 ഒക്ടോബർ രണ്ടിന് പ്രതികൾ കനകമലയിൽ ഒത്തുചേർന്ന് ഗൂഢാലോചന നടത്തിയെന്നാണ് കേസ്. യു.എ.പി.എ ചുമത്തിയ കേസിൽ 2019 നവംബറിൽ കൂട്ടുപ്രതികൾ വിചാരണ നേരിട്ടപ്പോൾ മുഹമ്മദ് പോളക്കാനി വിദേശത്തായിരുന്നു. ഐസിസിൽ ചേരാനായി ജോർജിയ വഴി തുർക്കിയിലേക്കും അവിടെ നിന്ന് സിറിയയിലേക്കും കടക്കാൻ ശ്രമിക്കുന്നതിനിടെ ജോർജിയൻ പൊലീസിന്റെ പിടിയിലായി. അവർ തുടർന്ന് ഇന്ത്യയിലേക്ക് മടക്കി അയച്ചതോടെ 2020 സെപ്തംബറിലാണ് ഇയാൾ അറസ്റ്റിലായത്. ഭീകര സംഘടനയിൽ അംഗമാവുക, സംഘടനയിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുക തുടങ്ങിയ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിട്ടുള്ളത്. മുഹമ്മദ് പോളക്കാനിയെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് മാറ്റാനും നിർദ്ദേശിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |