തിരുവനന്തപുരം: വരാൻ പോകുന്ന ലോക്‌സഭാ തിരഞ്ഞെടുപ്പിലെയും അതിന് പിന്നാലെവരുന്ന തദ്ദേശ തിരഞ്ഞെടുപ്പിലെയും കടമ്പ കടക്കുകയാണ് കോൺഗ്രസിന്റെ ഇപ്പോഴത്തെ ലക്ഷ്യമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. ശശി തരൂർ മുഖ്യമന്ത്രിയാകാൻ യോഗ്യനാണ്... അതിനർത്ഥം മറ്റാരും അതിന് യോഗ്യനല്ല എന്നല്ലെന്നും മുരളീധരൻ വ്യക്തമാക്കി. ഭൂരിപക്ഷം കിട്ടിയിട്ട് ആര് എന്ന ചർച്ചയ്‌ക്ക് ഇപ്പോൾ പ്രസക്തിയില്ല. മൂന്നേകാൽ വർഷത്തിന് ശേഷം ഇലക്ഷൻ കഴിഞ്ഞ് എംഎൽഎമാരുടെ അഭിപ്രായമറിഞ്ഞാണ് പാർട്ടി നേതാവിനെ നിശ്ചയിക്കുക. ആ രീതിയ്‌ക്ക് മാറ്റമുണ്ടാകുമെന്ന് കരുതുന്നില്ലെന്ന് മുരളീധരൻ പറഞ്ഞു.
ഒരു നേതാവിനെ പ്രൊജക്‌ട് ചെയ്‌ത് പാർട്ടി മുന്നോട്ട് പോകാറില്ല. ഒരു കോൺഗ്രസ് നേതാവിനെ എല്ലാ മതനേതാക്കളും ഒരുപോലെ കാണുന്നത് നല്ലതാണ്. എല്ലാവരും നിയമസഭ എന്ന് പറയുമ്പോൾ ലോക്‌സഭയിലേക്ക് മത്സരിച്ചാൽ ജയിക്കില്ല എന്ന ഫീലുണ്ട്. അതിനാലാണ് സിറ്റിംഗ് സീറ്റിൽ മത്സരിക്കാമെന്ന് പറഞ്ഞത്. എല്ലാവരും നിയമസഭ എന്ന് പറയുമ്പോൾ അത് തെറ്റായ സന്ദേശമാണ് നൽകുന്നത്. പാർട്ടി ബ്ളോക്ക് കമ്മിറ്റികൾ ഉടച്ചുവാർത്ത് താഴെത്തട്ടിൽ പാർട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിക്കുന്നതെന്ന് മുരളീധരൻ പറഞ്ഞു.
അതേസമയം ആർക്കും മുഖ്യമന്ത്രി സ്ഥാനം ആഗ്രഹിക്കാമെന്നും തനിക്കും ആഗ്രഹിച്ചുകൂടേയെന്നും എറണാകുളം എംപി ഹൈബി ഈഡൻ ചോദിച്ചു. തിരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥികളെ തീരുമാനിക്കുന്നത് പാർട്ടിയാണെന്നും ഇപ്പോൾ അതിന് അഭിപ്രായം പറയാൻ സമയമായിട്ടില്ലെന്നും ഹൈബി കൂട്ടിച്ചേർത്തു.
കഴിഞ്ഞദിവസങ്ങളിൽ ശശി തരൂരും ടി.എൻ പ്രതാപനും രാജ്‌മോഹൻ ഉണ്ണിത്താനുമടക്കം എംപിമാർ നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുളള തങ്ങളുടെ ആഗ്രഹം പരസ്യമാക്കിയിരുന്നു. തുടർന്ന് മാദ്ധ്യമ ചർച്ചയായതിന് പിന്നാലെയാണ് കൂടുതൽ നേതാക്കൾ വിഷയത്തിൽ പ്രതികരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |